Sorry, you need to enable JavaScript to visit this website.

പ്രകൃതിക്ഷോഭത്തിലെ  നവമാധ്യമ ദുരന്തങ്ങൾ 

കാലാവസ്ഥാ വ്യതിയാനം കൊണ്ട് പരിസ്ഥിതിയുടെ ഗതിവിഗതിയിൽ ഏറ്റക്കുറച്ചിലുകൾ ഏറെ അനുഭവിക്കുന്ന കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ പെയ്യുന്ന മഴയുടെ അളവിൽ ഗണ്യമായ വ്യതിയാനം സംഭവിച്ചിരിക്കുന്നു. പ്രകൃതിക്ക് മേൽ വരുത്തിയ മനുഷ്യ നിർമിത മാറ്റങ്ങൾ ഇതിനൊരു കാരണമാണ്. ഈ കാലവർഷത്തിൽ ഏറ്റവും കൂടുതൽ ജീവഹാനിയും നാശനഷ്ടങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് ഉരുൾപൊട്ടലിലും മലയിടിച്ചിലിലുമാണ്. പൊതുവെ ദുർബലമായ പശ്ചിമഘട്ടത്തിൽ നടത്തുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾ, വെട്ടിനശിപ്പിക്കുന്ന വനപ്രദേശങ്ങൾ, കരിങ്കൽ ഖനനം എന്നിവ മലനിരകളെ ദുർബലമാക്കുകയും മഴ പെയ്ത് മേൽമണ്ണിൽ ജലം നിറയുമ്പോൾ അത് ഉരുൾപൊട്ടലായി നാശം വിതക്കുകയും ചെയ്യുന്നു. മലനിരകളെ സംരക്ഷിച്ചു നിർത്തുമായിരുന്ന വനവൃക്ഷങ്ങൾ വെട്ടിമാറ്റിയതിലൂടെ പ്രകൃതിയിലെ വിസ്‌ഫോടനങ്ങൾക്ക് വഴിയൊരുക്കി. ലോകത്തിൽ ഒരിടത്തും കാലാവസ്ഥ ഒരേപോലെ വളരെക്കാലം ഉണ്ടാകില്ല. ഭൂപ്രകൃതിയിൽ പ്രകൃത്യാ ഉണ്ടാകുന്ന മാറ്റങ്ങൽമൂലം വ്യതിയാനമുണ്ടാകുന്നു.
കലിതുള്ളിയെത്തിയ പേമാരിയും കുത്തിയൊലിച്ച വെള്ളപ്പൊക്കവും വീശിയടിച്ച കാറ്റും കേരളത്തെ വീണ്ടും ആശങ്കയിലാഴ്ത്തി. ഏഴു ജില്ലയിൽ ഉരുൾപൊട്ടലുണ്ടായി. പല സ്ഥലങ്ങളും തീർത്തും ഒറ്റപ്പെടുകയും വയനാട്, നിലമ്പൂർ പ്രദേശങ്ങളിൽ വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോവുകയും മണ്ണിനടിയിൽ പെടുകയും ചെയ്തു. ഒഴുക്കിൽ പെട്ടവരെയും മണ്ണിനടിയിൽ പെട്ടവരെയും മുഴുവനും ഇതുവരെ കണ്ടെത്താനായില്ല. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. 
കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുകയും അതിനെ തുടർന്ന് കൃത്യമായ മുന്നറിയിപ്പുകളുമുണ്ടായിരുന്നു.  ആസൂത്രണവും ഏകോപനവും ശരിയായ രൂപത്തിൽ നടപ്പിലാക്കാനും അപ്രതീക്ഷിത കെടുതികൾ ഒഴിവാക്കാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ജനങ്ങളിൽ എത്തിക്കുവാനും സാധിച്ചു. മുൻ വർഷത്തെ കാലവർഷക്കെടുതിയുടെ പേടിപ്പെടുത്തിയ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടതിനാൽ ഭരണ നേതൃത്വവും ഔദ്യോഗിക സംവിധാനങ്ങളും ഒരു നിമിഷം പാഴാക്കാതെ രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുൾപ്പെടെയുളള ഭരണ സംവിധാനം 24 മണിക്കൂറും നിർദേശങ്ങൾ നൽകിയും വിവിധ തലങ്ങളിൽ ബന്ധപ്പെട്ടും ജനങ്ങൾക്കാകെ ആത്മവിശ്വാസം പകർന്നിരുന്നു.
