Sorry, you need to enable JavaScript to visit this website.

മോഹം സഫലമായി; ഹാജിമാർ മടങ്ങിത്തുടങ്ങി

മിനാ- ചിരകാലാഭിലാഷ സാക്ഷാത്കാര നിർവൃതിയിൽ തീർഥാടക ലക്ഷം മിനായോട് വിട പറഞ്ഞു. ഗൾഫ് സംഘർഷ പശ്ചാത്തലത്തിലും അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഈ വർഷത്തെ ഹജിന് ശുഭ പര്യവസാനം. ചൊവ്വാഴ്ച മഗ്‌രിബിന് മുമ്പായി മിനാ വിടാൻ കഴിയാതിരുന്നവർ ബുധനാഴ്ച കൂടി കല്ലേറ് കർമം നിർവഹിച്ച് മിനായോട് വിട ചൊല്ലുന്നതോടെ ഈ വർഷത്തെ ഹജിന് സമ്പൂർണ പരിസമാപ്തിയാവും. അപ്രതീക്ഷിതമായി അറഫയിലും മിനായിലും അതിശക്തമായ കാറ്റും മഴയും ഉണ്ടായെങ്കിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ ഇന്നലെയുണ്ടായ ചെറിയ ബസ് അപകടം ഒഴിച്ചാൽ ഈ വർഷത്തെ ഹജ് അപകട രഹിതമായിരുന്നു. ഒരു പ്രതിസന്ധികളുമില്ലാതെ ആയാസ രഹിതമായി ഹാജിമാർക്ക് കർമങ്ങൾ നിർവഹിക്കാൻ ആവശ്യമായ സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഭരണ കർത്താക്കൾ. 25 ലക്ഷത്തോളം പേർ ഹജ് നിർവഹിക്കാനെത്തിയിട്ടും അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും കുറ്റമറ്റ രീതിയിൽ ഒരുക്കിയ ഭരണ കർത്താക്കൾക്കു വേണ്ടി പ്രാർഥിച്ചും നന്ദിയും കടപ്പാടും അറിയിച്ചുമാണ് ഹാജിമാർ പുണ്യഭൂമിയോട് യാത്ര പറഞ്ഞത്. 
ഈ വർഷം 24,89,406 പേരാണ് ഹജ് നിർവഹിച്ചത്. ഇതിൽ 18,55,027 പേർ 150 ലേറെ വിദേശ രാജ്യങ്ങളിൽനിന്നും വന്നവരാണ്. സൗദിയുമായി നല്ല ബന്ധത്തിലല്ലാത്ത ഇറാൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും ഹജ് നിർവഹിക്കാനാവശ്യമായ സൗകര്യങ്ങൾ നൽകിയിരുന്നു. ആഭ്യന്തര ഹാജിമാരായി എത്തിയത്  6,34,379 തീർഥാടകരാണ്. സൗദിക്കകത്തുനിന്ന് ഹജ് നിർവഹിക്കാൻ നിയമാനുസൃതം അനുമതി ലഭിച്ചിരുന്നത് 3,36,000 പേർക്കായിരുന്നുവെങ്കിലും കർശന നിയന്ത്രണങ്ങൾക്കിടയിലും 2,98,379 പേർ നിയമ വിരുദ്ധമായി ഹജ് ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽനിന്ന് ഇതാദ്യമായി രണ്ടു ലക്ഷത്തോളം തീർഥാടകരെത്തി. ഇതിൽ കാൽ ലക്ഷത്തോളം പേർ മലയാളികളായിരുന്നു.  
വിദേശത്തു നിന്നെത്തിയ ഹാജിമാരുടെ മടക്കം ബുധനാഴ്ച ആരംഭിക്കും. ഇന്ത്യൻ ഹജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരുടെ മടക്കം ജിദ്ദയിൽനിന്ന് ഓഗസ്റ്റ് 16 നും മദീനയിൽനിന്ന് 27 നും ആണ് ആരംഭിക്കുക. ഹജ് കമ്മിറ്റി വഴി കേരളത്തിൽനിന്നുമെത്തിയ ഹാജിമാരുടെ ആദ്യ സംഘം ഓഗസ്റ്റ് 18 ന് ജിദ്ദയിൽനിന്ന് മടങ്ങും. കേരള ഹാജിമാരുടെ മദീന സന്ദർശനം പൂർത്തിയായതിനാൽ എല്ലാവരും ജിദ്ദയിൽനിന്നുമായിരിക്കും നാട്ടിലേക്കു തിരിക്കുക. സ്വകാര്യ ഗ്രപ്പുകളിലെത്തിയ ഹാജിമാർ അടുത്ത ദിവസം മുതൽ മടങ്ങും. 
ചൊവ്വാഴ്ച വൈകുന്നേരം ജംറയിലും മക്കയിലേക്കുള്ള റോഡുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഭൂരിഭാഗം ഹാജിമാരും കർമങ്ങൾ ചൊവാഴ്ച തന്നെ അവസാനിപ്പിച്ചതിനാലാണിത്. വിട വാങ്ങൽ ത്വവാഫിെനത്തിയവരെക്കൊണ്ട് ഹറം വീർപ്പുമുട്ടി. ഇവരിലധികവും ആഭ്യന്തര തീർഥാടകരായിരുന്നു. വൻ തിരക്ക് കണക്കിലെടുത്ത് ഹറമിലും ജംറകളിലും അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. നിയന്ത്രണങ്ങൾക്കു വിധേയമായാണ്  ഓരോ വഴികളിലൂടെയും ഹാജിമാരെ കടത്തിവിട്ടത്. 

 

Latest News