Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

നാസയുടെ മുന്നിൽ, അഭിമാനത്തോടെ

വടക്കാങ്ങരയിൽ നിന്നും വാഷിംഗ്ടണിലേക്ക് -3

ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ നാസക്ക് മുന്നിൽ 

വാഷിംഗ്ടണിലെ നാഷണൽ എയർ ആന്റ് സ്‌പേസ് മ്യൂസിയത്തിൽനിന്ന് തന്നെ നാസയെക്കുറിച്ചും അതിന്റെ വിപുലമായ പ്രവർത്തനങ്ങൾ സംബന്ധിച്ചും ഒരേകദേശ വിവരം ലഭിക്കും. എങ്കിലും നാസയുടെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോഴാണ് മനുഷ്യ ബുദ്ധിയും ഗവേഷണവും കീഴ്‌പ്പെടുത്തി അത്ഭുതങ്ങളുടെ വിസ്മയച്ചെപ്പ് തുറക്കാനാവുക. 
പീസ് കൗൺസിൽ സമ്മേളനത്തെ കൂടുതൽ സജീവവും അക്കാദമിക സ്വഭാവത്തിലുള്ളതുമാക്കുന്നതിനായി വിദ്യാർഥികളേയും ഇത്തവണ പ്രത്യേകം ക്ഷണിച്ചിരുന്നു. ഖത്തറിലെ ഏറ്റവും വലിയ മലയാളി വിദ്യാഭ്യാസ സ്ഥാപനമായ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളെയാണ് കൂടെ കൂട്ടിയിരുന്നത്. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും 120 ഓളം വിദ്യാർഥികളുമാണ് നാസ സന്ദർശന ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. 
അമേരിക്കൻ യാത്രയിലെ അവർക്കുള്ള ഏറ്റവും വലിയ ആകർഷണവും നാസയിലെ മൂന്ന് ദിവസത്തെ പരിശീലന പരിപാടിയായിരുന്നു. വിദ്യാർഥികളിൽ ശാസ്ത്ര ബോധവും ഗവേഷണ താൽപര്യവും ജനിപ്പിക്കുന്ന ഈ പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് നാസയുടെ സർട്ടിഫിക്കറ്റും ലഭിക്കുന്നു. നാസയിലേക്ക് കുട്ടികളോടൊപ്പം പോകാനായില്ലെങ്കിലും പോയി വന്നവർ പങ്കുവെച്ച വിവരങ്ങളാണ് ഇവിടെ കുറിക്കുന്നത്.  സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളാണ് ഇപ്പോൾ നാസയിലേക്ക് പോകുന്നത്. കാണാനും കേൾക്കാനും വിസ്മയങ്ങളുടെ കലവറയായ നാസയെക്കുറിച്ച് ചില പ്രാഥമിക കാര്യങ്ങളെങ്കിലും ഗ്രഹിക്കുവാനും ഇതുപകരിക്കും. 
ബഹിരാകാശ ശൂന്യാവകാശ പദ്ധതികളും വ്യോമയാന പരീക്ഷണ ഗവേഷണങ്ങളും നടത്തുന്നതിനായി യു.എസ് ഗവൺമെന്റ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ് നാസ. നാഷണൽ എയ്‌റോനോട്ടിക്‌സ് ആന്റ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷൻ  എന്നതിന്റെ ചുരുക്കപ്പേരാണിത്. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപം നൽകുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958 ൽ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടൺ ആണ്.