ശക്തമായ പേമാരിയും തുടർന്നുണ്ടായ കെടുതികളും അനന്തമായി നീണ്ടുപോയതോടെ അതിന്റെ ഭാഗമായ രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനും നേതൃത്വം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദേശം നൽകുകയും ജനങ്ങൾക്കാകെ ആത്മവിശ്വാസം പകർന്നു മുന്നിൽ നിന്ന് നയിക്കുകയും ചെയ്തു. ജില്ലാ ഭരണ സംവിധാനവുമായി യോജിച്ച് രക്ഷാപ്രവർത്തനം ഏറ്റെടുക്കാൻ പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ തലവന്മാർക്ക് ഉത്തരവു നൽകി. അപകട സാധ്യത ഏറെയുള്ളയിടങ്ങളിൽനിന്ന് ആളുകളെ മാറ്റാൻ മുഖ്യമന്ത്രി കലക്ടർമാർക്ക് നിർദേശവും നൽകി. കഴിഞ്ഞ വർഷത്തെ ദുരന്ത വേളയിൽ അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം വസ്തുവകകളും വളർത്തുമൃഗങ്ങളെയും വിട്ടുപോകാൻ പലരും തയാറായില്ല എന്നതാണ്. വിലപ്പെട്ട സാധനങ്ങളേക്കാൾ മൂല്യമുള്ളതാണ് മനുഷ്യ ജീവൻ എന്ന ബോധ്യം ഏവരും മുറുകെപ്പിടിക്കേണ്ടതാണെന്നു മുന്നറിയിപ്പ് നൽകി. ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനും അണക്കെട്ടുകൾക്ക് നിരീക്ഷണമേർപ്പെടുത്താനും നിർദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര ഓപറേഷൻ സെന്റർ തലസ്ഥാനത്ത് മുഴുവൻ സമയവും പ്രവർത്തന സജ്ജമാക്കി. രാത്രി ഉപയോഗിക്കാനാകുന്ന ഹെലികോപ്റ്ററുകൾ ഒരുക്കിയും മുഖ്യമന്ത്രി തന്നെ നേരിട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. 
സംസ്ഥാനത്തിന്റെ അനൗദ്യോഗിക സേനയായ മത്സ്യത്തൊഴിലാളികളും അഗ്‌നിശമന വൈദ്യുതി ജീവനക്കാരും ജീവൻ പണയം വെച്ച് ദുരിത മേഖലകളിൽ കർമനിരതരായി. ശക്തമായ പേമാരിയിൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുന്ന അവശരെയും രോഗികളെയും വീട്ടിൽ ചെന്ന് സൗജന്യമായി പരിശോധിക്കാൻ  സന്നദ്ധ പ്രവർത്തകരും തയാറായി. സംഹാര താണ്ഡവമാടിയ പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമേകി വീടുകളിലും കടകളിലും കയറിയ വെള്ളം ഒഴുകിപ്പോകാനാരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് പല കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ഗതാഗത സംവിധാനങ്ങളും നേരെയായി വരുന്നു. എങ്കിലും 1500 ലധികം ദുരിതാശ്വാസ ക്യാമ്പിലായി രണ്ട് ലക്ഷത്തിലധികം പേർ ഇപ്പോഴും കഴിയുന്നുണ്ട്.
നിലമ്പൂരിലെ കവളപ്പാറയിലടക്കം സൈനികരെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗവും സർക്കാരും മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. വീടുകളിലേക്ക് മടങ്ങുന്നവർ വീടും പരിസരവും താമസ യോഗ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രമേ അകത്ത് പ്രവേശിക്കാവൂ എന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. 
