Wednesday , January   22, 2020
Wednesday , January   22, 2020

കൊച്ചിയിൽനിന്ന് വാരാന്ത്യ യാത്രക്കൊരിടം

തിരക്കുകളിൽ നിന്നും പെെട്ടന്നൊരു ദിവസത്തേക്ക് ഓടിയൊളിക്കാൻ കൊച്ചിക്കടുത്ത് മനോഹരമായ സ്ഥലമുണ്ടെന്ന് അന്വേഷിക്കുകയാണോ. എങ്കിലിതാ പുല്ലാശാരിക്കുത്ത്, അയ്യപ്പൻ മുടി, തേൻ നോക്കിമല, കൊനിപാറ വ്യൂ പോയന്റ്, മാമലക്കണ്ടം,  ആനക്കുളം ഓഫ്‌റോഡ് യാത്ര... അങ്ങനെ എത്രയോ കാഴ്ചകൾ...

തേൻനോക്കിമല
എറണാകുളം ജില്ലയിൽ ട്രക്കിംഗിന് ഇടം നോക്കുന്നവർക്കുള്ള ഇടമാണ് തേൻനോക്കിമല. നേര്യമംഗലം ഫോസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർ കുടിയിലാണ് തേൻ നോക്കി മല. ആനകൾ മേയുന്ന ഇറ്റക്കാടും പാറക്കെട്ടും ചതുപ്പും ഒകെ നിറഞ്ഞ കാടായതുകൊണ്ട് ഒരു ഗൈഡ് നിർബന്ധം. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും അനുവാദവും വാങ്ങേണ്ടതുണ്ട്. 

ഭൂതത്താൻ കെട്ട് പുരാതന ഗുഹ
ഭൂതത്താൻകെട്ടിൽ വിനോദ സഞ്ചാരികൾ കൂടുതലെത്തുന്ന പഴയ ഭൂതത്താൻ കെട്ടിലേയ്ക്കുള്ള വനപാതയിൽ നിന്നു നോക്കിയാൽ ഈ ഗുഹയുടെ കവാടം കാണാം. ഭൂതത്താൻകെട്ട് ഇടമലയാർ റോഡിൽ നിന്നും കഷ്ടി 300 മീറ്ററോളം അകലെ വനത്തിനുള്ളിലായാണ് ഈ ഗുഹ. കവാടത്തിൽ ഒരാൾക്ക് കഷ്ടി ഇരുന്ന് പ്രവേശിക്കാവുന്നത്ര ഉയരമേ ഉള്ളൂ. ഉള്ളിലേയ്ക്ക് കടക്കും തോറും വിസ്താരം കൂടിക്കൂടി വരും. മധ്യഭാഗത്തെത്തുമ്പോൾ ഒരാൾക്ക് കഷ്ടി ഉയർന്ന് നിൽക്കാം. 15 മീറ്ററോളം ദൂരം ചെല്ലുമ്പോൾ ഗുഹ ഇടത്തേയ്ക്കും വലത്തേയ്ക്കുമായി തിരിയുന്നുമുണ്ട്. ഗുഹയിൽ കടന്നാൽ രണ്ടായി തിരിയുന്ന ഭാഗത്തേക്ക് വരെ മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. മുകളിലേയ്ക്ക് കയറിയാൽ മുള്ളൻ പന്നി, ചെന്നായ് ഉൾപ്പെടെയുള്ള ജീവികൾ ഉണ്ടാവാമെന്നുള്ള സംശയത്തെത്തുടർന്നും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് ഈ ക്രമീകരണം. ഇത് ലംഘിച്ച് ഒരിക്കൽ മുന്നോട്ടുപോയ വിനേദ സഞ്ചാരികളിൽ ഒരാൾക്ക് പ്രസവിച്ച് കിടന്നിരുന്ന മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
എ.ഡി 800 കാലഘട്ടത്തിൽ നിർമിക്കപ്പെട്ടതാണ് ഗുഹയെന്നും ചേര രാജാക്കന്മാരുടെ കാലത്ത് ഈ ഗുഹ ആയുധപ്പുരയായി ഉപയോഗിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

പുല്ലാശാരിക്കുത്ത് വെള്ളച്ചാട്ടം
തട്ടേക്കാടുനിന്ന് പതിനാലു കിലോമീറ്റർ കൂടി പോയാൽ പിണവർകുടിയായി. പിണവർകുടിക്കും തട്ടേക്കാടിനും ഇടയ്ക്കാണ് ഉരുളൻ തണ്ണി. ഉരുളൻ തണ്ണിയിൽനിന്ന് രണ്ടു കിലോമീറ്റർ നടന്നാൽ മനോഹരമായ പുല്ലാശാരിക്കുത്ത് വെള്ളച്ചാട്ടം കാണാം. തട്ടേക്കാട്ടടുനിന്ന് മുൻകൂർ അനുവാദം വാങ്ങി പുല്ലാശാരിക്കുത്തിലേക്കു പോകാം. അവിടെയും ഫോറസ്റ്റ് ക്യാമ്പുണ്ട്. അധികം സഞ്ചാരികൾ എത്തിച്ചേരാത്ത പ്രദേശമാണ് പുല്ലാശാരിക്കുത്ത് വെള്ളച്ചാട്ടം. പുല്ലാശ്ശേരിക്കുത്ത് ഉരുളൻതണ്ണി വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്നുണ്ട്.

