ജിദ്ദ- ജന്മനാട് പ്രളയത്തിൽ മുങ്ങുമ്പോൾ സഹായഹസ്തവുമായി പ്രവാസി യുവാവും. ഹോട്ടൽ ജോലിക്കിടെ അതിഥികളിൽനിന്ന് ലഭിച്ച സ്‌നേഹസമ്മാനങ്ങൾ ഒരുക്കൂട്ടി വെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് കോട്ടക്കൽ കുറ്റിപ്പുറം കൊങ്ങപ്പറമ്പിൽ മുഹമ്മദിന്റെയും സൈനബയുടെ മകൻ ആസിഫ് അലി. നാലുവർഷമായി ജിദ്ദയിലെ ഹിന്ദാവിയയിലെ സിജാർ റസ്‌റ്റോറന്റിൽ ജോലി ചെയ്യുകയാണ് ആസിഫ് അലി. പ്രാരാബ്ദത്തിന്റെ നടുക്കടലിൽനിന്നാണ് ആസിഫ് അലിയുടെ സഹായവും കേരളത്തിന് നേരെ നീളുന്നത്. നാലു വർഷമായി നീളുന്ന ആസിഫ് അലിയുടെ പ്രവാസത്തിലെ രണ്ടാമത്തെ സഹായമാണിത്. കഴിഞ്ഞവർഷവും ആസിഫലി ഇതുപോലെ സഹായം നൽകിയിരുന്നു.
ആസിഫലിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഉപ്പയും ഉമ്മയും ആറു പെങ്ങൻമാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങന്മാരെ കെട്ടിച്ചയച്ചു, പ്രാരാബ്ധത്തിന്റെ പടുകുഴിയിലാണ്. നാലുവർഷമായി ജിദ്ദയിലെ ഹിന്ദാവിയയിൽ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റിൽ (മീൻകട) ജോലി ചെയ്യുകയാണ്. വിദേശികൾക്ക് ഭക്ഷണം മുന്നിൽ വെച്ച് കൊടുക്കുമ്പോൾ ടിപ്പ് ആയി തരുന്ന കാശാണ് കയ്യിലുള്ളത്. ഇത് മുഴുവനും പെരുന്നാൾ പൈസ ആയി മുതലാളി നൽകിയ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുകയാണ്. കഴിഞ്ഞ പ്രാവശ്യം കൊടുത്തതിൽ ഏറെ കൊടുക്കാൻ തന്നെയാണ് തീരുമാനം.
ആസിഫലിയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.