Sorry, you need to enable JavaScript to visit this website.

170 രാജ്യക്കാര്‍, 25 ലക്ഷത്തിലേറെ ഹാജിമാര്‍; മക്ക റൂട്ട് പദ്ധതി വന്‍വിജയം

മക്ക- ഈ വർഷം 170 ലേറെ രാജ്യക്കാരായ 25 ലക്ഷത്തിലേറെ പേർ ഹജ് കർമം നിർവഹിക്കാനെത്തിയെന്ന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ പറഞ്ഞു. ഹജിനെത്തിയ വിശിഷ്ട വ്യക്തികളെയും നേതാക്കളെയും രാജാവിന്റെ അതിഥികളെയും ഹജ് മിഷൻ മേധാവികളെയും മറ്റും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മിനാ കൊട്ടാരത്തിൽ സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹജിനെത്തിയവരിൽ മൂന്നിലൊന്നും 70 ലേറെ പ്രായമുള്ള വയോജനങ്ങളാണ്. ഇക്കൂട്ടത്തിൽ പകുതി വനിതകളാണ്. സൗദി എംബസികളെയും കോൺസുലേറ്റുകളെയും നേരിട്ട് സമീപിക്കേണ്ടതില്ലാതെ ഓൺലൈൻ വഴി വിസകൾ അനുവദിച്ച് തീർഥാടകരുടെ വിസാ നടപടികൾ എളുപ്പമാക്കുന്നതിനും മക്ക റൂട്ട് പദ്ധതി കൂടുതൽ വ്യാപകമാക്കി യാത്രാ നടപടികൾ എളുപ്പമാക്കുന്നതിനും സൽമാൻ രാജാവ് നിർദേശങ്ങൾ നൽകിയിരുന്നു. 


തീർഥാടക സേവന പദ്ധതി വിഷൻ 2030 പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇതിന്റെ ഭാഗമായി 130 പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിന് 10,000 കോടിയിലേറെ റിയാലിന്റെ ബജറ്റ് നീക്കിവെച്ചിട്ടുണ്ട്. 
ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന 32 സർക്കാർ വകുപ്പുകളും നൂറു കണക്കിന് സ്വകാര്യ വകുപ്പുകളും ഇത് നടപ്പാക്കുന്നതിൽ പങ്കാളിത്തം വഹിക്കുമെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.


യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി, ജിബൂത്തി പ്രധാനമന്ത്രി അബ്ദുൽഖാദിർ കാമിൽ മുഹമ്മദ്, ഗ്വിനിയൻ പ്രധാമന്ത്രി ഡോ. ഇബ്രാഹിം കാസൂരി, മുൻ ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി, മലേഷ്യൻ വനിതാ ക്ഷേമ മന്ത്രി ഡോ. അസീസ ഇസ്മായിൽ, രാജാവിന്റെ ഉപദേഷ്ടാവും മക്കാ ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Latest News