Sorry, you need to enable JavaScript to visit this website.

കവളപ്പാറ സന്ദർശിക്കാതെ മുഖ്യമന്ത്രി മടങ്ങി; പ്രതിഷേധവുമായി ലീഗ് എം.എൽ.എമാർ

കവളപ്പാറ ഉരുൾപൊട്ടലിനെത്തുടർന്ന് ഭൂദാനം സെന്റ് മേരീസ് ദേവാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു.

നിലമ്പൂർ- ഈ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശം സംഭവിച്ച നിലമ്പൂർ പോത്തുകല്ലിലെ കവളപ്പാറ ദുരന്തഭൂമി കാണാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മടങ്ങി. 
കവളപ്പാറ ദുരന്തമേഖലയിലെ ജനങ്ങൾ കഴിയുന്ന ഭൂദാനം സെന്റ് മേരീസ് ദേവാലയത്തിലെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തിയ മുഖ്യമന്ത്രി ഒരു കിലോമീറ്ററിൽ താഴെ മാത്രമുള്ള കവളപ്പാറ സന്ദർശിക്കാതെ മടങ്ങിയതിൽ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ക്യാമ്പും കവളപ്പാറയും സന്ദർശിച്ചാണ് മടങ്ങിയത്. കേവലം പത്തു മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രി ക്യാമ്പിൽ ചെലവഴിച്ചത്. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കവളപ്പാറ സന്ദർശിക്കാൻ തയാറായില്ല. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന മന്ത്രി കെ.ടി.ജലീൽ നേരത്തെ കവളപ്പാറ സന്ദർശിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രി ദുരന്തഭൂമിയിൽ വ്യോമനിരീക്ഷണം നടത്തിയതുകൊണ്ടാണ് നേരിട്ടു സന്ദർശിക്കാതിരുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ലീഗ് എം.എൽ.എമാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.  
അതിനിടെ മുഖ്യമന്ത്രി സന്ദർശിക്കാതിരുന്ന കവളപ്പാറയിൽ ലീഗ് എം.എൽ.എമാരെത്തി. 
മുഖ്യമന്ത്രിയും മന്ത്രിമാരും ദുരിതാശ്വാസ കേന്ദ്രം സന്ദർശിച്ച ശേഷം മടങ്ങി അര മണിക്കൂറിനുള്ളിലാണ് ലീഗ് എം.എൽ.എമാർ കവളപ്പാറ ദുരന്തഭൂമി സന്ദർശിച്ചത്. പോത്തുകൽ പഞ്ചായത്തിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി ഭരണകക്ഷി എം.എൽ.എ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ നിന്നുള്ള എം. എൽ.എമാരെ ഒന്നും സംസാരിക്കാൻ അനുവദിച്ചില്ലെന്നും പ്രളയ സമയത്തു പോലും ധിക്കാരത്തിന്റെ രാഷ്ട്രീയമാണ് പിണറായി വിജയൻ അനുവർത്തിക്കുന്നതെന്നും ലീഗ് എം.എൽ.എമാർ ആരോപിച്ചു. കലക്ടർ മുഖ്യമന്ത്രിയുടെ താളത്തിനൊത്ത് പ്രവർത്തിക്കുകയാണ്. 
കഴിഞ്ഞ പ്രളയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നതെന്നും ലീഗ് എം.എൽ.എമാരായ, പി.കെ.ബഷീർ, എം.ഉമ്മർ, ടി.വി.ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, പി.അബ്ദുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു.
രാഹുൽ ഗാന്ധി വരെ കവളപ്പാറ സന്ദർശിച്ചിട്ടും മുഖ്യമന്ത്രി കവളപ്പാറ സന്ദർശിക്കാതെ മടങ്ങിയത് മനുഷത്വരഹിതമാണെന്നും എം.എൽ.എമാർ പറഞ്ഞു. 

Latest News