മാമലക്കണ്ടം ഓഫ് റോഡ് ഡ്രൈവ്
കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ വിഹരിക്കുന്ന ഒരു പ്രദേശമാണിത്. ഏകദേശം ഇരുപത് കിലോമീറ്റർ ഓഫ് റോഡാണ് മാമല കണ്ടം ആനകുളം റോഡ്. മാമലകണ്ടത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റർ പോയാൽ കുറത്തി കുടി ആദിവാസി ഊര് എത്തും.  ഇവിടെ നിന്ന് ഏകദേശം 10 കിലോമീറ്റർ പോയാൽ പെരുമ്പൻ കുത്ത് ജനവാസ മേഖല. ഇവിടെ നിന്നും ആനകുളതെക്കും പോകാൻ സാധിക്കും. 

അയപ്പൻമുടി
കോതമംഗലം മുനിസിപ്പാലിറ്റിയിലെ ചെർലാട്ടടുനിന്നാരംഭിച്ച് കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടുവരെ 250 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന അയ്യപ്പൻമുടി, പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമാണ്. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പുലിയള്ള് എന്ന വലിയ പൊത്ത് ആകർഷകം തന്നെ. 10 പേർക്ക് ഇരിക്കാൻ കഴിയുന്ന പാറ കൊണ്ടുള്ള ഇരിപ്പിടമുണ്ടിവിടെ. കാറ്റുകൊള്ളാനും വിശ്രമിക്കാനുമായി ധാരാളം പേർ എത്തുന്നു. മഞ്ഞണിഞ്ഞ ഹൈറേഞ്ച് മലനിരകൾ അയ്യപ്പൻ മുടിയുടെ മുകളിലെത്തിയാലുള്ള മനോഹര കാഴ്ചയാണ്. കോതമംഗലം മുനിസിപ്പാലിറ്റിയിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയാണിത്. ഭൂതത്താൻകെട്ട്, തട്ടേക്കാട്, ഇടമലയാർ പാതയിൽനിന്നും 250 മീറ്റർ ഉള്ളിലായാണ് മുടിയുടെ ഉത്ഭവ കേന്ദ്രം. അയ്യപ്പൻമുടിയുടെ എല്ലാ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കോതമംഗലം തട്ടേക്കാട് റൂട്ടിൽ ഊഞ്ഞാപ്പാറ എത്തി വലത്തോട്ട് തിരിഞ്ഞു കാഞ്ഞിരക്കുന്നിൽ വന്നു വലതു തിരിഞ്ഞാൽ അയ്യപ്പന്മുടിയിൽ എത്താം. ഇവിടെനിന്നും പാറപ്പുറത്ത് കൂടി 15 മിനിട്ട് നടക്കണം ക്ഷേത്രത്തിൽ എത്തുവാൻ.

ഇഞ്ചത്തൊട്ടി തൂക്ക് പാലം
എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ഈ പാലം കേരളത്തിലെ നീളം കൂടിയ തൂക്കുപാലങ്ങളിൽ ഒന്നാണ്. ഭൂതത്താൻ കെട്ടും തട്ടേക്കാടും കാണാനെത്തുന്നവരുടെ ഇടത്താവളം.ഇളംകാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് പുൽത്തകിടികളിൽ ഒഴിവുസമയം ചെലവിടാനും പുഴയിൽ ചൂണ്ടയിടാനുമെല്ലാം പറ്റിയ ഇടം. പ്രകൃതി ഭംഗിയും ശാന്തമായ അന്തരീക്ഷവും ഉള്ളതിനാൽ വെഡിങ് ഫോട്ടോഗ്രഫിക്കായും ആളുകൾ ഇവിടെയെത്തുന്നുണ്ട്. 
തട്ടേക്കാട് പക്ഷിസങ്കേതം കണ്ടു മടങ്ങുന്ന സഞ്ചാരികൾക്കു പുന്നേക്കാട്‌നേര്യമംഗലം വഴി ഇവിടെ എത്താം. ഭൂതത്താൻകെട്ട് അണക്കെട്ടിന് മുൻപാണ് തൂക്കുപാലം. വൈകുന്നേരമാണ് സന്ദർശനത്തിനു പറ്റിയ സമയം.