ജോൺ എഫ് കെന്നഡി സ്‌പേസ് സെന്റർ ഫ്‌ളോറിഡ, ഏമെസ് റിസർച്ച് സെന്റർ കാലിഫോർണിയ, ആംസ്‌ട്രോങ് ഫ്‌ളൈറ്റ് റിസർച്ച് സെന്റർ കാലിഫോർണിയ, ഗൊഡ്ഡാഡ് സ്‌പേസ് സെന്റർ മേരിലാൻഡ്, ജെറ്റ് പോപ്പുലേഷൻ ലബോറട്ടറി കാലിഫോർണിയ, ലിൻഡൺ ബി ജോൺസൺ സ്‌പേസ് സെന്റർ ഹൂസ്റ്റൺ, ലാംഗ്‌ലേ റിസർച്ച് സെന്റർ വെർജീനിയ, ജോൺ എച്ച് ഗഌ റിസർച്ച് സെന്റർ ഓഹിയോ, ജോൺ സി മാർഷൽ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ അലാബാമ, ജോൺ സി. സ്‌റ്റെന്നീസ് സ്‌പേസ് സെന്റർ മിസിസിപ്പി എന്നിവ നാസയുടെ ഫീൽഡ് സെന്ററുകളാണ്. വിദ്യാർഥികൾക്കുള്ള പരിശീലന പരിപാടികൾ അധികവും നടക്കാറുള്ളത് ഫ്‌ളോറിഡയിലുള്ള ജോൺ എഫ് കെന്നഡി സ്‌പേസ് സെന്ററിൽ വെച്ചാണ്. 
1958 ൽ ഔദേ്യാഗികമായി രൂപം കൊണ്ട നാസയുടെ ചരിത്രം നാഷണൽ അഡൈ്വസറി കമ്മിറ്റി ഫോർ എയ്‌റോനോട്ടിക്‌സിന്റെ രൂപീകരണത്തോടെയാണ് ആരംഭിക്കുന്നത്. വ്യോമയാന രംഗത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പിറകിലായിരുന്ന അമേരിക്കയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷൻ സെക്രട്ടറിയായിരുന്ന ചാൾസ് ഡി. വാൽകോട്ടിന്റെ നേതൃത്വത്തിലാണ് 1915 ൽ എൻ.എ.സി.എ. രൂപംകൊള്ളുന്നത്. വേ്യാമയാനരംഗത്തെ പുരോഗതിക്കായി ഒരു സൈനികേതര ഏജൻസി എന്ന ചാൾസ് ഡി. വാൽകോട്ടിന്റെ ആശയമായിരുന്നു രൂപീകരണത്തിന് വഴിതെളിച്ച പ്രധാന ആശയം.  46 വർഷം പഴക്കമുള്ള ഗവേഷണ സ്ഥാപനം നാസയായി മാറുമ്പോൾ നാല് പരീക്ഷണ ശാലകളും 80 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.
1958 ജനുവരി 31 ന് എക്‌സ്‌പ്ലോറർ  അമേരിക്ക ഭ്രമണപഥത്തിൽ എത്തിച്ചു. നാസയുടെ തുടക്കം മുതൽക്കേ ലക്ഷ്യമിട്ടത് മനുഷ്യനെ എങ്ങനെ വിജയകരമായി ബഹിരാകാശത്ത് എത്തിക്കാമെന്നായിരുന്നു. അങ്ങനെ അമേരിക്കയും സോവിയറ്റ് യൂനിയനും ബഹിരാകാശ ഗവേഷണ രംഗത്ത് മത്സരയോട്ടം ആരംഭിക്കുകയായിരുന്നു. ഈ ബഹിരാകശയോട്ടത്തിൽ വേർണൽ വോൺ ബ്രൌണിന്റെ നേതൃത്വത്തിലുള്ള ജർമൻ റോക്കറ്റ് പ്രോഗ്രാമിന്റെ പ്രവേശനം നിർണായകമായിരുന്നു. രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം അമേരിക്കൻ പൗരൻ ആയ വെർണൽ ഇന്ന് അമേരിക്കൻ ബഹിരാകാശ പരിപാടിയുടെ പിതാവായി അറിയപ്പെടുന്നു.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന അമേരിക്കയുടെ ആദ്യ സംരംഭം പ്രോജെക്റ്റ് മെർകുറി (1958) എന്നാണറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി 1961 മെയ് 5 നു ഫ്രീഡം 7 എന്ന ഉപപരിക്രമണ ബഹിരാകാശ പേടകം പറപ്പിച്ചുകൊണ്ട് അലൻ ഷെപാർഡ് ആദ്യ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായി. തുടർന്ന് 1962 ൽ ഫ്രണ്ട്ഷിപ്പ് എന്ന പേടകത്തിൽ ഭൂമിയെ ചുറ്റിസഞ്ചരിച്ച (അഞ്ചേകാൽ മണിക്കൂർ) ആദ്യ അമേരിക്കൻ എന്ന ബഹുമതി ജോൺ ഗ്ലെൻ നേടിയെടുത്തു.

