Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോൺഗ്രസുകളും ധവളപത്രങ്ങളും

എത്ര തരം കോൺഗ്രസുണ്ട്? കണ്ടുപിടിക്കണമെന്നങ്കിൽ എല്ലാ രഹസ്യാന്വേഷണ ഏജൻസികളും എന്തിനും~ഒരുമ്പെട്ടിറങ്ങണം. ഇതിനു പുറമെയാണ്, ഓരോ സെമിനാറിനും ക്യാമ്പിനും കാമ്പയിനുമൊക്കെ ബാനറിന്റെ അറ്റത്ത് കോൺഗ്രസ് എന്നുക ൂടി ചേർത്ത് നീട്ടിവലിച്ചു കെട്ടുന്നത്. 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന തകഴിക്കഥയിലെ ചെല്ലപ്പനെപ്പോലെയുള്ള ഒരു നാടൻ സഖാവിന് അതു കണ്ടു സഹിച്ചില്ല. അവൻസ് (വി.കെ.എൻ പ്രയോഗം ക്ഷമിക്കുക) ബീഡിക്കു തീക്കൊളുത്തി. ആദ്യപുക ആത്മാവിന്റെ ആഴത്തോളം വലിച്ച് അകത്തേക്കു കയറ്റി മന്ദമന്ദം മറ്റുള്ളവർക്കായി ഒരു സൗജന്യം ചെയ്യുന്നതുപോലെ പുറത്തേക്കു വിട്ട ശേഷം ചോദിച്ചു:- എന്തിനാ സഖാവേ, ഈ 'പാർട്ടി കോൺഗ്രസെ'ന്നു എഴുതിവിടുന്നേ? അത് മറ്റവർക്കു പബ്ലിസിറ്റിയല്ലേ ഉണ്ടാകൂ നമുക്കീ കോൺഗ്രസ് വേണ്ട. അടിയന്തരമായി പാർട്ടി 'ഫ്രാക്ഷൻ' വിളിച്ചുകൂട്ടി മൂത്ത സഖാവിനെ അറിയിക്കണം. 


തൊഴിലാളി കോൺഗ്രസ്, മുതലാളി കോൺഗ്രസ്, വനിതാ കോൺഗ്രസ് തുടങ്ങിയവ കുറേക്കാലമായി ശ്വാസം വലിച്ചു കഴിയുന്നുണ്ട്. അതിനിടയിലാണ് ഈ പുതിയ 'പ്രൊഫഷണൽ കോൺഗ്രസ്'. 2017 ൽ ശശി തരൂർ തുടങ്ങിവച്ച ഈ പരിപാടിയിൽ അംഗത്വത്തിന് ഐ.ഡി കാർഡ് വേണം. നികുതിദായകനായിരിക്കണം. രണ്ടാമത്തെ നിബന്ധനയോട് പതിവു കോൺഗ്രസുകാർ ഏങ്ങനെ യോജിക്കും? ജീവനുള്ള കാലം വരെ നികുതി വെട്ടിക്കാൻ ഇഷ്ടപ്പെടുന്നവരും, അടുത്ത തലമുറയ്ക്ക് അതിനാവശ്യമായ പരിശീലനം നൽകുന്നവരുമാണ് പൊതുവെ രാഷ്ട്രീയക്കാർ.
തരൂരിന്റെ 'പ്രൊഫഷണൽ കോൺഗ്രസു'കാർ എത്രയുണ്ടെന്നന്വേഷിച്ചാൽ ഒരു തുണ്ടു കടലാസിൽ ഒതുങ്ങാനുള്ള വലിപ്പമേ കാണൂ. പക്ഷേ, 'ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കു'മെന്നു പറഞ്ഞതുപോലെയാണ് ചലനം. കോൺഗ്രസിന് പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ നടത്തിയ ശ്രമം കണ്ടില്ലേ. നോക്കുന്നിടത്തെല്ലാം സർവത്ര ഇരുട്ട്! പാർലമെന്റിൽ പോലും അന്ധകാരം! ഏതെങ്കിലും പുതിയ ബില്ല് പ്രത്യക്ഷപ്പെട്ടാൽ എന്തു നിലപാടെടുക്കണമെന്നു പറയാൻ ആളില്ല. ഗാന്ധിമാരുടെ സീറ്റുകളിലും അന്ധകാരം. ചുരുക്കത്തിൽ 'അന്ധൻ അന്ധനെ നയിക്കുന്നു' എന്ന പഴമൊഴിക്ക് നമോവാകം! എന്നാൽ ഐക്യരാഷ്ട്ര സംഘടന മുതൽ വള്ളിക്കാവ് വഴി തിരുവനന്തപുരം വരെ മഹാനായി മാറിയ തരൂർജി നേതൃത്വം ഏറ്റെടുക്കണമെന്ന് ആരുമൊട്ട് ആവശ്യപ്പെട്ടില്ലതാനും. 'അളമുട്ടിയാൽ ചേരയും കടിക്കും' എന്നു പറഞ്ഞതുപോലെ, നിവൃത്തിയില്ലാതെ മേൽപടി' പ്രൊഫഷണലും' കോൺഗ്രസിനിട്ട് ഒന്നു കൊടുത്തു. വടി വാങ്ങി തിരികെ തല്ലാൻ അവിടെ ആളില്ലെന്ന ഉറപ്പുണ്ടല്ലോ! പഴയ ചെറുകഥയിലെപ്പോലെ 'ബാർക്കിസിനു സമ്മതമാണ്' എന്നു പറഞ്ഞ് വണ്ടിക്കാരൻ കുതിരവണ്ടിയുമായി കാത്തുനിൽക്കുന്നു. രജ്യസഭയിലെ ചീഫ് വിപ്പു പോലും കോൺഗ്രസ് വിട്ടു മറ്റൊരു വണ്ടിയിൽ കയറിക്കഴിഞ്ഞു. നമ്മുടെ മഹത്തായ കോൺഗ്രസ് കെ.എസ്.ആർ.ടി.സി പോലെ ആകരുത്. സ്വകാര്യ വാഹനം ഓടിയശേഷം മാത്രം സ്റ്റാർട്ട് ചെയ്യുന്നു രീതിയിൽ.

