സൗദിയില്‍ ഒഴുക്കില്‍പെട്ട് ഒരു മരണം; ഒരാളെ കാണാതായി, നാലുപേരെ രക്ഷപ്പെടുത്തി

ജിസാന്‍ - സൗദി അറേബ്യയിലെ ജിസാന്‍ അല്‍റൈഥിലെ വാദി ലജബില്‍ ആറു പേര്‍ ഒഴുക്കില്‍ പെട്ടു. ഇവരില്‍ നാലു പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹം കണ്ടെത്തി.
അവശേഷിക്കുന്നയാള്‍ക്കു വേണ്ടി സൗദി പൗരന്മാരുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സ് തിരച്ചില്‍ തുടരുകയാണ്. ഏഴംഗ സംഘത്തില്‍ ആറു പേരാണ് ഒഴുക്കില്‍ പെട്ടത്. രക്ഷപ്പെട്ടയാളാണ് സംഭവത്തെ കുറിച്ച് സിവില്‍ ഡിഫന്‍സില്‍ അറിയിച്ചത്. തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് നടത്തിയ തിരച്ചിലില്‍ ആറു പേരെ  കണ്ടെത്തി രക്ഷപ്പെടുത്താന്‍ സാധിച്ചതായി ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ യഹ്‌യ അല്‍ഖഹ്താനി പറഞ്ഞു.
ജിസാന്‍ അഹദ് മസാരിഹയിലെ വാദി മസലയില്‍ ഒഴുക്കില്‍ പെട്ട് മരിച്ച ബാലന്റെ മൃതദേഹത്തിനു വേണ്ടി സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഏഴു ദിവസമായി തിരച്ചില്‍ തുടരുകയാണ്. അഞ്ചംഗ സൗദി കുടുംബം സഞ്ചരിച്ച കാറാണ് ഇവിടെ പ്രളയത്തില്‍ പെട്ടത്. ദമ്പതികളുടെയും രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ സിവില്‍ ഡിഫന്‍സ് അധികൃതരും സന്നദ്ധപ്രര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ദിവസങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയിരുന്നു. അവശേഷിക്കുന്ന ബാലനു വേണ്ടിയുള്ള തിരച്ചിലില്‍ നിരവധി സൗദി പൗരന്മാരും പങ്കെടുക്കുന്നുണ്ട്.

 

Latest News