ന്യൂദല്‍ഹി- കശ്മീരില്‍ വസ്തുതാ പഠനം നടത്തിയ സംഘത്തെ തെളിവുകള്‍ പുറത്തുവിടാന്‍ ദല്‍ഹി പ്രസ് ക്ലബ് ഭാരവാഹികള്‍ അനുവദിച്ചില്ല. സംഘര്‍ഷത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിനും കാരണമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഭാരവാഹികളായ മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ ഈ നിലപാട് സ്വീകരിച്ചത്.
ജമ്മു കശ്മീരിന് പ്രത്യക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 നീക്കയതിനു പിന്നാലെയാണ് ദല്‍ഹിയില്‍ നിന്നുള്ള സംഘം സംസ്ഥാനത്ത് വസ്തുത പഠനം നടത്തിയത്.
ഓഗസ്റ്റ് ഒമ്പതു മുതല്‍ അഞ്ചു ദിവസം കശ്മീരില്‍ തങ്ങിയാണ് ഇവര്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചത്. കശ്മീര്‍ ജനത തങ്ങളുടെ ബുദ്ധിമുട്ടുകളും ദുരിതങ്ങളും വിവരിക്കുന്ന ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ കേള്‍പ്പിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും ഇന്നലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
സാമ്പത്തിക വിദഗ്ധനായ ജീന്‍ ഡെറെസ്, സി.പി.ഐ.എംഎല്‍ പ്രതിനിധി കവിത കൃഷ്ണന്‍, ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രതിനിധി മൈമൂന മൊല്ല, നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്‌സ് പ്രതിനിധി വിമല്‍ ഭായ് എന്നിവരാണ് കശ്മീരില്‍ വസ്തുത പഠനം നടത്തിയത്.
എന്നാല്‍, സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ക്ലബ് ഓഫ് ഇന്ത്യക്ക് പലവിധ പരിമിതികളുണ്ടെന്നാണ് ഭാരവാഹികളുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. വീഡിയോ പ്രദര്‍ശനം നടക്കുകയും തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയും ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരുടെ ഒത്തൊരുമയ്ക്കുള്ള കേന്ദ്രമായ പ്രസ് ക്ലബ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ദല്‍ഹി പോലീസിന്റെ നിരന്തര നിരീക്ഷണവും സാന്നിധ്യവുമുള്ള സ്ഥലമായി മാറുമായിരുന്നുവെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റ് ഒമ്പതിന് സംഘം കശ്മീരിലെത്തിയപ്പോള്‍ കര്‍ഫ്യൂവിന്റെ ആഘാതത്തിലായിരുന്നു സംസ്ഥാനം. ശ്രീനഗറിലെ തെരുവുകള്‍ കാലിയായിരുന്നു. കടകളും സ്‌കൂളുകളും ലൈബ്രറികളും പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടഞ്ഞു കിടന്നു. പോലീസ് സ്‌റ്റേഷനുകളും ഏതാനും എ.ടി.എമ്മുകളും മാത്രമാണ് തുറന്നു കിടന്നത്. കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മിക്കവാറും അടിസ്ഥാന രഹിതമായിരുന്നു. അഞ്ചു ദിവസം ശ്രീനഗറിലും മറ്റു ടൗണുകളിലുമായി സഞ്ചരിച്ച സംഘം കശ്മീരി പണ്ഡിറ്റുകളുമായും സിക്കു വിഭാഗങ്ങളുമായും കശ്മീരി മുസ്ലിംകളുമായും സംസാരിച്ചു വിവരങ്ങള്‍ ശേഖരിച്ചു. കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചു സംസാരിച്ച ബി.ജെ.പി വക്താവ് ഒഴികെ മറ്റു സാധാരണ ജനങ്ങളാരും തന്നെ ജമ്മു കശ്മീരിനെ വിഭജിച്ചു കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിനെ അനുകൂലിച്ചില്ലെന്നും വസ്തുതാ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
