Sorry, you need to enable JavaScript to visit this website.

ജയിലുകളില്‍നിന്ന് 50 ലേറെ തടവുകാര്‍ ഹജ് നിര്‍വഹിക്കാനെത്തി


മക്ക- സൗദി ജയിലുകളില്‍ കഴിയുന്ന 50 ലേറെ തടവുകാര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കിയതായി ദേശീയ സുരക്ഷാ സേനാ വക്താവ് മേജര്‍ ജനറല്‍ ബസ്സാം അല്‍അതിയ്യ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്കൊപ്പം ഹജ് നിര്‍വഹിക്കുന്നതിനാണ് ഇവര്‍ക്ക് അവസരമൊരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

തീവ്രവാദികളെയും ഭീകരരെയും തെറ്റ് ബോധ്യപ്പെടുത്തുന്നതിനുള്ള പ്രിന്‍സ് മുഹമ്മദ് ബിന്‍ നായിഫ് കൗണ്‍സിലിംഗ് സെന്ററില്‍ നിന്ന് വിട്ടയച്ച തടവുകാര്‍ക്കും ബന്ധുക്കള്‍ക്കൊപ്പം സൗജന്യമായി ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിരുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ പുണ്യസ്ഥലങ്ങളില്‍ വെച്ച് വഴിതെറ്റിയ 15,000 ലേറെ പേരെ ഹജ്, ഉംറ മന്ത്രാലയം താമസസ്ഥലങ്ങളില്‍ തിരികെ എത്തിച്ചതായി മന്ത്രാലയ വക്താവ് ഹാതിം ഖാദി പറഞ്ഞു. ഇക്കൂട്ടത്തില്‍ ഭൂരിഭാഗം പേര്‍ക്കും അറഫയില്‍ ജബലുറഹ്മ സന്ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയിലാണ് വഴിതെറ്റിയതെന്നും ഹാതിം ഖാദി പറഞ്ഞു.

മഴക്കിടെ പുണ്യസ്ഥലങ്ങളില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു. ദുല്‍ഖഅ്ദ ഒന്നു മുതല്‍ കഴിഞ്ഞ ദിവസം വരെ 3,68,410 ഹാജിമാര്‍ക്ക് ആരോഗ്യ സേവനങ്ങളും ചികിത്സകളും നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു. 29 പേര്‍ക്ക് ഹൃദയം തുറന്നുള്ള ഓപ്പറേഷനുകളും 685 പേര്‍ക്ക് ആഞ്ചിയോപ്ലാസ്റ്റിയും നടത്തി. വൃക്കരോഗികള്‍ക്ക് 1,949 ഡയാലിസിസുകള്‍ നടത്തി. 103 പേര്‍ക്ക് ലാപ്രോസ്‌കോപിക് ശസ്ത്രക്രിയകള്‍ നടത്തി. 2,932 ഹാജിമാരെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് 1,50,000 റിയാലും ആഞ്ചിയോപ്ലാസ്റ്റിക്ക് 75,000 റിയാലും ചെലവ് വരും. ഇതെല്ലാം തീര്‍ഥാടകര്‍ക്ക് സൗജന്യമായാണ് നല്‍കുന്നത്. രോഗികളായ തീര്‍ഥാടകരുമായി ആശയവിനിമയം എളുപ്പമാക്കുന്നതിന് 120 ഭാഷകള്‍ തത്സമയം വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന ഉപകരണങ്ങളും ഈ വര്‍ഷം ആരോഗ്യ മന്ത്രാലയം പ്രയോജനപ്പെടുത്തി. ഹജ് സീസണില്‍ പത്തു പ്രസവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.

 

Latest News