Sorry, you need to enable JavaScript to visit this website.

സൗദി സേവനങ്ങളെ പ്രകീര്‍ത്തിച്ച് നൈല ഹസന്‍; മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂസിലാന്റിലെ ഓക്‌ലാന്റ് പോലീസ് സൂപ്രണ്ട് നൈല ഹസൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖുമായി കൂടിക്കാഴ്ച നടത്തുന്നു.   

മിനാ - ന്യൂസിലാന്റിലെ മുതിർന്ന മുസ്‌ലിം പോലീസ് ഉദ്യോഗസ്ഥയും ഓക്‌ലാന്റ് പോലീസ് സൂപ്രണ്ടുമായ നൈല ഹസൻ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖുമായി കൂടിക്കാഴ്ച നടത്തി. അൽഖൈഫ് മസ്ജിദിലെ ഇസ്‌ലാമികകാര്യ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അതിഥിയായി ഹജിനെത്തിയ നൈല ഹസനെ സ്വീകരിച്ചത്.

 
ന്യൂസിലാന്റ് മുസ്‌ലിംകൾ നേരിട്ട ദുരന്തം ലോക മുസ്‌ലിംകളെ ബാധിച്ച ദുരന്തമാണെന്ന് ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. സഹോദരങ്ങളുടെ ദുരന്തത്തിൽ സൗദി അറേബ്യയിലുള്ളവരും വേദനിച്ചു. ഈ ഭീകരാക്രമണം ന്യൂസിലാന്റിലെ മുസ്‌ലിംകളെ പ്രതികൂലമായി ബാധിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്. പ്രതിപ്രവർത്തനങ്ങൾക്ക് പിന്നാലെ പോകാതെ മറ്റുള്ളവർക്ക് ന്യൂസിലാന്റ് മുസ്‌ലിംകൾ മാതൃകകളായി മാറണം. ആക്രമണങ്ങളോടുള്ള പ്രതിപ്രവർത്തനങ്ങൾ ഇസ്‌ലാമികാധ്യാപനങ്ങൾക്ക് നിരക്കുന്നതല്ല. സ്വന്തം രാജ്യത്തിന്റെ നിർമിതിയിൽ മറ്റു പൗരന്മാരെ പോലെ ന്യൂസിലാന്റിലെ മുസ്‌ലിംകളും പ്രവർത്തിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. 


ഭീകരതക്ക് എതെങ്കിലും പ്രത്യേക മതവുമായോ ചിന്താധാരയുമായോ ബന്ധമില്ലെന്നാണ് ന്യൂസിലാന്റ് ആക്രമണം വ്യക്തമാക്കുന്നത്. മനുഷ്യരോട് കരുണ കാണിക്കാനാണ് ഇസ്‌ലാം കൽപിക്കുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങൾക്കും സഹായം നൽകാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ആരംഭ കാലം മുതലുള്ള രാജ്യത്തിന്റെ ഉറച്ച നയമാണിത്. രാജ്യവും മതവും നോക്കാതെ ലോകത്ത് സഹായം ആവശ്യമുള്ള എല്ലാവർക്കും സൗദി അറേബ്യ സഹായങ്ങൾ നൽകുന്നുണ്ട്.


സൗദി സമൂഹത്തിലും ലോകത്തും മിതവാദം പ്രചരിപ്പിക്കുന്നതിനാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശ്രമിക്കുന്നത്. ലോകമെങ്ങും സ്‌നേഹവും സമാധാനവും പ്രചരിപ്പിക്കുന്നതിന് കിരീടാവകാശി അഹോരാത്രം പ്രവർത്തിക്കുന്നു. മിതവാദ രീതിശാസ്ത്രത്തിലേക്ക് സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിന് ശ്രമിക്കുന്നതാണ് സൗദി ഭരണാധികാരികൾക്കെതിരായ ആക്രമണങ്ങൾക്ക് കാരണം. ഈ നീക്കത്തെ ചിലർ ശക്തിയുക്തം എതിർക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ സൗദി അറേബ്യ ശക്തമാണ്. 
ഇരു ഹറമുകളുടെയും തീർഥാടകരുടെയും പരിചരണത്തിന് സൗദി ഭരണാധികാരികൾ അതീവ ശ്രദ്ധയും പ്രാധാന്യവുമാണ് നൽകുന്നത്. പ്രയാസരഹിതമായും എളുപ്പത്തിലും കർമങ്ങൾ നിർവഹിക്കുന്നതിന് തീർഥാടകരെ സഹായിക്കുന്ന നിരവധി പദ്ധതികൾ ഇരു ഹറമുകളിലും പുണ്യസ്ഥലങ്ങളിലും സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 


ലോക മുസ്‌ലിംകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുകയും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പം നിലയുറപ്പിക്കുകയും മിതവാദത്തിൽ അധിഷ്ഠിതമായ യഥാർഥ ഇസ്‌ലാം പ്രചരിപ്പിക്കുകയും ചെയ്യുന്ന സൗദി അറേബ്യയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് നൈല ഹസൻ പറഞ്ഞു. തീർഥാടകർക്ക് സൗദി അറേബ്യ ഒരുക്കിയ സേവനങ്ങൾ പ്രശംസനീയമാണ്. വീരമൃത്യുവരിച്ചവരുടെ ബന്ധുക്കളിൽ ഇത് വലിയ സ്വാധീനമുണ്ടാക്കി. തങ്ങളെ ബാധിച്ച ദുരന്തത്തിന്റെ വേദന ലഘൂകരിക്കുന്നതിന് സൗദി അറേബ്യ ഒരുക്കിയ സേവനങ്ങൾ സഹായകമായതായും നൈല ഹസൻ പറഞ്ഞു. ന്യൂസിലാന്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആക്രമണത്തിൽ പരിക്കേറ്റവരും അടക്കം 200 പേരാണ് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നത്. 

Latest News