മുൻവർഷത്തെ പോലെ തന്നെ വലിയ ദുരന്തമാണ് കേരളത്തിന് ഇത്തവണയും അഭിമുഖീകരിക്കേണ്ടിവന്നത്. പ്രളയത്തേക്കാൾ ഉരുൾപൊട്ടലാണ് ഇക്കുറി ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. എട്ട് ജില്ലയിലായി ചെറുതും വലുതുമായ 80 ഉരുൾപൊട്ടലാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ മേപ്പാടിയിലുമാണ് ഏറ്റവും വലിയ ഉരുൾപൊട്ടലുകൾ ഉണ്ടായത്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽ പോലും ഉരുൾപൊട്ടലുണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 
മുൻ വർഷമെന്നതു പോലെ ഇപ്രാവശ്യവും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനത്തിലും ശക്തമായ ബഹുജന പങ്കാളിത്തമാണ് ദൃശ്യമായത്. ഐക്യത്തോടെയുള്ള ഈ അതിജീവനം കേരളം ലോകത്തിന് നൽകുന്ന ശക്തമായ സന്ദേശമാണ്. ദുരന്ത പൂർണമായ ഈ മലയാള ഭൂമികയെ കൈപിടിച്ചുയർത്താൻ നിരവധി മനുഷ്യ സ്‌നേഹികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ അവസരത്തിൽ പോലും വികൃതമായ രാഷ്ട്രീയ തിമിരം ബാധിച്ചവരും മത തീവ്രവാദികളും വർഗീയവാദികളും രംഗത്തെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രവാസത്തിന്റെ സുഖശീതളിമയിൽ അഭിരമിക്കുന്ന ചില വിവരദോഷികളും ഉണ്ടെന്നത് ദുഃഖകരമാണ്. ഒരു ജനതയുടെ ദീനരോദനത്തിനൊപ്പം നിന്നു കൈപിടിച്ചുയർത്താൻ കേരളത്തിന്റെ ഭരണകൂടവും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ശ്രമിക്കുമ്പോൾ അവഹേളിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട് രസിക്കുന്ന ഇവരുടെ മാനസിക രോഗത്തിന് എന്ത് ചികിത്സയാണ് വേണ്ടത്? ഊഹാപോഹങ്ങളും അനാവശ്യ ഭയവും നിസ്സാര എതിർപ്പുകളും ഇളക്കിവിടാതെ ജനങ്ങളെയാകെ ഒന്നിച്ചുനിർത്തേണ്ട സമയമാണിത്. മാനുഷികതയുടെയും കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ മുറുകെപ്പിടിച്ചുവേണം പ്രതിസന്ധി മുറിച്ചുകടക്കാൻ. മരണം മുന്നിൽ നൃത്തമാടുമ്പോൾ എല്ലാ വിഭാഗീയതയും മറന്നു നാടുനീങ്ങിയ അനുഭവമാണ് മലയാളിക്കുള്ളത്. പ്രകൃതി ദുരന്തങ്ങളിൽ പകച്ചുനിൽക്കുന്നതിനു പകരം ഐക്യത്തോടെ നിർഭയമായി  ജാഗ്രതയോടെ നാം മുന്നേറണം. ദുരിതാശ്വാസ പ്രവർത്തനത്തെ തുരങ്കം വെക്കുന്ന പ്രചാരണങ്ങളുമായി ചിലർ, പ്രത്യേകിച്ചും സംഘപരിവാർ ശക്തികൾ, നാടു നീളെ കുപ്രചാരണങ്ങൾ അഴിച്ചു വിടുന്നുണ്ട്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന ഇവരുടെ ദുഷ്പ്രചാരണം സാമൂഹ്യ മാധ്യമങ്ങളിലും  പ്രവാസി സമൂഹത്തിനിടയിലും വ്യാപകമായി നടക്കുന്നുണ്ട്. 
കത്തുന്ന മനസ്സും നിറ കണ്ണീരുമായി കേരളം ലോകത്തിനു മുന്നിൽ സഹായത്തിന് കേഴുമ്പോൾ അത് നൽകരുതെന്ന് പറയുന്നവർ മനുഷ്യത്വം മരവിച്ച മനസ്സിനുടമകളാണ്. മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യം തന്നെയാണ് ഈ പ്രചാരണം. ഇത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നാൽ ഒരു ഔദ്യോഗിക സംവിധാനമാണ്. പ്രധാനമന്ത്രിയുടെ പേരിലും ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പേരിലും ഇത്തരമൊരു ദുരിതാശ്വാസ നിധി നിലവിലുണ്ട്. ഇതിൽനിന്ന് പണം ചെലവഴിക്കുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാത്രമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നത് മനുഷ്യത്വ രഹിതമായ കുറ്റകൃത്യം തന്നെയാണ്. രാജ്യ ദ്രോഹികളായ ഇക്കൂട്ടർ അശരണരായ പ്രളയ ദുരിതബാധിതർക്ക് ലഭിക്കുന്ന ആശ്വാസത്തെയാണ് തകർക്കുന്നത്. 

Latest News