****          ****        ****                           
1964 ൽ ഇന്ത്യൻ കമ്യൂണിസ്റ്റു പാർട്ടി രണ്ടായി പിരിയുന്ന കാലം മുതൽ മാർക്‌സിറ്റു പാർട്ടിയുടെ ഒപ്പമുണ്ട് ചൈന. ചൈനയുടെ പിന്നാലെയാണ് മാർക്‌സിറ്റുകാർ എന്ന് അസൂയാലുക്കൾ പറയും. കാരണം, ചൈന നിമിത്തം ഒത്തിരി ഐശ്വര്യം ഇടതന്മാർക്കുണ്ടായി എന്നാണ് അവരുടെ കണ്ടെത്തൽ. 'ചീനാച്ചാരന്മാർ' എന്ന ഓമനപ്പേരിട്ടാണ് അവർ ഇടതരെ വിളിക്കുക. ആര് ആരുടെ പിറകെ ആയാലും ശരി, അക്കാലത്ത് ചൈനീസ് നിർമിത 'ഹീറോ' പേന കലാലയങ്ങളിൽ ധാരളമായി കണ്ടുപോന്നു. കുട്ടികളിൽ പുരോഗമന ചിന്ത കുത്തിവെയ്ക്കാൻ 'ഹീറോ'യുടെ മേന്മ സഹായിച്ചിരിക്കണം. എസ്.എഫ്.ഐയെ ഹീറോ വളർത്തിയോ, അതോ മറിച്ചാണോ എന്ന കാര്യം നല്ലൊരു  അന്വേഷണ വിഷയമാക്കാവുന്നതാണ്. ഏതായാലും ഓരോ മുതിർന്ന വിദ്യാർഥി സഖാവിന്റെയും പോക്കറ്റിൽ ഓരോ 'ഹീറോ പേന' ഉണ്ടായി.

