ന്യൂദല്‍ഹി- ചെറുപ്പകാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയ ഓര്‍മകള്‍ പങ്കുവെക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. ഡിസ്‌കവറി ചാനലിന്റെ മാന്‍ വേഴ്‌സസ് വൈല്‍ഡ് പരിപാടിയില്‍ അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പം മോഡി പങ്കെടുത്ത പ്രത്യേക ഭാഗം തിങ്കളാഴ്ച രാത്രിയാണ് സംപ്രേഷണം ചെയ്തത്. മോഡി കുന്തം എറിയാന്‍ പഠിക്കുന്ന ട്രെയിലര്‍ ആഴ്ചകള്‍ക്കുമുമ്പുതന്നെ വൈറലായിരുന്നു.
ഭയം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നും അത് എന്താണെന്ന് വിശദീകരിക്കാനോ അത് നേരിടുന്നത് എങ്ങനെ എന്നു പറഞ്ഞുകൊടുക്കാനോ തനിക്കറിയില്ലെന്ന മോഡിയുടെ പരാമര്‍ശമാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മോഡിയുടെ ഭയമില്ലായ്മ ട്രോളുകള്‍ക്ക് വിഷയമായത്. ഇത് പാക്കിസ്ഥാനെ വിറപ്പിക്കുമെന്ന് വിമര്‍ശകര്‍ പരിഹസിച്ചു.
വ്യക്തി ജീവിതം മുതല്‍ രാഷ്ട്രീയംവരെ എല്ലാം തുറന്നു പറയുന്ന മോഡിയുടെ നിഷ്‌കളങ്കതയാണ് ആരാധാകര്‍ വാഴ്ത്തുന്നത്.
ബാലനായിരിക്കെ കുളിക്കാനായി തടാകത്തില്‍ പോയപ്പോഴാണ് മോഡിക്ക് മുതലക്കുഞ്ഞിനെ കിട്ടിയത്. തടാകക്കരയില്‍നിന്ന് കിട്ടിയ അതുമായി വീട്ടിലെത്തിയപ്പോള്‍ അമ്മ ശകാരിക്കുകയും എടുത്തിടത്ത് കൊണ്ടുവിടാന്‍ പറഞ്ഞതായും അദ്ദേഹം അനുസ്മരിക്കുന്നു.
ശൈത്യകാലത്ത് മഞ്ഞുതുള്ളികള്‍ ഉപ്പിന്റെ പാളി തീര്‍ക്കുമെന്നും കുട്ടിക്കാലത്ത് അത് ശേഖരിച്ച് വീട്ടിലെത്തിക്കുമായിരുന്നുവെന്നും മോഡി പറഞ്ഞു. സോപ്പുപൊടി പോലെ അത് ഉപയോഗിച്ചാണ് ഞാന്‍ തുണി അലക്കിയിരുന്നതെന്നും അത് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കാന്‍ ഉപയോഗിച്ച കാര്യവും അദ്ദേഹം വെളിപ്പെടുത്തുന്നു.
17, 18 വയസ്സുള്ളപ്പോഴാണ് ലോകത്തെ മനസ്സിലാക്കാനായി വീട് വിട്ടിറങ്ങിയത്. പ്രകൃതി സ്‌നേഹിയായിരുന്നതിനാല്‍ ഹിമാലയത്തിലേക്ക് പോകനാണ് തീരുമാനിച്ചതെന്നും അതാണ് ഇപ്പോഴും തന്നെ നയിക്കുന്നതെന്നും മോഡി പറയുന്നു.
പുറത്തുനിന്നുള്ള ഒരാള്‍ക്ക് എന്റെ ഇന്ത്യയെ ശുദ്ധീകരിക്കാനാകില്ല. ഇന്ത്യയിലെ ജനങ്ങള്‍ തന്നെ ഇന്ത്യയെ ശുദ്ധീകരിക്കും. വ്യക്തി ശുചിത്വമാണ് ഇന്ത്യക്കാരുടെ സംസ്‌കാരം. വീട്ടില്‍ ഇസ്തിരിപ്പെട്ടി ഉണ്ടായിരുന്നില്ല. പകരം കല്‍ക്കരി ചെമ്പുപാത്രത്തില്‍ കത്തിച്ചാണ് സ്‌കൂള്‍ പഠനകാലത്ത് തുണി തേച്ചിരുന്നത്.
18 വര്‍ഷക്കാലത്തിനിടെ തന്റെ ആദ്യ അവധിക്കാലമാണ് ഇതെന്നും മോഡി ബെയര്‍ ഗ്രില്‍സിനോട് പറയുന്നു. ശുഭകാര്യങ്ങള്‍ മാത്രം ചിന്തിക്കുന്നതുകൊണ്ട് ഒരിക്കലും നിരാശ തോന്നാറില്ല. പ്രകൃതിയുമായി ഇണങ്ങി ജീവിച്ചാല്‍ ഭയക്കേണ്ടതില്ലെന്നും പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചാല്‍ അത് അപകടകരമാകുമെന്നും മോഡി മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലാണ് മോഡിക്കു വേണ്ടിയുള്ള പ്രത്യേക എപ്പിസോഡ് ചിത്രീകരിച്ചത്. ഈ പരിപാടിയില്‍ അതിഥിയായി എത്തുന്ന രണ്ടാമത്തെ നേതാവാണ് മോഡി. 2015 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ആദ്യമായി അതിഥിയായി എത്തിയത്.






