Sorry, you need to enable JavaScript to visit this website.

ദുരന്തങ്ങളിൽ പാഠം പഠിക്കാത്ത നാട്

ഒരു വർഷത്തിനിടയിൽ കേരളം ഒരിക്കൽ കൂടി പ്രളയ ദിനങ്ങളിലൂടെ കടന്നുപോകുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റവും ശക്തമായി നടക്കേണ്ട സമയമാണിത്, നടക്കുന്നുമുണ്ട്. കഴിഞ്ഞ വർഷവും മാതൃകാപരമായ രീതിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു. പക്ഷേ തുടർന്നു നടക്കേണ്ട പുനർ നിർമാണ പ്രവർത്തനങ്ങളിൽ നാം വളരെ പിറകിലാണ്. അതിനിടയിലാണ് അതേ സമയത്തു തന്നെ വീണ്ടും പ്രളയം ആവർത്തിച്ചിരിക്കുന്നത്. 
പ്രളയത്തിനു കാരണം കനത്ത മഴയാണെന്നതിൽ സംശയമില്ല. അതേസമയം കനത്ത മഴയൊക്കെ മുമ്പും പെയ്യാറുണ്ട്. ഇത്തരത്തിലുള്ള ദുരന്തങ്ങൾ പക്ഷേ ഉണ്ടാകാറില്ല. പെയ്യുന്ന മഴക്കനുപാതികമായല്ല ദുരന്തങ്ങൾ. അതിനേക്കാൾ വളരെ കൂടുതലാണ്. അതിന്റെ കാരണങ്ങൾ പോയ വർഷം ഏറെക്കുറെ ചർച്ച ചെയ്തിരുന്നു. എന്നാൽ ദുരന്തങ്ങൾ കുറക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.
പ്രളയ ദുരന്തങ്ങൾ വിശകലനം ചെയ്താൽ മനസ്സിലാകുന്ന പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് വെള്ളത്തിനു സ്വഛന്ദമായി ഒഴുകാനോ മണ്ണിലേക്ക് താഴാനോ പറ്റുന്നില്ല. രണ്ടാമത്തേത് ഉരുൾ പൊട്ടലും മണ്ണൊലിപ്പുമാണ്. ഇതിൽ രണ്ടിനും പ്രധാന കാരണം വികസനമാണെന്ന ധാരണയിൽ നമ്മൾ നടത്തുന്ന പ്രവർത്തനങ്ങളാണ്. അതിനെതിരെ പരിസ്ഥിതി പ്രവർത്തകർ എത്രയോ കാലമായി മുന്നറിയിപ്പ് നൽകുന്നതാണ്. എന്നാൽ ആ ദിശയിൽ നീങ്ങാൻ സർക്കാരുകളോ ഭൂരിഭാഗം ജനങ്ങളോ തയാറാകുന്നില്ല എന്നു മാത്രം. 
മഴവെള്ളത്തിന് ഒഴുകാനുള്ള മാർഗങ്ങളൊക്കെ ഏറെക്കുറെ വളച്ചുകെട്ടുന്നതാണ് നമ്മുടെ വികസനം. കേരളത്തിലെ വൻകിട - ചെറുകിട നഗരങ്ങളിലൊന്നും വെള്ളത്തിനൊഴുകാൻ സൗകര്യമില്ല. അതാണ് അവിടങ്ങളിലെല്ലാം ജലനിരപ്പുയരുന്നത്. മൂന്നാറിലും നിലമ്പൂരിലും കൽപറ്റയിലുമൊക്കെ നാം ഇപ്പോൾ കണ്ടതതാണ്. ഒഴുകുന്ന വെള്ളത്തെ മണ്ണിലേക്ക് ആഗിരണം ചെയ്തിരുന്ന നെൽവയൽ, നീർത്തടങ്ങളുടെ അവസ്ഥ പറയാതിരിക്കുകയണ് ഭേദം. നിരവധി പോരാട്ടങ്ങളുടെ ഭാഗമായി നെൽവയലുകളുടെയും തണ്ണീർതടങ്ങളുടെയും സംരക്ഷണത്തിനായി 2008 ൽ എൽ.ഡി.എഫ് സർക്കാർ തന്നെ രൂപം നൽകിയ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുകയാണ്. 