മഷിപ്പേനകൾ വഴിമാറിക്കൊടുത്തിടത്ത് ബാൾ പേനകൾ കയറിക്കൂടി. പക്ഷേ, കഠാരയും കുറുവടിയും കൂടെ കടന്നുപറ്റി. കായൽപരപ്പിൽ മാത്തുകണ്ണികളും ചിരുതയും മാത്രമല്ല, ആഫ്രിക്കൻ പായലും കാണുമല്ലോ. ഹീറോ പേനയുടെ കാലം കഴിഞ്ഞാലെന്ത്, ചില വിദ്യാർഥി നേതാക്കൾ സ്വയം 'ഹീറോ'കളായി. അനന്തര ഫലമായിട്ടാണ് ആശുപത്രികളിലെ 'കാഷ്വാലിറ്റി' വാർഡുകളിൽ നിന്നു തിരിയാൻ ഇടമില്ലാതായത്. അതുപോട്ടെ, ചൈനയും വിദ്യാർഥി ഫെഡറേഷനും തമ്മിലുള്ള ബന്ധം വേർപിരിക്കാൻ ആർക്കും കഴിയില്ലെന്ന് യൂനിവേഴ്‌സിറ്റി കോളേജിൽ പി.എസ്.സി പരീക്ഷ കഴിഞ്ഞതോടെ വ്യക്തമായി. കുത്തുകേസിലെ പ്രതികൾക്കു റാങ്കു കിട്ടുക, അതും ഒന്നാം പ്രതിക്ക് ഒന്നാം റാങ്ക് എന്ന മുറയ്ക്ക് യാതൊരു മുടക്കവുമില്ലാതെ പേനയ്ക്കു പകരം അവർക്കു ചൈനീസ് സഹായം കിട്ടി സിം ഉള്ള വാച്ച്. വാട്‌സ് ആപ്പുവഴി സൊള്ളുക മാത്രമല്ല ചോദ്യവും ഉത്തരവും വരെ കൈമാറാം. നമ്മുടെ സാങ്കേതിക പുരോഗതിയുടെ ആക്കം കൂട്ടാൻ പി.എസ്.സിയും യൂനിവേഴ്‌സിറ്റിയും പരീക്ഷയെഴുതുന്ന പിള്ളേരും പോലീസുകാരനും കൂട്ടായി യത്‌നിക്കുന്നതിന്റെ മഹനീയ ദൃശ്യങ്ങളായിരുന്നു അവ. എന്തിലും എവിടെയും കയറി ശകുനം മുടക്കുന്ന ക്രൈം ബാഞ്ച് പോലീസ് ഇനി എന്തൊക്കെ ഗുലുമാലാണോ ഒപ്പിക്കാൻ പോകുന്നത്! ചൈനയ്ക്ക് ലഡാക്കിൽ മാത്രമല്ല, തൊഴിലന്വേഷിക്കുന്ന നമ്മുടെ വിദ്യാർഥി സഖാക്കളുടെ ഭാവിയിൽ പോലും താൽപര്യമുണ്ടെന്നു തെളിഞ്ഞു. മറ്റാരും ഏറ്റുവിളിച്ചില്ലെങ്കിൽ പോലും, തലസ്ഥാനത്തെ യൂനിവേഴ്‌സിറ്റി കോളേജിൽ നിന്നും ആ പഴയ അഭിവാദനം ഉയരും- ഇന്തി- ചീനി ഭായ് ഭായ്!