ഭൂതത്താൻകെട്ട്
പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണക്കെട്ട്. രണ്ട് വലിയ പാറക്കെട്ടുകൾക്ക് നടുവിലായി കുറെ വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നതു പോലെയുള്ള കുറെ ഭാഗങ്ങൾ ഇവിടെ കാണാവുന്നതാണ്. നദിക്കു കുറുകെ ഭൂതത്താൻമാർ കെട്ടിയുണ്ടാക്കാൻ ശ്രമിച്ച അണക്കെട്ടിന്റെ ബാക്കിയാണ് ഇവിടം എന്ന് ഒരു മിത്ത് നിലനിൽക്കുന്നു. ഈ പേര് കിട്ടാനുള്ള കാരണവും ഇതാകും. 
ഈ അണക്ക് സമീപത്തായി സർക്കാർ ഇന്നത്തെ അണക്കെട്ട് പണിതു. കോതമംഗലത്തുനിന്നും 11 കിലോമീറ്റർ അകലെ തട്ടേക്കാടിലേക്ക് പോകുന്ന വഴിയിൽ കീരമ്പാറ കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് മൂന്നു കിലോമീറ്റർ അകലെയാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കൊടും വേനൽകാലത്തും വെള്ളം ഒട്ടും വറ്റാതെ നിറഞ്ഞുകിടക്കുന്ന കേരളത്തിലെ ഒരേയൊരു ഡാമാണ് ഭൂതത്താൻകെട്ട്. ഭൂതത്താൻ കെട്ട് അണക്കെട്ടിൽ തടഞ്ഞുനിർത്തിയിരിക്കുന്ന വെള്ളമാണ് തട്ടേക്കാട് തടാകമായി കാണുന്നത്. ഡാമിലെ വെള്ളം 12 കിലോമീറ്റർ അകലെ കുട്ടമ്പുഴ വരെ കയറിക്കിടക്കുന്നു. ജലാശയത്തോട് ചേർന്നു കാണുന്നത് കുട്ടമ്പുഴ വനമേഖലയാണ്. ദൂരെ കാണുന്ന മലനിരകൾക്കപ്പുറമാണ് മാങ്കുളം, മൂന്നാർ പ്രദേശങ്ങൾ. പുലിമുരുകൻ, ശിക്കാർ തുടങ്ങിയ സിനിമകൾ ചിത്രീകരിച്ചത് കുട്ടമ്പുഴ വനമേഖലയിലായിരുന്നു. മധ്യകേരളത്തിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഭൂതത്താൻ കെട്ട് അണയും സമീപത്തെ നിബിഢവനങ്ങളും. അണക്കെട്ടിലെ ജലാശയത്തിൽ ബോട്ടിംഗ് സൗകര്യമുണ്ട്. മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.

ഇടമലയാർ ഡാം
എറണാകുളം ജില്ലയിൽ ഇടമലയാർ നദിക്ക് കുറുകെയാണ് ഈ ഡാം നിർമിച്ചിരിക്കുന്നത്. ഭൂതത്താൻ കെട്ടിന് സമീപത്തായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. 1957 ൽ ആണ് ഈ ഡാം കമ്മീഷൻ ചെയ്തത്. സന്ദർശിക്കണം എങ്കിൽ കെ.എസ്.ഇ.ബി ആസ്ഥാനത്തുനിന്നും മുൻകൂർ അനുവാദം ആവശ്യമാണ്. ഒരു തരത്തിലുള്ള ക്യാമ്പിംഗും അനുവദിക്കില്ല.

തട്ടേക്കാട് (ഡോ. സലീം അലി പക്ഷിസങ്കേതം)
കേരളത്തിലെ ഏറ്റവും പ്രശസ്തമായ പക്ഷി സങ്കേതമാണ് എറണാകുളത്തിനും ഇടുക്കിക്കും ഇടയിലായി തട്ടേക്കാട്ട് സ്ഥിതി ചെയ്യുന്ന ഡോ. സലീം അലി പക്ഷി സങ്കേതം. തട്ടേക്കാട് പക്ഷി സങ്കേതം എന്നും ഇതറിയപ്പെടുന്നു. 1983 ൽ നിലവിൽ വന്ന ഇത് ആഗോള തലത്തിൽ പ്രശസ്തനായ സലീം അലി നടത്തിയ വിവിധ പഠനങ്ങൾക്കും സർവേകൾക്കും ശേഷമാണ് പക്ഷി സങ്കേതമായി മാറുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് പക്ഷി സങ്കേതത്തിന് അദ്ദേഹത്തിന്റെ പേരു നൽകുന്നത്.
നവംബർ മുതൽ ജൂൺ വരെയുള്ള സമയങ്ങളിലാണ് ഇവിടെ കൂടുതലും ദേശാടന പക്ഷികൾ എത്തുന്നത്. പക്ഷികളെ നിരീക്ഷിക്കാൻ താൽപര്യമുള്ളവർക്ക് രാവിലെ ആറു മണി മുതൽ വൈകിട്ട് നാലുമണി വരെ ഇവിടെ പഠനം നടത്താൻ അനുമതിയുണ്ട്.                -ട്രാവലേഴ്‌സ്

Latest News