Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ മടക്കം: ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ 12,000 ജീവനക്കാര്‍

ജിദ്ദ - ഹജ് കർമം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്ന തീർഥാടകരുടെ സേവനങ്ങൾക്ക് ജിദ്ദ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലും മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും 12,000 ജീവനക്കാർ സേവനമനുഷ്ഠിക്കുന്നു. ജിദ്ദ എയർപോർട്ടിൽ വിവിധ വകുപ്പുകൾക്കു കീഴിൽ 7000 പേരും മദീന വിമാനത്താവളത്തിൽ 5000 പേരുമാണ് സേവനമനുഷ്ഠിക്കുന്നത്. 


തീർഥാടകരെ സ്വീകരിക്കുന്നതിനും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും മടക്ക സർവീസുകൾ സുഗമമാക്കുന്നതിനും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സമഗ്ര പദ്ധതി തയാറാക്കിയിട്ടുണ്ട്. 
14 ടെർമിനലുകൾ അടങ്ങിയ ജിദ്ദ എയർപോർട്ട് ഹജ് ടെർമിനൽ അവസാനത്തെ ഹജ് മടക്ക സർവീസും പൂർത്തിയാകുന്നതു വരെ മുഹർറം 15 വരെ പ്രവർത്തിപ്പിക്കും. ഒമ്പതര ലക്ഷത്തോളം ഹാജിമാർ ജിദ്ദ എയർപോർട്ട് വഴി സ്വദേശങ്ങളിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഇക്കൂട്ടത്തിൽ മൂന്നു ലക്ഷം പേർ ആദ്യ വാരത്തിൽ തന്നെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകും. 

ഹജ് തീർഥാടകരെ സ്വീകരിക്കുന്നതിന് മദീന വിമാനത്താവളത്തിലെ മൂന്നു ടെർമിനലുകൾ സജ്ജീകരിച്ചിട്ടുണ്ട്. ദുൽഹജ് 15 മുതൽ മുഹറം 15 വരെയുള്ള ഒരു മാസക്കാലത്ത് മദീന എയർപോർട്ട് വഴി 3000 ഓളം ഹജ് സർവീസുകൾ നടക്കും. ഹജ് ടെർമിനലുകൾക്കു പുറമെ അന്താരാഷ്ട്ര ടെർമിനലും തീർഥാടകരുടെ മടക്കയാത്രക്ക് പ്രയോജനപ്പെടുത്തും. ജിദ്ദ എയർപോർട്ടിൽ ഹാജിമാരുടെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ 114 എയർലൈൻസ് കൗണ്ടറുകളും 208 ജവാസാത്ത് കൗണ്ടറുകളുമുണ്ട്. 
18 കവാടങ്ങളും 10 കൺവെയർ ബെൽറ്റുകളും ഇവിടെയുണ്ട്. 100 ബസുകൾ നിർത്തിയിടാൻ വിശാലമായ പാർക്കിംഗും ഒരേസമയം 26 വിമാനങ്ങൾ നിർത്തിയിടാൻ വിശാലമായ ടാർമാകും ജിദ്ദ എയർപോർട്ടിലുണ്ട്. 


മദീന വിമാനത്താവളത്തിൽ ഹാജിമാരുടെ യാത്രാ നടപടികൾ പൂർത്തിയാക്കാൻ 104 എയർലൈൻസ് കൗണ്ടറുകളും 60 ജവാസാത്ത് കൗണ്ടറുകളുമാണുള്ളത്. വിമാനങ്ങളുമായി എയ്‌റോ ബ്രിഡ്ജിൽ ബന്ധിപ്പിച്ച 24 കവാടങ്ങളും വിമാനങ്ങൾക്കും ടെർമിനലുകൾക്കും ഇടയിൽ യാത്രക്കാരുടെ നീക്കങ്ങൾക്ക് മറ്റു ഒമ്പതു കവാടങ്ങളും 250 ബസുകൾ നിർത്തിയിടാൻ വിശാലമായ പാർക്കിംഗും തീർഥാടകർക്ക് വിശ്രമിക്കാൻ 10,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഏരിയയും മദീന എയർപോർട്ടിലുണ്ട്.
 

Latest News