കശ്മീര്‍ വിഷയത്തില്‍ ചിദംബരം പ്രകോപനമുണ്ടാക്കുന്നു- ജാവഡേക്കര്‍

ന്യൂദല്‍ഹി-മുസ്ലിം ഭൂരിപക്ഷ പ്രദേശമായതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ചിദംബരത്തിന്റെ പ്രസ്താവന പ്രകോപനമുണ്ടാക്കുന്നതും നിരുത്തരവാദപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം വര്‍ഗീയവല്‍ക്കരിക്കുന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ചിദംബരം പയറ്റുന്നതെന്ന് മന്ത്രി ആരോപിച്ചു.

ജമ്മു കശ്മീര്‍ ഹിന്ദു മേധാവിത്ത പ്രദേശമായിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കില്ലായിരുന്നുവെന്നും ചിദംബരം തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു.
ചിദംബരം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് ഒറ്റ നിലപാടില്ലെന്നും ജാവഡേക്കര്‍ കുറ്റപ്പെടുത്തി.

നിരാശയും രാഷ്ട്രീയത്തിലെ ദിശാബബോധമില്ലായ്മയുമാണ് കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ കാരണം. കരണ്‍സിംഗ്, ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌റ, ആര്‍.പി.എന്‍ സിംഗ് തുടങ്ങിയ നേതാക്കള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അനുകൂലിക്കുമ്പോള്‍ ചിദംബരം, മണിശങ്കര്‍ അയ്യര്‍ തുടങ്ങിയ നേതാക്കള്‍ വിമര്‍ശിക്കുകയാണ്- ജാവഡേക്കര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ ബലിപെരുന്നാള്‍ സന്തോഷത്തോടെ കൊണ്ടാടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 നീക്കിയതോടെ കശ്മീര്‍ ജനത പുരോഗതി പ്രാപിക്കുമെന്നും 70 വര്‍ഷമായി അവര്‍ക്ക് നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ ലഭിക്കുമെന്നും ഇതിനാലാണ് അവര്‍ ആഹ്ലാദിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍ കുഴപ്പം പ്രതീക്ഷിച്ചവരും ശ്രമിച്ചവരുമുണ്ട്. എന്നാല്‍ കശ്മീര്‍ വളരെ വേഗം സാധാരണ നിലയിലാകും. ചിലര്‍ കശ്മീരില്‍ ഫലസ്തീന്‍ കാണുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രതിലോമ ചിന്താഗതിയാണ്. പ്രശ്‌നം വര്‍ഗീയവല്‍ക്കരിക്കാനാണ് ചിദംബരം ശ്രമിക്കുന്നത്. ഇത് വൃത്തികെട്ട രാഷ്ട്രീയമാണ്- ജാവഡേക്കര്‍ ആരോപിച്ചു.

 

Latest News