മെർക്കുറി പ്രോജക്റ്റ് വിജയകരമായതിനു ശേഷം നാസയുടെ കണ്ണുകൾ ചന്ദ്രനിൽ പതിഞ്ഞു. അതിനായി പ്രോജക്റ്റ് ജെമിനി' എന്ന പദ്ധതി ആവിഷ്‌കരിച്ചു. പത്തോളം ദീർഘസമയ ബഹിരാകാശ യാത്രകൾ സംഘടിപ്പിച്ചു. ഇതിൽ ആദ്യത്തേത് 1965 മാർച്ച് 23 ന് ഗസ് ഗ്രിസോം, ജോൺ യങ് എന്നിവരെയും കൊണ്ട് പറന്ന ജെമിനി മൂന്ന് ആയിരുന്നു.

അപ്പോളോ പ്രോഗ്രാം
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. 1969 ജൂലൈ 16 ന് ഫ്‌ളോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ. 1969 ജൂൈല 21 ന് നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി.

സ്‌കൈലാബ്
ഭൂപരിക്രമണ പഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്‌പേസ് സ്‌റ്റേഷൻ ആണ് സ്‌കൈലാബ്. 75 ടൺ ഭാരമുള്ള ഈ സ്‌പേസ് സ്‌റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തന സജ്ജമായിരുന്നു.1973ലും 74 ലും ആയി ബഹിരാകാശ സഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. സൗരയൂഥത്തിലെ ഗുരുത്വകർഷണ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദ്ദേശ്യം.

സ്‌പേസ് ഷട്ടിൽ പ്രോഗ്രാം
1970 - 80 കളിലാണ് സ്‌പേസ് ഷട്ടിൽ എന്ന ആശയത്തിൽ നാസ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. 1985 ഓടെ നാല് സ്‌പേസ് ഷട്ടിൽ നിർമിക്കാനും നാസക്ക് കഴിഞ്ഞു. തുടർച്ചയായി വീണ്ടും വീണ്ടും വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനങ്ങളാണ് സ്‌പേസ് ഷട്ടിലുകൾ. 1981 ഏപ്രിൽ 12 നു ആയിരുന്നു ആദ്യ സ്‌പേസ് ഷട്ടിലായ കൊളംബിയയുടെ വിക്ഷേപണം. 1986 ൽ ചലഞ്ചർ വിക്ഷേപിച്ചുവെങ്കിലും ഒടുവിൽ ദുരന്തമായി മാറുകയായിരുന്നു.

ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷൻ
ഭൂമിക്ക് വളരെ അടുത്ത ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗവേഷണ ശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. 1998 ലാണ് ഈ നിലയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. ബഹിരാകാശത്തിലെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കേത്തന്നെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വിവിധ ഭാഗങ്ങൾ സംയോജിപ്പിച്ചത്. ഭൂമിയിൽനിന്നും നഗ്‌നനേത്രങ്ങൾകൊണ്ട് കാണാവുന്ന ഈ നിലയം 386.24 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുകയും 28,000 കി.മീ വേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. പ്രധാനമായും മൈക്രോ ഗ്രാവിറ്റിയിൽ നടത്തുന്ന ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വേണ്ടിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം നിർമിച്ചത്. 16 രാഷ്ട്രങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

നാസയുടെ നായകർ
നാസ സംഘത്തിന്റെ നേതൃത്വവും നിയന്ത്രണവും അഡ്മിനിസ്‌ട്രേറ്ററിൽ നിക്ഷിപ്തമാണ്. നാസയുടെ ഏറ്റവും ഉയർന്ന റാങ്ക് ആയ അഡ്മിനിസ്‌ട്രേറ്റർ തന്നെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ സ്‌പേസ് സയൻസ് ഉപദേശകന്റെയും പ്രസിഡന്റിന്റെ  എക്‌സിക്യൂട്ടീവ് ഓഫീസിന്റെയും ബന്ധപ്പെട്ട മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങളുടെയും നാസ പ്രതിനിധി കൂടിയാണ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ. ദൈനംദിന കാര്യങ്ങളുടെ ചുമതലും ഇദ്ദേഹത്തിനാണ്.
ഫ്‌ളോറിഡയിലുള്ള ജോൺ എഫ് കെന്നഡി സ്‌പേസ് സെന്ററിലെ നാസയുടെ അകത്തേക്ക് കടക്കുമ്പോൾ ആദ്യം കാണുന്നത് കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലമാണ്. അവിടെ കൊച്ചു കുട്ടികൾ ഓടിനടക്കുന്നു.  വലത് ഭാഗത്ത് സ്റ്റാർ ഷിപ്പ്  ഗാലറി എന്ന് എഴുതി വെച്ചിരിക്കുന്നത് കാണാം.   മുകളിലായി ചന്ദ്ര പേടകത്തിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. മനുഷ്യൻ ചന്ദ്രനിൽ  ഇറങ്ങിയ ആ പേടകം ഒരു നിമിഷം അതിശയത്തോടെ മാത്രമേ നോക്കിനിൽക്കാനാവുകയുള്ളൂ.  ആ പേടകത്തിനുള്ളിൽ  ഇരിക്കുന്ന ബഹിരാകാശ സഞ്ചാരികളെയും കാണാം. 

