Sorry, you need to enable JavaScript to visit this website.

കശ്മീരികള്‍ സന്തോഷിക്കുന്നെങ്കില്‍ പിന്നെന്തിനു പൂട്ടിയിടുന്നു-ഉവൈസി

ഹൈദരാബാദ്- കേന്ദ്ര സര്‍ക്കാര്‍ കശ്മീരികളെയല്ല അവരുടെ ഭൂമിയേയാണ് ഇഷ്ടപ്പെടുന്നതെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി ആരോപിച്ചു. പാര്‍ട്ടി ആസ്ഥാനമായ ദാറുസ്സലാമില്‍ ഈദ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവര്‍ക്ക് അധികാരം മാത്രമാണ് പ്രധാനമെന്നും നീതിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആരും ശാശ്വതമായി ജീവിക്കുന്നില്ലെന്നും ഭരിക്കുന്നില്ലെന്നും അവര്‍ ഓര്‍ക്കണം. ജവാഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയോ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ പോലെയോ രാഷ്ട്രീയ പക്വത നരേന്ദ്ര മോഡി കാണിക്കുന്നില്ല. കശ്മീരില്‍ ഭരണഘടനയുടെ അനുഛേദം 370 ഉം 35 എയും അനിവാര്യമാണെന്ന് സമ്മതിച്ചിരുന്ന ആര്‍.എസ്.എസ് ഒരു കാലത്ത് അതിനെ പിന്തുണച്ചിട്ടുണ്ടെന്നും ഉവൈസി അവകാശപ്പെട്ടു.

35 എ കശ്മീരില്‍നിന്ന് ഒഴിവാക്കാമെങ്കില്‍ എന്തുകൊണ്ട് അസമില്‍നിന്നും മിസോറാമില്‍നിന്നും നാഗാലാന്‍ഡില്‍നിന്നും ഒഴിവാക്കിക്കൂടെന്ന് അദ്ദേഹം ചോദിച്ചു. ജമ്മു കശ്മീരില്‍ എല്ലാം ഭദ്രമാണെന്ന് വരുത്തി തീര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കാര്യങ്ങള്‍ സുഗമമാണെങ്കില്‍ പിന്നെ എന്തിനാണ് കശ്മീരികളെ അടച്ചിട്ടിരിക്കുന്നത്. അവര്‍ക്ക് എന്തു കൊണ്ടാണ് കമ്മ്യൂണിക്കേഷന്‍ സൗകര്യം നല്‍കാത്തത്. അവര്‍ സന്തോഷത്തിലാണെങ്കില്‍ പുറത്തിറങ്ങി ആഹ്ലാദിക്കാന്‍ അനുവദിക്കൂ- ഉവൈസി പറഞ്ഞു. താഴ് വരയിലെ ഒറ്റു മുസ്ലിം പത്രപ്രവര്‍ത്തകനും സര്‍ക്കാര്‍ വാദങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ഉവൈസി പറഞ്ഞു.

മോഡിയേയും അമിത് ഷായേയും കൃഷ്ണനോടും അര്‍ജുനനോടും താരതമ്യം ചെയ്ത നടന്‍ രജനീകാന്തിനേയും ഉവൈസി വിമര്‍ശിച്ചു. മോഡിയും ഷായും കൃഷ്ണനും അര്‍ജുനനുമാണെങ്കില്‍ ആരാണ് പാണ്ഡവന്മാര്‍.  രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

Latest News