Sorry, you need to enable JavaScript to visit this website.

ഹജ് നിയമലംഘനം:  7,000 വിദേശികൾക്കെതിരെ നടപടി

മിനാ - ഹജ് നിയമ, നിർദേശങ്ങൾ ലംഘിച്ച 7,027 വിദേശികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹജ് പൊതുസുരക്ഷാ സേനാ വക്താവ് ബ്രിഗേഡിയർ സാമി അൽശുവൈരിഖ് അറിയിച്ചു. ഇവരുടെ വിരലടയാളങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ഈ വർഷം ആകെ 288 വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ സുരക്ഷാ വകുപ്പുകൾ കണ്ടെത്തി. ഇവയുടെ നടത്തിപ്പുകാർക്കെതിരെ നടപടികൾ സ്വീകരിച്ചുവരികയാണ്. 
ഹജ് അനുമതി പത്രമില്ലാത്ത 40,352 പേരെ കഴിഞ്ഞ ദിവസങ്ങളിൽ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. നിയമ, നിർദേശങ്ങൾ ലംഘിച്ച് മക്കയിൽ പ്രവേശിക്കാൻ ശ്രമിച്ച 2,44,485 വാഹനങ്ങളും ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. 
ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്താൻ ശ്രമിച്ച 130 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. ഹജ് നിർവഹിക്കുന്നതിന് മക്കയിൽ നിന്ന് പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിച്ച ഇഹ്‌റാം വേഷത്തിലുള്ള 5,33,006 പേരെ സുരക്ഷാ വകുപ്പുകൾ തിരിച്ചയച്ചു. 
ഹജ് നിയമം ലംഘിച്ച് പിടിയിലാകുന്നവരെ നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ചെയ്യുന്നത്. ഈ വർഷം വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. വ്യാജ ഹജ് സർവീസ് സ്ഥാപന നടത്തിപ്പുകാരെ പിടികൂടി അവരുടെ പക്കലുള്ള പണം പിടിച്ചെടുത്ത് നിയമ നടപടികകൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 
ഇത്തരം സ്ഥാപനങ്ങളുടെ തട്ടിപ്പുകൾക്കിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ കോടതികളാണ് വിധി പ്രസ്താവിക്കേണ്ടത്. പോക്കറ്റടി കേസുകൾ കൈകാര്യം ചെയ്യുന്നതിന് പൊതുസുരക്ഷാ വകുപ്പിനു കീഴിൽ പ്രത്യേക വിഭാഗമുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ പരസ്പര സംയോജനത്തോടെ പ്രവർത്തിക്കുന്നതിനാൽ പിടിയിലാകുന്നവരുടെ കേസുകളിൽ വേഗത്തിൽ തീർപ്പ് കൽപിക്കുന്നുണ്ട്. അധിക കേസുകളിലും നിയമ നടപടികൾ പൂർത്തിയാക്കി 24 മണിക്കൂറിനുള്ളിൽ വിധി പ്രസ്താവിക്കുന്നുണ്ടെന്നും ബ്രിഗേഡിയർ സാമി അൽശുവൈരിഖ് പറഞ്ഞു.
 

Latest News