****          ****        ****                                                
ഇടുക്കിയിലെ ഭൂമി കയ്യേറ്റത്തിന്റെ വ്യക്തമായ കണക്കെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയെന്നു കേട്ട് പല്ലില്ലാത്തവർ പോലും മോണ കാട്ടി ചിരിച്ചുപോകും. പട്ടയ ഭൂമിയിലെ 1500 ചരുരശ്ര അടിക്കു താഴെ വിസ്തൃതിയുള്ള കെട്ടിടങ്ങൾ ക്രമപ്പെടുത്തി നൽകാൻ മന്ത്രിസഭയുടെ പ്രത്യേക തീരുമാനവുമുണ്ട്. ചരുക്കത്തിൽ പാവയ്ക്കാകറി വിളമ്പുന്ന ഇലയിൽ തന്നെ പാൽപായസവും വിളിമ്പിയാൽ പിന്നെ ഖേദിക്കേണ്ട കാര്യമില്ലല്ലോ! ഒരു പഴയ സംഭവ (?) കഥ ഓർമ വരുന്നു- പോലീസിലേക്ക് യുവാക്കളെ റിക്രൂട്ടു ചെയ്യുന്ന കാലം. ഒരു ചെറുപ്പക്കാരനെ കണ്ടിട്ട് ആശ്രിത വത്സലനായ മന്ത്രി നേരിട്ട് ഐ.ജിയദ്ദേഹത്തെ വിളിച്ച് ഒന്നു ശുപാർശ ചെയ്തു.
പയ്യന്റെ പൊക്കം അളന്നത് ഐ.ജി നേരിട്ടു തന്നെ. മന്ത്രിയദ്ദേഹത്തിനു മറുപടി കൊടുത്തു- ക്ഷമിക്കണം സാർ, പയ്യന് ഒരിഞ്ചു പൊക്കം കുറവാണ്. ഞാൻ നേരിട്ടു പരിശോധിച്ചതാണ്.
മന്ത്രി വിടുമോ? ഉടൻ മറുചോദ്യം- ശ്ശെ, ഒരു ഐ.ജിയായ താൻ വിചാരിച്ചാൽ ഒരിഞ്ചു കൂടി സഹായിക്കാൻ കഴിയില്ലെന്നോ! ഷെയിം! ഇടുക്കിയിലെ കെട്ടിടത്തിനും ഭൂമിക്കുമൊക്കെ ഏമാന്മാർ കനിഞ്ഞ് വെറും ഒരു പൂജ്യം കൂടി ചേർത്താലും, ഈ ലോകത്താരും അറിയാൻ പോകുന്നില്ല. അങ്ങനെ ഇടുക്കിയിലെ എല്ലാ 'ഒടക്കു' പ്രശ്‌നങ്ങളും സമംഗളം പര്യവസാനിക്കുകയും ചെയ്യും. 'കാട്ടിലെ തടിയും തേവരുടെ ആനയും' അന്യം നിന്നു പോയിട്ടൊന്നുമില്ലല്ലോ!

****          ****        ****                                 
ഇടുക്കിയിലെയും വയനാട്ടിലെയും ഭൂമിയും കയ്യേറ്റവും പാലും വെള്ളവും പോലെയാണ്. പാലിൽ ജലമുണ്ട്, പക്ഷേ അത് എവിടെയാണെന്നു വേർതിരിക്കാൻ കഴിയുമോ? ഏകദേശം അതുപോലെയായി മാറിയിരിക്കുന്നു ബി.ജെ.പിയുടെ അംഗത്വ വളർച്ചയും! ദുരിതാശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ഒരു കൊല്ലം ചെലവഴിച്ച തുകയെ സംബന്ധിച്ച് സർക്കാർ ഒരു ധവള പത്രം ഇറക്കണമെന്ന് തിരുവനന്തപുരത്ത് എത്തിയ പാടെ ശിവരാജ് സിംഗ് ചൗഹാൻജി ആവശ്യപ്പെട്ടു കഴിഞ്ഞു. അതേ മാതൃകയിൽ, അഞ്ചു ലക്ഷം കവിഞ്ഞ സംസ്ഥാന അംഗത്വത്തെക്കുറിച്ചും അതു വഴിയുള്ള വരവിനെയും അംഗമാക്കാൻ ചെലവഴിച്ച തുകയെയും കുറിച്ചുള്ള ധവളപത്രം ഇറക്കാൻ ബി.ജെ.പിയോട് മുഖ്യമന്ത്രിക്കും ആവശ്യപ്പെടാം. രണ്ടും ധവളമായാൽ പരാതിയുണ്ടാവില്ല. ധവളം പാൽനിറമാണല്ലോ. പശുവിൻ പാൽ എന്നു കേൾക്കുമ്പോൾ തന്നെ കേന്ദ്ര പാർട്ടിക്ക് രോമാഞ്ചമുണ്ടാകും. നമ്മുടെ മുഖ്യമന്ത്രിയാകട്ടെ, പാൽ മാത്രമേ കഴിക്കൂ; വെള്ളം ചേർക്കുകയും ചെയ്യും, പ്രസ്താവനകൾ പോലെ തന്നെ. എന്നാൽ ചായ, കാപ്പി ഇത്യാദികൾ സഖാവിനു വർജ്യമാണ്. കേന്ദ്ര - സംസ്ഥാന ബന്ധം പൂർവാധികം ധവളമാക്കാൻ കഴിയുന്ന കാലമാണെന്നു തോന്നുന്നു!

Latest News