Sorry, you need to enable JavaScript to visit this website.

ഇന്ത്യ സാഹസത്തിനു മുതിര്‍ന്നാല്‍ തക്ക മറുപടി നല്‍കും -ഇംറാന്‍ ഖാന്‍

മുസഫറാബാദ്- പാക്കധീന കശ്മീരില്‍ സാഹസത്തിനു മുതിര്‍ന്നാല്‍ തക്ക മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ സജ്ജമാണെന്ന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. അതിക്രമത്തിനു മുതിര്‍ന്നാല്‍ തിരിച്ചടി നല്‍കുമെന്നും ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനി കശ്മീരില്‍ എന്തെങ്കിലും ചെയ്യാന്‍ ഇന്ത്യ പദ്ധതിയിട്ടിരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിന് വ്യക്തമായ വിവരങ്ങള്‍  ലഭിച്ചിട്ടുണ്ട്.  അങ്ങനെ സംഭവിച്ചാല്‍ ശക്തമായ മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ സൈന്യം സജ്ജമായിരിക്കയാണ്  -പാക്കിസ്ഥാന്‍ കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദില്‍ തത്സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ലംഘനം നടത്തിയാല്‍ അവസാനം വരെ പോരാടാന്‍ തന്നെയാണ് തീരുമാനം -അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇംറാന്‍ ഖാന്‍ മുസഫറാബാദില്‍ എത്തിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പ്രശ്‌നം അന്താരാഷ്ട്ര വേദിയില്‍ ഉന്നയിക്കുമെന്നും നിയമ പോരാട്ടം തുടരുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു. പാക്കധീന കശ്മീരിന്റെ കാര്യം ഒരിക്കലും വിസ്മരിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മന്ത്രിമാരും പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ ഇന്ത്യ സൈനിക നടപടിക്ക് ഒരുങ്ങുമെന്ന അഭ്യൂഹം പാക്കിസ്ഥാന്‍ പ്രചരിപ്പിക്കുന്നത്.
കശ്മീരില്‍ ഇന്ത്യ കൈക്കൊണ്ട നിയമ വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍   അടിയന്തര സമ്മേളനം വിളിക്കണമെന്ന് പാക്കിസ്ഥാന്‍ യു.എന്‍  രക്ഷാ സമിതിയോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു. കശ്മീര്‍ പ്രഖ്യാപനത്തിനു ശേഷം പാക്കിസ്ഥാന്‍ ഇന്ത്യന്‍ അംബാസഡറെ പുറത്താക്കുകയും ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവെക്കുകയും ട്രെയിന്‍, ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു. അതേസമയം, ഇനിയും കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

 

Latest News