കശ്മീരികളുടെ പെരുന്നാള്‍; ഒറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ലെന്ന് അധികൃതര്‍

ശ്രീനഗര്‍- ജമ്മു കശ്മീരിലെ ബലിപെരുന്നാള്‍ ആഘോഷം സംഘര്‍ഷ മുക്തമായിരുന്നുവെന്ന് അധികൃതര്‍ അവകാശപ്പെട്ടു. പ്രത്യേക പദവി റദ്ദാക്കി കശ്മീരിനെ വിഭജിച്ചതില്‍ പ്രതിഷേധമറിയിക്കാന്‍ ജനങ്ങള്‍ തെരവിലിറങ്ങുമെന്ന ആശങ്ക ഉണ്ടായിരുന്നു. സുരക്ഷാ സൈനികര്‍ക്ക് ഒറ്റ വെടിയുണ്ട പോലും ഉതിര്‍ക്കേണ്ടിവന്നില്ലെന്നും കശ്മീരിന്റെ ഒരു മേഖലയില്‍നിന്നും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ ഏജന്‍സികള്‍ വെടിവെപ്പ് നടത്തിയെന്നും ആളുകള്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. പോലീസ് വിശദമായ റിപ്പോര്‍ട്ട് നല്‍കിയെന്നും ഇത്തരത്തില്‍ എവിടെയും വെടിവെപ്പ് നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണെന്നും ജമ്മു കശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സല്‍ മാധ്യമങ്ങളോട് പറഞ്ഞു.
എയര്‍പോര്‍ട്ടും ദേശീയ പാതയും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ച 30 ലേറെ വിമാന സര്‍വീസുകള്‍ നടത്തി.  ജില്ലാ, ഡിവിഷന്‍ ഉദ്യോഗസ്ഥ മേധാവികള്‍ ജനങ്ങളുമായും മൗലവിമാരുമായും സംസാരിച്ചുവെന്നും ഇതിന്റെ ഫലമായാണ് തീര്‍ത്തും സമാധാനപരമായ ഈദാഘോഷം സാധ്യമായതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹജ് നിര്‍വഹിച്ച് മടങ്ങുന്ന 11,000 പേരെ സ്വീകരിക്കുന്നതിന് വിപുലമായ ഏര്‍പ്പാടുകള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിലെ പള്ളികളില്‍ ഈദ് നമസ്‌കാരം സമാധാനപരമായി നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. എല്ലാ ജില്ലകളിലും ഈദ് പ്രാര്‍ഥന സമാധാനപരമായിരുന്നു. അനന്ത്‌നാഗ്, ബാരാമുല്ല, ബുദ്ഗാം, ബന്ദിപ്പൊര എന്നിവിടങ്ങളിലെല്ലാം സംഘര്‍ഷമില്ലാതെ ഈദ് നമസ്‌കാരങ്ങള്‍ നടന്നു. ബാരാമുല്ല പട്ടണത്തിലെ ജാമിഅ മസ്ജിദില്‍ ഏതാണ്ട് പതിനായിരം പേര്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തുവെന്ന് വിദേശ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.
ശ്രീനഗറിലെയും ഷോപിയാനിലെയും പ്രധാന പള്ളികളില്‍ ജനങ്ങള്‍ ആവേശത്തോടെയാണ് ഈദ് നമസ്‌കാരങ്ങളില്‍ പങ്കുകൊള്ളാന്‍ എത്തിയത് -വക്താവ് പറഞ്ഞു.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കര്‍ഫ്യൂവില്‍ ഭാഗികമായി ഇളവ് നല്‍കിയിരുന്നുവെന്നും സംസ്ഥാനം സാധാരണ നിലയിലായിരുന്നുവെന്നും ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ച ശേഷം സംസ്ഥാനത്ത് 144 പാസാക്കിയിരുന്നു. കശ്മീരില്‍ സൈനിക സന്നാഹം വന്‍തോതില്‍ വര്‍ധിപ്പിക്കുകയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കമുള്ളരെ ജയിലിലടച്ചുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നത്.

 

Latest News