ഡോക്യുമെന്ററി പോലെ കുറച്ചു നേരം അമേരിക്കയുടെ ബഹിരാകാശ ഗവേഷണത്തിന്റെയും നാസയുടെയും ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടമാണ് സ്റ്റാർഷിപ്പ് ഗാലറിയിൽ. അമേരിക്കൻ പ്രസിഡന്റിന്റെ  സീൽ പതിപ്പിച്ച ഒരു പ്രസംഗ പീഠം അവിടെ  കാണാം. സോവിയറ്റ് റഷ്യയിൽ നിന്നും യുറീ ഗഗാറിൻ  ആദ്യത്തെ ബഹിരാകാശ സഞ്ചാരിയായി  ഭൂമിയെ വലംവെച്ചതോട് കൂടി ബഹിരാകാശ ഗവേഷണത്തിൽ അമേരിക്കയുടെ മറുപടി ആയി അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ് കെന്നഡി അമേരിക്ക ചന്ദ്രനിൽ മനുഷ്യനെ അയക്കും എന്ന് അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് കൊടുത്ത പ്രസംഗത്തിന് ഉപയോഗിച്ച പ്രസംഗ പീഠം ആയിരുന്നു അത് എന്നാണ് പറയപ്പെടുന്നത്. 
ചന്ദ്രദൗത്യം  നാസയുടെ ചരിത്രത്തിന് തിലകക്കുറിയായി ആ വിജയത്തിന്റെ സന്തോഷ വാർത്ത ലോകത്തെ അറിയിച്ചുകൊണ്ട് പല രാജ്യകളിൽ അവരുടെ  വർത്തമാന പത്രത്തിൽ വന്ന വാർത്തകളും അവിടെ കാണാൻ സാധിക്കും. ആ വാർത്തകളിൽ ഭാരതത്തിൽ നിന്നും ഒരു ഹിന്ദി പത്രത്തിലെ തലക്കെട്ടും കാണാം. ഡോക്യുമെന്ററി കണ്ട ശേഷം അമേരിക്കൻ ബഹിരാകാശ ചരിത്രവുമായി ബന്ധപ്പെട്ട പ്രദർശന വസ്തുക്കൾ വെച്ചിരിക്കുന്ന ഗാലറിയിലേക്ക് പോകാം. 
യാത്രികർ സഞ്ചരിച്ച മെർക്യുറീ, ജെമിനി എന്നീ ബഹിരാകാശ പേടകങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.  അതെല്ലാം മനുഷ്യനെ സുരക്ഷിതമായി അവിടെ എത്തിച്ച് അതുപോലെ തന്നെ തിരിച്ചുകൊണ്ട്  വരികയും ചെയ്ത യഥാർത്ഥ പേടകങ്ങൾ തന്നെ ആയിരുന്നു. അവിടെ തന്നെ അപ്പോളോ  പതിനേഴിന്റെ  രൂപവും കൂടി വെച്ചിട്ടുണ്ട്. ഇതെല്ലം  വളരെ അടുത്ത് നിന്നു കാണാം. മെർക്യുറീ, ജെമിനി എന്നീ സംരംഭങ്ങളുടെ  വിജയത്തിന് ശേഷം അപ്പോളോ മിഷന്റെ പേരിൽ അമേരിക്കൻ യാത്രികർ പിന്നെയും ബഹിരാകാശ യാത്രകൾ  നടത്തി. അതിൽ അപ്പോളോ പതിമൂന്ന് മാത്രം ചന്ദ്രനിൽ  ഇറങ്ങാതെ തിരിച്ചു പോരേണ്ടി വന്നു. ലോകത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ആ സംഭവങ്ങൾ  അപ്പോളോ പതിമൂന്ന് എന്ന ചലച്ചിത്രത്തിൽ കാണാൻ സാധിക്കും. അതിനടുത്ത മുറിയിൽ ചന്ദ്രനിൽ നിന്നും കൊണ്ടുവന്ന മണൽത്തരികളും, കല്ലുകളും ചില്ലുക്കൂട്ടിൽ വെച്ചിരിക്കുന്നത് കാണാം. അതിൽ ഒരു കൊച്ചു കല്ലിൽ നമുക്ക് തൊട്ടു നോക്കാം. 