കശ്മീരില്‍ നിലവിലെ സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷം ഉണ്ട്. ഇത് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ കര്‍ഫ്യൂ ഉള്‍പ്പടെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കര്‍ഫ്യൂ കശ്മീരിന്റെ സാമ്പത്തിക അവസ്ഥ തന്നെ അവതാളത്തിലാക്കിയിരിക്കുന്നുവെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
വസ്തുതാ പഠന സംഘം സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിന് ഇരയായ രണ്ടു യുവാക്കളെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വഖര്‍ അഹമ്മദ്, വാഹിദ് എന്നീ ചെറുപ്പക്കാരുടെ മുഖമുള്‍പ്പെടെ ശീരരമാസകലം പെല്ലറ്റ് പതിച്ചുണ്ടായ മുറിവുകളാണ്. മൂത്രനാളിയില്‍ കൂടി പോലും രക്തം വരുന്ന അവസ്ഥയാണ്. സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് ഇവര്‍ക്കെതിരേ പെല്ലെറ്റ് ആക്രമണം ഉണ്ടായതെന്നാണ് പഠന സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓഗസ്റ്റ് ആറിന് കശ്മിരിലെ പ്രധാന പത്രമായ റൈസിംഗ് കശ്മീരിന്റെ ഗ്രാഫിക് ഡിസൈനറായ സാമിര്‍ അഹമ്മദിന് നേര്‍ക്ക് സി.ആര്‍.പി.എഫുകാര്‍ നടത്തിയ വെടിവെപ്പില്‍ അയാളുടെ മുഖത്തും ശരീരത്തിലുമായി 172 പെല്ലറ്റുകളാണ് പതിച്ചത്.
അറുന്നൂറോളം വരുന്ന രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും വീട്ടു തടങ്കലില്‍ ആണ്. സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറിലെ വസതിയില്‍ എത്തി കാണാന്‍ ശ്രമിച്ചെങ്കിലും സംഘത്തിന് അനുമതി ലഭിച്ചില്ല. സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പടെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി മര്‍ദിക്കുകയാണെന്നാണ് പ്രദേശവാസികളില്‍നിന്ന് ലഭിച്ച വിവരങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കശ്മീരില്‍ നിന്നുള്ള പത്രങ്ങളുടെയും ചാനലുകളുടെയും പ്രവര്‍ത്തനം ഈ ദിവസങ്ങളില്‍ പൂര്‍ണമായും നിലച്ച നിലയിലാണ്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കശ്മീരിലെത്തിയ സംഘത്തെ ബി.ജെ.പി വക്താവ് അശ്വിനികുമാര്‍ ച്രുംഗു നിങ്ങളെ പോലുള്ള രാജ്യവിരുദ്ധരെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിരട്ടിയതായും പറയുന്നു.
വസ്തുതാ പഠന റിപ്പോര്‍ട്ടും കശ്മീരിലെ സാധാരണ ജനങ്ങളില്‍നിന്ന് നേരിട്ടു ശേഖരിച്ച സാക്ഷ്യങ്ങളും ഉള്‍പ്പടെ ദൃശ്യങ്ങളും ശബ്ദ രേഖകളും പുറത്തു വിടാനാണ് നാലംഗ പഠന സംഘം ദല്‍ഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. എന്നാല്‍, പത്രസമ്മേളനത്തിനിടെ ദല്‍ഹിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പ്രസ് ക്ലബ് ഭാരവാഹികള്‍ തന്നെ ഇടപെട്ട് വീഡിയോ പ്രദര്‍ശനവും മറ്റും തടയുകയായിരുന്നു. പത്രസമ്മേളനം നടക്കുമ്പോള്‍ ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പടെ പ്രസ് ക്ലബിനകത്തും പുറത്തും വന്‍ പോലീസ് സാന്നിധ്യമുണ്ടായിരുന്നു.