'പൊതു ആവശ്യം' എന്ന പേരിൽ സർക്കാർ/ സ്വകാര്യ പദ്ധതികൾക്ക് വയൽ നികത്താൻ അവസരം നൽകുക, 2008 ന് മുമ്പ് നികത്തിയ വയലുകൾ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കിൽ വിജ്ഞാപനം ചെയ്യപ്പെടാത്ത വയലുകളെ നെൽവയലായി കണക്കാക്കാതിരിക്കുക, പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം എടുത്തുകളയുക തുടങ്ങിയ അപകടകരമായ തിരുത്തലുകളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നത്. നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ 10 സെന്റിൽ 1300 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളും അഞ്ച് സെന്റിൽ 400 ചതുരശ്രയടി വിസ്തീർണമുള്ള കടമുറികളും നിർമിക്കാം. 10 സെന്റിൽ കൂടുതൽ വിസ്തീർണമുള്ള സ്ഥലത്ത് ആർ.ഡി.ഒയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ 10 സെന്റിൽ 1300 ചതുരശ്രയടി വിസ്തീർണമുള്ള വീട് വെക്കാം, മൊത്തം സ്ഥലത്തിന്റെ പത്ത് ശതമാനം ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നീക്കിവെക്കണം, കൃഷി നാശമുണ്ടാകരുത്, നീരൊഴുക്ക് തടയരുത് എന്നീ നിബന്ധനകളുമുണ്ട്. 50 സെന്റിന് മുകളിൽ നിലം നികത്തിയവർക്ക് സ്ഥലത്തിന്റെ ന്യായവിലയുടെ പത്ത് ശതമാനം പഞ്ചായത്തിലും കോർപറേഷൻ ആണെങ്കിൽ 30 ശതമാനവും മുനിസിപ്പാലിറ്റി ആണെങ്കിൽ 20 ശതമാനവും അടച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താം. കഴിഞ്ഞ വർഷത്തെ പ്രളയാനുഭവങ്ങൾക്കു ശേഷം പോലും ഈ വിഷയം പുനഃപരിശോധിക്കപ്പെടുന്നില്ല. 
കേരള ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്‌ണോമിക്‌സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തിൽ നെൽകൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 ആയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016-17 എത്തിയപ്പോഴേക്കും 1,71,398 ഹെക്ടറായി മാറി. കഴിഞ്ഞ 40 വർഷം കൊണ്ട് 80 ശതമാനം നെൽവയൽ ഇല്ലാതായതിന്റെ ഫലം അരിയില്ലാതായി എന്നതു മാത്രമല്ല, വെള്ളത്തെ ആഗിരണം ചെയ്യുന്ന പ്രകൃതിയുടെ വരദാനം തന്നെ ഇല്ലാതായി എന്നതു കൂടിയാണ്. വയൽ നികത്തി നെടുമ്പാശ്ശേരി വിമാനത്താവളങ്ങളും പരിസരങ്ങളും സൃഷ്ടിച്ചതിനാലാണല്ലോ മഴ പെയ്യുമ്പോഴേക്കും പൂട്ടിയിടേണ്ടി വരുന്നത്. കാട് സംരക്ഷിക്കുന്നതു പോലെ സുശക്തമായ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെൽവയലുകൾ. മറ്റു നീർത്തടങ്ങളുടേയും ജലാശയങ്ങളുടേയും അവസ്ഥയും വ്യത്യസ്തമല്ല.