 അമേരിക്കയുടെ  ഗവേഷണ കേന്ദ്രമായ സ്‌കൈലാബിന്റെ ഒരു പൂർണകായ മാതൃകയാണ് കാണേണ്ട മറ്റൊന്ന്.  സാകൂതം കാഴ്ചകൾ കാണുന്ന എത്ര യുവ ശാസ്ത്രജ്ഞരാണ് കാലം കരുതിവെച്ചിട്ടുണ്ടാവുക. ബഹിരാകാശ യാത്രികർക്ക് പരിശീലനം കൊടുക്കുന്ന സ്ഥലമാണ് അടുത്ത സന്ദർശന കേന്ദ്രം. എല്ലാവരെയും ഒരു ട്രാമിൽ ആണ് കൊണ്ടുപോവുക. ട്രാമിലേക്ക് കയറുന്നതിന് മുൻപ്  സുരക്ഷാ പരിശോധന ഉണ്ടാകും. 
അത് കണ്ട് കഴിയുമ്പോൾ ആ ട്രാമിൽ തന്നെ റോക്കറ്റ് പാർക്കിന് മുൻപിൽ  കൊണ്ടിറക്കും. ഭീമാകാരമായ റോക്കറ്റും അതിന്റെ എൻഡിനും, മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച  റോക്കറ്റ്  വളരെ അടുത്ത് നിന്ന് കാണുന്നത് വിദ്യാർഥികൾക്ക് ഏറെ കൗതുകകരമാകും. റോക്കറ്റിന്റെ വലിപ്പം ആശ്ചര്യം ഉളവാക്കുന്നത് തന്നെ. ശാസ്ത്ര മികവിന്റെ, വിസ്മയ ദൃശ്യം നേരിട്ട് കണ്ടാൽ ഇതിൽ ബഹിരാകാശ യാത്രികർ ഇരിക്കുന്ന പേടകം റോക്കറ്റിന്റെ വലിപ്പം വെച്ച് താരതമ്യം ചെയ്യുമ്പോൾ എത്ര ചെറുതെന്ന് മനസ്സിലാക്കാം.
സ്‌പേസ് ഷട്ടിലിനെക്കുറിച്ചുള്ള  ഒരു ഗാലറി മറ്റൊരു പ്രധാന കാഴ്ച. അവരുടെ വസ്ത്രങ്ങൾ, അവിടെ പോയിട്ടുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു. ഓരോ ഫോട്ടോയും നോക്കി വായിച്ചു മനസ്സിലാക്കാൻ ദിവസങ്ങൾ വേണ്ടിവരും. ഇന്റർനാഷണൽ സ്‌പേസ് സ്‌റ്റേഷനിൽ താമസിക്കുന്നവരുടെ ദിനചര്യകളും താമസ രീതികളെയും  കുറിച്ച് ഒരു ഗൈഡ് ഇവിടെ പറഞ്ഞു തരും. അവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ശാസ്ത്രം എങ്ങനെ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്ന്  അവിടെ നിന്നും മനസ്സിലാക്കാം.  
ശാസ്ത്ര തൽപരരായ വിദ്യാർഥികൾക്ക് അതിരുകളില്ലാത്ത സ്വപ്‌നങ്ങളിൽ പറന്നുയരാനും ജീവിതയാത്രയിൽ കൂടുതൽ ഉയരങ്ങൾ കീഴ്‌പ്പെടുത്താനുമൊക്കെ നാസ സന്ദർശനം ഏറെ ഉപകരിക്കുമെന്നാണ് മൂന്ന് ദിവസം അവിടെ ചെലവഴിച്ച അധ്യാപകരും വിദ്യാർഥികളും പറയുന്നത്. ഹൈസ്‌കൂൾ വിദ്യാർഥികളൊക്കെ കഴിയുമെങ്കിൽ ഇത് സന്ദർശിക്കുവാൻ പരിശ്രമിക്കണമെന്നും അവർ ഓർമപ്പെടുത്തുന്നു.  (തുടരും)
 

Latest News