ഇന്ത്യയും ചൈനയും വികസ്വര രാജ്യങ്ങളല്ലെന്ന് ട്രംപ്; അനര്‍ഹമായ ആനുകൂല്യങ്ങള്‍ പാടില്ല

വാഷിംഗ്ടണ്‍- ഇന്ത്യയും ചൈനയും ഇപ്പോള്‍ വികസ്വര രാജ്യങ്ങളല്ലെന്നും ലോക വ്യാപാര സംഘടനയില്‍നിന്ന് അവര്‍ ഈ പദവി ഉപയോഗിച്ച് മുതലെടുക്കുകയാണെന്നും  യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് ഇനിയും തുടരാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.  
ആദ്യം അമേരിക്ക എന്ന നയം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്ന ട്രംപ് വളരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തിയതിന് ഇന്ത്യയെ നിശിതമായി വിമര്‍ശിക്കുന്നത് തുടരുകയാണ്. താരിഫ് രാജാവെന്നാണ് ഇന്ത്യക്ക് നല്‍ുന്ന വിശേഷണം.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ശിക്ഷാ നടപടിയെന്നോണം നികുതി വര്‍ധിപ്പിച്ചത് ഇരു രാജ്യങ്ങള്‍ തമ്മില്‍ വ്യാപാര യുദ്ധത്തിന് കാരണമായിരുന്നു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ചൈനയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കയാണ്.
വികസ്വര രാജ്യ പദവി എങ്ങനെ നിര്‍ണയിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ ട്രംപ് ലോക വ്യാപാര സംഘടനയോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു.
ആഗോള വ്യാപാര നിയമങ്ങള്‍ക്കനുസൃതമായി പ്രത്യേക ഇളവുകള്‍ ലഭിക്കുന്ന ചൈന, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യു.എസ് പ്രസിഡന്റിന്റെ ഈ നീക്കം.
ലോക വ്യാപാര സംഘടനയുടെ പഴുതുകളിലൂടെ നേട്ടങ്ങള്‍ കൈക്കലാക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ട്രംപ് യു.എസ് ട്രേഡ് റെപ്രസന്റേറ്റീവിനെ (യു.എസ്.ടി.ആര്‍) അധികാരപ്പെടുത്തിയിരുന്നു.
ഏഷ്യയില്‍ നിന്നുള്ള രണ്ട് സാമ്പത്തിക ഭീമന്മാരായ ഇന്ത്യയും ചൈനയും ഇപ്പോള്‍ വികസ്വര രാജ്യങ്ങളല്ലെന്നും അതിനാല്‍ ഡബ്ല്യു.ടി.ഒയുടെ ആനുകൂല്യം അവര്‍ക്ക് നേടാനാവില്ലെന്നും ചൊവ്വാഴ്ച പെന്‍സില്‍വാനിയയില്‍ നടന്ന സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.
രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്ന അന്തര്‍ സര്‍ക്കാര്‍ സ്ഥാപനമാണ് ജനീവ ആസ്ഥാനമായുള്ള ആഗോള വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ).
ഡബ്ല്യു.ടി.ഒ അമേരിക്കയോട് നീതിപൂര്‍വം പെരുമാറുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ വളര്‍ച്ച കൈവരിക്കുന്നത് ലോക വ്യാപാര സംഘടന കാണണം. അവര്‍ വളര്‍ന്നു കഴിഞ്ഞു. ഡബ്ല്യു.ടി.ഒയുടെ പ്രയോജനം നേടാന്‍ അത്തരം രാജ്യങ്ങളെ യു.എസ് അനുവദിക്കില്ല. ഞങ്ങളല്ല, എല്ലാവരും വളരുകയാണ് -ട്രംപ് പറഞ്ഞു.

 

 

Latest News