Sorry, you need to enable JavaScript to visit this website.

മക്കയും പുണ്യസ്ഥലങ്ങളും സ്മാര്‍ട്ട് സിറ്റികളാക്കും; ആദ്യഘട്ടം തുടങ്ങുന്നു

മിനാ- മിനാ വികസനത്തിനുള്ള ആദ്യ മാതൃക ഈ വർഷത്തെ ഹജ് പൂർത്തിയായാലുടൻ നടപ്പാക്കി തുടങ്ങുമെന്ന് ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. താമസസ്ഥലങ്ങളും തമ്പുകളും അടങ്ങിയ പദ്ധതി അടുത്ത വർഷത്തെ ഹജിന് പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും. ഹജ്, ഉംറ തീർഥാടകർക്ക് സേവനം നൽകുന്നതിനും തീർഥാടന യാത്ര സുഖകരമാക്കുന്നതിനുമാണ് സൗദി ഭരണാധികാരികൾ ഏറ്റവും വലിയ പ്രാധാന്യം നൽകുന്നത്. മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തിന് കഴിഞ്ഞ വർഷം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ റോയൽ കമ്മീഷൻ സ്ഥാപിച്ചിട്ടുണ്ട്. 


മക്കാ ഗവർണറേറ്റും മക്ക വികസന അതോറിറ്റിയും മക്ക നഗരസഭക്കു കീഴിലെ ബലദിയകളും വിവിധ മന്ത്രാലയങ്ങളും മക്കയുടെയും പുണ്യസ്ഥലങ്ങളുടെയും വികസനത്തെ കുറിച്ച് പഠനങ്ങൾ നടത്തി സമർപ്പിച്ച പദ്ധതികൾ റോയൽ കമ്മീഷൻ പഠിച്ചുവരികയാണ്. പ്രാഥമിക പഠനങ്ങൾ പൂർത്തിയാക്കി പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനുള്ള സാങ്കേതിക പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മക്കയും പുണ്യസ്ഥലങ്ങളും സ്മാർട്ട് സിറ്റികളാക്കി മാറ്റുന്നതിന് സൗദി ഭരണാധികാരികൾ ഉറച്ച തീരുമാനത്തിലാണ്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് യാഥാർഥ്യമാകുമെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 


ചില രാജ്യങ്ങൾ ഹജുമായി ബന്ധപ്പെട്ട മുഴുവൻ വിശദാംശങ്ങളെയും കുറിച്ച് തീർഥാടകരെ ബോധവൽക്കരിക്കുന്നു. ഹജുമായി ബന്ധപ്പെട്ട എല്ലാ ചുവടുവെപ്പുകളെയും കുറിച്ച് പൂർണ ബോധ്യത്തോടെയാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളവർ എത്തുന്നത്. എന്നാൽ മറ്റു രാജ്യങ്ങൾ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രമങ്ങൾ നടത്തുന്നില്ല. 
ഹജിനിടെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ സൗദി അറേബ്യ ഇടപെടാറില്ല. ഹജുമായി ബന്ധപ്പെട്ടതല്ലാത്ത ഒരു കാര്യങ്ങളും വിദേശ തീർഥാടകരുമായി സൗദി അറേബ്യ വിശകലനം ചെയ്യാറുമില്ല. ആരാധനാ കർമം നിർവഹിക്കുന്നതിന് എത്തുന്ന തീർഥാടകരുമായി തങ്ങളുടെ രാജ്യങ്ങളിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക കാര്യങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിന് സൗദി അറേബ്യക്ക് അവകാശവുമില്ല. അല്ലാഹു കൽപിച്ചതു പ്രകാരം ഹജ് കർമം നിർവഹിക്കുന്നതിന് തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തലാണ് സൗദി അറേബ്യയുടെ അടിസ്ഥാന ദൗത്യമെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ എടുത്തുകാട്ടുന്ന നവമാധ്യമങ്ങൾക്ക് മക്ക ഗർണറേറ്റ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് അർഹരായവർക്ക് മക്കാ ഗവർണർ ചടങ്ങിൽ വെച്ച് പ്രശംസാപത്രങ്ങളും മെമന്റോകളും ക്യാഷ് അവാർഡും സമ്മാനിച്ചു.

Latest News