ന്യൂദൽഹി- സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തരമന്ത്രി വിളിച്ചിരുന്നുവെന്നും എന്നാൽ ഹിന്ദി അറിയാത്തതുകൊണ്ട് സംസാരിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് സെക്രട്ടറിമാർ തമ്മിലാണ് സംസാരിച്ചത്. സഹായം ആവശ്യമില്ലെന്ന് കേന്ദ്രത്തോട് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിലകപ്പെട്ട കേരളത്തിന് കേന്ദ്ര സർക്കാർ എല്ലാ സഹായവും വാഗ്ദാനം ചെയ്തപ്പോൾ നിലവിൽ നൽകിയ സഹായം മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രളയത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും ഉയർന്ന ഉദ്യോഗസ്ഥരുമായി കേന്ദ്രആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുരളീധരൻ ആരോപണം ഉന്നയിച്ചത്. പ്രളയ സഹായത്തിൽ കേരളം കേന്ദ്രത്തെ പരിപൂർണ തൃപ്തി അറിയിച്ചിരുന്നു. 52 കോടി രൂപയുടെ അടിയന്തര സഹായം സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിരുന്നു. 4.42 കോടി രൂപയുടെ മരുന്നുകളും ദുരിതബാധിത മേഖലകളിലേക്ക് അനുവദിച്ചു. ഈ മരുന്നുകൾ കേരളത്തിലെത്തിക്കാനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ നിർവഹിക്കണം.
പ്രളയ സാഹചര്യത്തെ രാഷ്ട്രീയവൽക്കരിക്കരിക്കുന്നത് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ചെയ്യരുതെന്ന് ബിജെപി നേതാക്കൾ ആരും പറഞ്ഞിട്ടില്ല. കേന്ദ്രആഭ്യന്തരമന്ത്രിയുടെ പ്രളയബാധിത സ്ഥലങ്ങളിലെ സന്ദർശനം സംബന്ധിച്ച് സിപിഎമ്മിന്റെ ഡൽഹിയിലിരിക്കുന്ന നേതാക്കൾ വസ്തുതകൾ എന്തെന്ന് പഠിക്കാതെയാണ് പ്രസ്താവനകൾ നടത്തുന്നത്. ഓഗസ്റ്റ് 16ന് ദുരന്ത മേഖലകളായ വയനാട്ടിലും മലപ്പുറത്തും കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള സന്ദർശനം നടത്തുമെന്നും ഡൽഹിയിൽ ചേർന്ന ദുരന്ത നിവാരണ അവലോകന യോഗത്തിന് ശേഷം വി. മുരളീധരൻ പറഞ്ഞു.