Sorry, you need to enable JavaScript to visit this website.

മോഡിയും ഷായും തന്ത്രങ്ങളില്‍ കൃഷ്ണനും അര്‍ജുനനും തന്നെ- രജനീകാന്ത്

ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തര മന്ത്രി അമിത്ഷായേയും കൃഷ്ണനും അര്‍ജുനനുമായി ഉപമിച്ചത് കശ്മീര്‍ വിഷയത്തില്‍ അവര്‍ കാണിച്ച തന്ത്രജ്ഞത കണക്കിലെടുത്താണെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീ കാന്ത്.

മഹാഭാരത യുദ്ധത്തില്‍ കൗരവര്‍ക്കെതിരെ പാണ്ഡവര്‍ക്ക് വിജയം സമ്മാനിച്ചത് കൃഷ്ണന്റേയും അര്‍ജുന്റേയും മുഖ്യ റോളാണ്. കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കി വിഭജിക്കുന്നതില്‍ ഒരാള്‍ പദ്ധതിയുമായി വരികയും മറ്റൊരാള്‍ നടപ്പാക്കുകയുമാണ് ചെയ്തത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നമാണ് കശ്മീര്‍. രാജ്യത്തേക്ക് തീവ്രവാദികളുടേയും ഭീകരവാദികളുടേയും നുഴഞ്ഞുകയറ്റത്തിനുള്ള പ്രവേശന കവാടമായിരുന്നു അത്.
വളരെ തന്ത്രപരമായാണ് കേന്ദ്ര നടപടികള്‍ നീക്കിയത്.
ആദ്യം നിരോധനാജ്ഞ പുറപ്പെടുവിച്ചു. തുടര്‍ന്ന് പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കി. പിന്നീട് ബില്‍ ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ കൊണ്ടുവന്ന് പാസാക്കി. തുടര്‍ന്നാണ് ലോക്‌സഭയിലെത്തിയത്- ഇത് ഒന്നാന്തരം തന്ത്രജ്ഞതയാണ്- രജനീകാന്ത് പറഞ്ഞു.
ബില്ലുകള്‍ പാസാക്കുന്നതിന് മുമ്പ് ചര്‍ച്ചയാക്കിയിരുന്നുവെങ്കില്‍ കാശ്മീരിലെ വിഘടനവാദികള്‍ അത് ഇല്ലാതാക്കുമായിരുന്നു. രാഷ്ട്രീയവല്‍ക്കരിക്കാവുന്നതും അല്ലാത്തതുമായ വിഷയങ്ങള്‍ വേര്‍തിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തയാറാകണമെന്നും രജനീകാന്ത് പറഞ്ഞു.

 

Latest News