Sorry, you need to enable JavaScript to visit this website.

ഡെൽറ്റ സ്‌ക്വാഡിന്റേത് വിലമതിക്കാനാവാത്ത സേവനം

കോഴിക്കോട്ട് രക്ഷാപ്രവർത്തനത്തിനെത്തിയ ഡെൽറ്റ സ്‌ക്വാഡ്

കോഴിക്കോട് - കേന്ദ്രസേനകൾക്കു പുറമെ ജില്ലയിലെ രക്ഷാ പ്രവർത്തനങ്ങളിൽ പങ്കുവഹിച്ച സന്നദ്ധ സംഘടനയാണ് ഡെൽറ്റാ സ്‌ക്വാഡ്. സെർച്ച് ആന്റ് റസ്‌ക്യൂ ഓപ്പറേഷനിലും അണ്ടർ വാട്ടർ ഡൈവിംഗിലും വിദഗ്ധ പരിശീലനം ലഭിച്ച് സർട്ടിഫിക്കറ്റ് നേടിയവർ ഉൾപ്പെട്ട ഡെൽറ്റ സ്‌ക്വാഡിന്റെ ആസ്ഥാനം കോയമ്പത്തൂരാണ്. കേന്ദ്രസേനകളിൽ നിന്ന് വിരമിച്ചവരും പരിശീലനം ലഭിച്ച യുവാക്കളും ഉൾപ്പെടുന്നതാണ് ഡെൽറ്റ സ്‌ക്വാഡ്. ലെഫ്റ്റനന്റ് ഇസാന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് രക്ഷാ പ്രവർത്തനത്തിനായി എത്തിയത്.
വിദഗ്ധ പരിശീലനം നേടിയവർ ആയതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിൽ ഇവരുടെ സേവനം വിലമതിക്കാനാവാത്തതായി. മാവൂരിലാണ് സംഘം ആദ്യമെത്തിയത്. വെള്ളക്കെട്ടിൽ കുടുങ്ങിയ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയശേഷം സംഘം പൂവാട്ടു പറമ്പിലേക്ക്. അവിടെ നിന്ന് ബോട്ട് മാർഗം കൽപ്പള്ളിയിലേക്ക്. തുടർന്ന് കാൽനടയായി ഒരു കിലോമീറ്റർ സഞ്ചരിച്ച് ചെറൂപ്പയിലെത്തി. 40 ദിവസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ള കുടുംബത്തെ അവശ്യ മുൻകരുതലുകൾക്കൊപ്പം സുരക്ഷിത സ്ഥാനത്തെത്തിച്ചു. കൽപ്പള്ളിയിൽ നിന്ന് വെള്ളത്തിലൂടെ നടന്നാണ് പൂവാട്ടുപറമ്പിലെ 30 ആളുകളെ ഇവർ സുരക്ഷിതരാക്കിയത്. 
ഒളവണ്ണയിലെ സഫയർ സ്‌കൂളിൽനിന്ന് 290 പേരെ ഒഴിപ്പിക്കാൻ പോയെങ്കിലും കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് തിരികെ പോകാൻ ഒരുങ്ങി. എന്നാൽ അടിയന്തര സാഹചര്യങ്ങൾ വല്ലതും ഉണ്ടായേക്കാമെന്ന നിർദേശത്തെ തുടർന്ന് ഒരു മണിക്കൂർ അവിടെ തങ്ങി. 
മാവൂരിലാണ് കൂടുതൽ ആളുകളെ ഒഴിപ്പിച്ചത്. കോഴിക്കോട് ജില്ലയിൽ നടത്തിയ വെല്ലുവിളികൾ നിറഞ്ഞ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് അഭിമാനമായാണ് കാണുന്നതെന്ന് ലഫ്റ്റ്‌നന്റ് ഇസാൻ പറഞ്ഞു. കഴിഞ്ഞ വർഷം പറവൂർ, പുതുക്കാട് ഭാഗങ്ങളിലും സംഘം രക്ഷാപ്രവർത്തനം നടത്തിയിരുന്നു.

Latest News