മറ്റൊന്ന് ഉരുൾപൊട്ടലാണല്ലോ. പരിസ്ഥിതി ദുർബമലമായ മലയോര മേഖലകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളാണ് ഉരുൾപൊട്ടലിനു കാരണമെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അതിനെ നിയന്ത്രിക്കാനായി നിർദേശിക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഏറ്റവും ശക്തമായി രംഗത്തു വന്നതും കേരളമായിരുന്നല്ലോ. മാറിവന്ന സർക്കാരുകൾ പോലും റിപ്പോർട്ടിനെതിരെ നടന്ന കലാപങ്ങൾക്കൊപ്പമായിരുന്നു. ഭൂപ്രകൃതിയും ഭൂഘടനയും പരിഗണിച്ചുകൊണ്ടാണ് പശ്ചിമഘട്ട നിരകളെ മൂന്ന് മേഖലകളായി തിരിച്ച് സംരക്ഷിക്കാൻ ഗാഡ്ഗിൽ കമ്മിറ്റി നിർദേശം നൽകിയത്. സോൺ ഒന്നിൽ മനുഷ്യർക്ക് ജീവിക്കാം പക്ഷേ, യാതൊരുവിധ വികസന പ്രവർത്തനങ്ങളും- അണക്കെട്ട്, ഖനികൾ, ആണവ നിലയങ്ങൾ, വലിയ ടൂറിസം പദ്ധതികൾ- അനുവദനീയമല്ല. അതായത് ഒരു നഗരവൽക്കരണം അവിടെ സാധ്യമല്ല. അവിടത്തെ വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ല. സോൺ രണ്ടിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ 15 വർഷത്തേക്ക് തുടരും. പക്ഷേ, അതിനു ശേഷം ഒരു സംരക്ഷണ നയത്തിലേക്ക്- അതായത് ഒരു സുസ്ഥിര വികസനത്തിലേക്ക്- എത്തണമെന്നാണ് നിർദേശം ഉന്നൽ നൽകുന്നത്. സോൺ മൂന്നിൽ വികസനമാവാം. നഗരവൽക്കരണമാവാം. ഈ മേഖലകളുടെ വ്യാപ്തി, അതിർത്തി എന്നിവ നിർണയിക്കുന്നതിലും ജനാഭിപ്രായം പരിഗണിക്കണം. പരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളിൽ ഖനനം, ക്വാറി പ്രവർത്തനം, താപവൈദ്യുത നിലയങ്ങൾ, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്ന കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഉണ്ടാക്കുന്നത് നിരോധിക്കാൻ നിർദേശമുണ്ടയിരുന്നു. കൂടാതെ 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗൺഷിപ്പും വികസന പദ്ധതികളും 'ചുവപ്പ്' വിഭാഗത്തിൽ പെടുന്ന വ്യവസായങ്ങളും നിരോധിക്കാനും നിർദേശമുണ്ട്. എന്നാൽ ഗാഡ്ഗിൽ റിപ്പോർട്ട് മാത്രമല്ല, അതിൽ വെള്ളം ചേർത്ത കസ്തൂരിരംഗൻ റിപ്പോർട്ടും നടപ്പാക്കാതെയാണ് നമ്മൾ പ്രളയ ദുരന്തത്തെ കുറിച്ച് വാചാലരാകുന്നത്. 
ഇവ മാത്രമല്ല, വികസനത്തിന്റെ പേരു പറഞ്ഞ് മറ്റനവധി പാരിസ്ഥിതിക നിയമങ്ങളും നാം തിരുത്തി ക്കൊണ്ടിരിക്കുകയണ്. മൈൻ ആന്റ് മിനറൽ ആക്ട്, ഭൂഗർഭ ജലവിനിയോഗ നിയമം, മരം വളർത്തൽ പ്രോത്സാഹന നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവ ഉദാഹരണം. കൂടാതെ എൽ.ഡി.എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പാരിസ്ഥിതിക വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നു. വനം, കണ്ടൽ, പശ്ചിമഘട്ടം, ജല മലിനീകരണം, മണൽ - പാറ ഖനനം എന്നിവയെ കുറിച്ചും ഏറെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്ന വാഗ്ദാനത്തെ കുറിച്ച് പിന്നീട് മിണ്ടാട്ടമില്ല. 
നിർമാണ പ്രവർത്തനങ്ങൡ നിയന്ത്രണം, പൊതുവാഹനങ്ങൾക്ക് പ്രോത്സാഹനം, ശബ്ദമലിനീകരണം കുറക്കും എന്നിവയിൽ ഒരു പടി പോലും മുന്നോട്ടു പോയില്ല. പ്ലാച്ചിമട ട്രൈബ്യൂണൽ, എൻഡോസൾഫാൻ ഇരകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും പ്രകടനപത്രികയിൽ പറയുന്ന ഒന്നും തന്നെ പ്രാവർത്തിക്കിയിട്ടില്ല. ഈ വിഷയങ്ങളൊന്നും ഉന്നയിച്ച് പോരാടാൻ പ്രതിപക്ഷവും തയാറല്ല. അതിനാൽ തന്നെ വരും വർഷങ്ങളിലും ഇതെല്ലാം ആവർത്തിക്കുക തന്നെ ചെയ്യും, ശാശ്വതമായ ഒരു പരിഹാരവും ഉണ്ടാകാൻ പോകുന്നില്ല എന്നുറപ്പ്.

Latest News