Sorry, you need to enable JavaScript to visit this website.

മനം നിറഞ്ഞു; വിശുദ്ധ ഹജ് സമാപ്തിയിലേക്ക്

ഹാജിമാരെ തണുപ്പിച്ച് മഴ; ഹജിന് ബുധനാഴ്ച സമാപനം

മിനാ- ഹജ് കർമങ്ങൾ അവസാന ഘട്ടത്തിലേക്കു കടന്നു. നാലാം ദിനമായ തിങ്കളാഴ്ച കല്ലേറ് കർമം സുഗമമായി നടന്നു. ബുധനാഴ്ചയോടെ ഹജ് കർമങ്ങൾ പൂർണമായും അവസാനിക്കും. അതിനിടെ മിനായിലും മക്കയിലും പെയ്ത കനത്ത മഴ തീർഥാടകർക്ക് നേരിയ പ്രയാസങ്ങൾ ഉണ്ടാക്കിയെങ്കിലും അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. തിങ്കളാഴ്ച ഉച്ചക്കു ശേഷം മൂന്നേകാലിനാണ് മഴ തിമിർത്തു പെയ്തത്. മഴ ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇതേത്തുടർന്ന് മിനായിലെ റോഡുകളിൽ വെള്ളം കെട്ടി. ടെന്റുകളിലെ കിടക്കകൾ നനഞ്ഞു. ചില ടെന്റുകളിൽ ചെറിയ തോതിൽ വെള്ളം കയറി. എങ്കിലും കല്ലേറ് കർമത്തിന് പ്രയാസമുണ്ടായില്ല. ഈ സമയം കല്ലെറിയാൻ പോയവർ നനഞ്ഞ് കുളിച്ചാണ് കർമം പൂർത്തിയാക്കി മടങ്ങിയത്. ഹറമിൽ പോയ തീർഥാടകരും മഴയിൽ നനഞ്ഞു. അറഫ ദിനത്തിൽ അതിശക്തമായ കാറ്റോടു കൂടി അര മണിക്കൂറോളം മഴ ലഭിച്ചിരുന്നു. ഞായറാഴ്ചയും മിനായിൽ നേരിയ തോതിൽ മഴ പെയ്തു. ഇത് കഠിനമായ ചൂടിൽനിന്ന് ഹാജിമാർക്ക് ആശ്വാസം പകർന്നു. 
ഭൂരിഭാഗം ഹാജിമാരും ചൊവ്വാഴ്ച കല്ലേറ് നിർവഹിച്ച് മിനായോട് വിട പറഞ്ഞ് ഹറമിലെത്തി വിട വാങ്ങൽ ത്വവാഫും പൂർത്തിയാക്കി ഹജ് കർമങ്ങൾ പൂർത്തിയാക്കും. ചൊവാഴ്ച മഗ്‌രിബിനു മുമ്പായി മിനാ വിടാൻ കഴിയാത്തവർ മിനായിൽ തങ്ങി ബുധനാഴ്ച കൂടി കല്ലെറിഞ്ഞ  ശേഷമായിരിക്കും മടങ്ങുക. ഇന്ത്യൻ ഹാജിമാരിൽ അധിക പേരും ബുധനാഴ്ചയാകും മിനായോട് യാത്ര പറയുക. തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണിത്. 
തിങ്കളാഴ്ച മൂന്നു ജംറകളിലെ കല്ലേറ് കർമത്തിനു ശേഷം നമസ്‌കാരങ്ങളിലും പ്രാർഥനകളിലും പഠന ക്ലാസുകളിലുമായി ഹാജിമാർ തമ്പുകളിൽ കഴിച്ചുകൂട്ടി. ആദ്യ ദിനത്തിലെ കല്ലേറിനു ശേഷം ഹറമിലെത്തി ത്വവാഫുൽ ഇഫാദ പൂർത്തിയാക്കാതിരുന്നവർ  അതു പൂർത്തിയാക്കിയ ശേഷം രണ്ടാം ദിനത്തിലെ കല്ലേറും നിർവഹിച്ചു. 


ഇന്നത്തെ കല്ലേറിനു ശേഷം വിട വാങ്ങൽ ത്വവാഫിനായി ലക്ഷക്കണക്കിനു ഹാജിമാർ ഒരേ സമയം ഹറമിലെത്തുമെന്നതിനാൽ അതു നിയന്ത്രിക്കുന്നതിനും സുരക്ഷക്കുമായി കൂടുതൽ സുരക്ഷാ സേനാംഗങ്ങളെ ഹറമിലും പരിസരത്തും വിന്യസിച്ചു.  ആഭ്യന്തര ഹാജിമാരിൽ അധികപേരും ചൊവ്വാഴ്ച തന്നെ കർമങ്ങൾ പൂർത്തിയാക്കി മടങ്ങും. വിദേശത്തു നിന്നു വന്ന ഹാജിമാർ മിനായിൽനിന്ന് മക്കയിലെയും അസീസിയയിലെയും താമസ കേന്ദ്രങ്ങളിലേക്കായിരിക്കും മടങ്ങുക. പിന്നീട് നാട്ടിലേക്കു മടങ്ങുന്നതിനനുസരിച്ചായിരിക്കും വിട വാങ്ങൽ ത്വവാഫ് നടത്തുക. 


ഹാജിമാരെ സഹായിക്കുന്നതിന് രംഗത്തുണ്ടായിരുന്ന മലയാളി വളണ്ടിയർമാരുടെ സേവനം ആയിരക്കണക്കിനു ഹാജിമാർക്ക് സഹായകമായി. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നുമെത്തിയ ഹാജിമാരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധത്തിലായിരുന്നു വളണ്ടിയർമാരുടെ സേവനം. മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള  സന്നദ്ധ സംഘടനകളിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവർത്തകരും ഉണ്ടായിരുന്നു. 

 


 

Latest News