Sorry, you need to enable JavaScript to visit this website.

അനസ്‌ത്യേഷ്യക്കിടെ 72 കാരൻ വെപ്പ് പല്ല് വിഴുങ്ങി; പുറത്തെടുത്തത് ഒരാഴ്ച്ചക്കു ശേഷം മറ്റൊരു ശസ്‌ത്രക്രിയയിലൂടെ

ലണ്ടൻ- വയറ്റിലെ മുഴ നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷന് വേണ്ടി നൽകിയ അനസ്‌ത്യേഷ്യക്കിടെ  72 കാരൻ വെപ്പ് പല്ല് വിഴുങ്ങി. തുടർന്ന് ഒരാഴ്ച്ചക്കു ശേഷമാണു മറ്റൊരു ശസ്‌ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തത്. അതിസാഹസികമായി രണ്ടാമത് വീണ്ടും വലിയൊരു ശസ്ത്രക്രിയ നടത്തിയാണ് ഡോക്‌ടർ സംഘം വെപ്പുപല്ല് പുറത്തെടുത്തത്. ബ്രിട്ടനിലെ ആശുപത്രിയിലാണ് സംഭവം. വയറ്റിലുള്ള മുഴ നീക്കം ചെയ്യാനായി ഒരാഴ്ച്ച മുമ്പ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ വെപ്പ് പല്ലിന്റെ കാര്യം ഉണർത്താൻ ഇദ്ദേഹം മറന്നു. ശസ്‌ത്രക്രിയയ്ക്കായി ഡോക്‌ടർ സംഘം അനസ്‌ത്യേഷ്യ നൽകുകയും വയറ്റിലെ മുഴ നീക്കുന്ന ശസ്‌ത്രക്രിയ ഭംഗിയായി പൂർത്തിയാക്കുകയും ചെയ്‌തു. 
       ആറു ദിവസത്തിന് ശേഷം വായയിൽ രക്തം വരികയും ശ്വാസ തടസം നേരിടുകയും ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്നെന്നറിയിച്ച് ഇദ്ദേഹം വീണ്ടും ആശുപത്രിയിലെത്തി. ആദ്യ ദിനം ഏതാനും ആന്റിബയോട്ടിക് മരുന്നുകളും മൗത്ത് വാഷും നൽകി കൂടുതൽ പരിശോധന നടത്താതെ ഇദ്ദേഹത്തെ വീട്ടിലേക്കയച്ചു. എന്നാൽ യാതൊരു മാറ്റവുമില്ലാത്തതിനെ തുടർന്ന് തൊട്ടടുത്ത ദിവസം വീണ്ടും അഡ്‌മിറ്റ്‌ ചെയ്‌തപ്പോൾ നെഞ്ചിൽ അണുബാധയായിരിക്കാം കാരണമെന്ന നിഗമനത്തിലായി ഡോക്‌ടർ സംഘം. ഒടുവിൽ വിശദമായ പരിശോധനക്കിടെയാണ് തൊണ്ടയിൽ അർദ്ധവൃത്താകാരത്തിലുള്ള ഒരു വസ്‌തു കണ്ടെത്തിയത്. ഇതിനിടെയാണ് വൃദ്ധൻ തന്റെ വെപ്പ് പല്ല് ആശുപത്രിയിൽ വെച്ച് നഷ്‌ടപ്പെട്ട കാര്യം ഉണർത്തിയത്. ഉടൻ തന്നെ വീണ്ടും മറ്റൊരു വലിയ ഓപ്പറേഷൻ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു. 

Latest News