Sorry, you need to enable JavaScript to visit this website.

സി.പി.എം പ്രവർത്തകർ തമ്മിലടിച്ച് യുവാവ് കൊല്ലപ്പെട്ട കേസിൽ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം 

തലശ്ശേരി- സി.പി.എം പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ ഒമ്പത് പ്രതികളെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഇന്ത്യൻ കോഫി ഹൗസ് തലശ്ശേരി ബ്രാഞ്ചിലെ ജീവനക്കാരൻ വടക്കുമ്പാട് പാറക്കെട്ട് സിന്ധു നിവാസിൽ പാറക്കണ്ടി പുരുഷോത്തമന്റെ മകൻ ഷിബിൻ(20) കൊല്ലപ്പെട്ട കേസിലാണ് മുഴുവൻ പ്രതികളെയും കോടതി ശിക്ഷിച്ചത്.  തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന് )ജഡ്ജ് പി.എൻ വിനോദാണ്്  കേസിന്റെ ശിക്ഷ പ്രഖ്യാപിച്ചത്.  കേസിൽ പ്രതികളായ മൂന്ന് പേർ വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സി.പി.എം നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. 
 സി.പി.എം പ്രവർത്തകരായ കൊളശ്ശേരി പാറക്കെട്ട് സ്വദേശി കുന്നിലേരി വീട്ടിൽ ബ്രിട്ടോയെന്ന കെ.വിപിൻ(28),കൊളശ്ശേരി കാവുഭാഗം രജീഷ് സ്മാരക മന്ദിരത്തിന് സമീപത്തെ ചെറിയാണ്ടി ഹൗസിൽ കുഞ്ഞിക്കാടപ്പൻ എന്ന റിജിൽരാജ്(27) കാവുംഭാഗം കളരിമുക്കിലെ കാർത്തികയിൽ എം.ധീരജ്( 27) കൊളശ്ശേരി അംഗനവാടിക്ക് സമീപത്തെ കൃഷ്ണ ഹൗസിൽ ദിൽനേഷ് (25) കാവുംഭാഗം നിഹാൽ മഹലിൽ സി.കെ നിഹാൽ(25) കാവുംഭാഗം രജീഷ് സ്മാരക മന്ദിരത്തിന് സമീപം ചെറിയാണ്ടി വീട്ടിൽ  ബാലകൃഷ്ണന്റെ മകൻ മൊയ്തുവെന്ന മിഥുൻ(30) എരഞ്ഞോളി പെരുന്താറ്റിലെ വിശാഖത്തിൽ ഷിബിൻ(25) കാവുംഭാഗം ആയാടത്തിൽ മീത്തൽ വീട്ടിൽ രമേശന്റെ മകൻ ദേവിനിവാസിൽ കെ.അമൽകുമാർ(24) കാവുംഭാഗം കുന്നിലേരി മീത്തൽ വീട്ടിൽ ശിവദാസന്റെ മകൻ വി.കെ സോജിത്ത്(24) എന്നിവരെയാണ് കോടതി ശിക്ഷിച്ചത.്
ഇന്ത്യൻ ശിക്ഷാ നിയമം 302 റെഡ് വിത്ത് 149 കൊലപാതക കുറ്റത്തിന് എല്ലാ പ്രതികളും ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമടക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 143, 147 വകുപ്പുകൾ  പ്രകാരം എല്ലാ പ്രതികളും മൂന്ന് മാസം വീതം  തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 341 പ്രകാരം മുഴുവൻ പ്രതികളും ഒരു മാസം തടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. 
2013 ഒക്ടോബർ നാലിന് രാത്രി 10.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കൊളശ്ശേരി അയോധ്യ ബസ് ഷെൽട്ടറിന് സമീപത്തെ ബ്രിേേട്ടായുടെ വീട് ഒരു സംഘം അക്രമിച്ചതായിരുന്നു പ്രതികാരത്തിന് കാരണം. തുടർന്ന് നടന്ന സംഘർഷത്തിലാണ് അയോധ്യ ബസ് ഷെൽട്ടറിന് സമീപം വെച്ച് ഷിബിനെ കയ്യും കാലും അടിച്ച് തകർത്തതത്. പ്രതികൾ ഷിബിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ സംഘടിച്ചെത്തി മർദിച്ചെന്നായിരുന്നു പരാതി . ഗുരുതരമായി പരിക്കേറ്റ ഷിബിൻ പിറ്റേന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. കേസിൽ കോടതി ശിക്ഷിച്ച ബ്രിട്ടോയെന്ന വിപിൻ, മൊയ്തു എന്ന മിഥുൻ, സോജിത്ത് എന്നിവർ സി.ഒ.ടി നസീർ വധശ്രമ കേസിൽ റിമാൻഡിലാണ്. ഇവരെ ജയിലിൽ നിന്നാണ് കോടതിയിലെത്തിച്ചത്.

Latest News