Sorry, you need to enable JavaScript to visit this website.

ഏലം വിലയിൽ ആകൃഷ്ടരായി കൂടുതൽ കർഷകർ രംഗത്തേക്ക്

ഏലക്കയുടെ വൻവിലക്കയറ്റത്തിൽ ആകൃഷ്ടരായി കൂടുതൽ കർഷകർ ഈ കൃഷിയിൽ താൽപര്യവുമായി രംഗത്തിറങ്ങി. ഏലക്ക വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 7000 രൂപയിലെത്തിയത് കാർഷിക മേഖലക്ക് വൻ ആവേശമാണ് പകർന്നത്. ജൂണിൽ രേഖപ്പെടുത്തിയ 6000 രൂപയുടെ റെക്കോർഡാണ് ഏലക്ക മറികടന്നത്. പല ലേലത്തിലും വന്ന ചരക്ക് പുർണമായി വിറ്റഴിഞ്ഞു. ലഭ്യത കുറഞ്ഞതാണ് ഈ രംഗത്ത് കാലുറപ്പിക്കാൻ പുതിയ കർഷകരെ പ്രേരിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്ത് ഏലക്ക കൃഷി ഏതാണ്ട് അൻപത് ശതമാനം നശിച്ചത് ചരക്ക് ക്ഷാമം രൂക്ഷമാക്കി. ഉയർന്ന വിലയ്ക്കും ഏലക്ക വാങ്ങാൻ ഇടപടുകാർ മത്സരിക്കുന്നത് ലേല കേന്ദ്രങ്ങളിൽ ദൃശ്യമായിരുന്നു. ബക്രീദിന് വേണ്ടിയുള്ള വാങ്ങലുകളാണ് ആഭ്യന്തര വിദേശ വ്യാപാരികൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. 
രാജ്യാന്തര മാർക്കറ്റിൽ റബർ വില ഇടിഞ്ഞത് ഉൽപാദക രാജ്യങ്ങളെ സമ്മർദത്തിലാക്കി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ടാപ്പിങ് സീസൺ ആരംഭിച്ചതിനാൽ പുതിയ ഷീറ്റ് കാർഷിക മേഖലകളിൽ നിന്ന് വിൽപനയ്ക്ക് ഇറങ്ങും. ഡിമാന്റ് മങ്ങുന്നത് കണ്ട് നിക്ഷേപകർ റബർ അവധിയിൽ ലാഭമെടുപ്പ് നടത്തി. ടോക്കോമിൽ ജൂലൈയിൽ കിലോ 230 യെന്നിൽ വ്യാപാരം നടന്ന റബറിപ്പോൾ 190 യെന്നിലാണ്. തായ്‌ലന്റ്, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള റബർ ഈ മാസം വിൽപനക്ക് ഇറങ്ങുമെന്ന ഭീതിയാണ് വിലയെ ബാധിച്ചത്. കേരളത്തിൽ മഴ വീണ്ടും ശക്തമായതോടെ കർഷകർ തോട്ടങ്ങളിൽ നിന്ന് പിൻവലിഞ്ഞു. ഇപ്പോഴത്ത നിലക്ക് മാസാവസാനം മാത്രം പുതിയ ചരക്ക് വിപണിയിൽ ഇറങ്ങൂ. കൊച്ചി, കോട്ടയം വിപണികളിൽ നാലാം രേഗഡ് റബറിന് 14,600 രൂപയാണ് വില. 
ആഭ്യന്തര വിദേശ ഓർഡറുകളുടെ അഭാവം കുരുമുളക് വില കുറച്ചു. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും മഴ ശക്തമായത് മുൻനിർത്തി സ്‌റ്റോക്കിസ്റ്റുകൾ ചരക്ക് സംഭരണം കുറച്ചു. മഴ മൂലം ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള ചരക്ക് നീക്കവും കുറഞ്ഞു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 35,800 രൂപയിൽ നിന്ന് 35,300 രൂപയായി.  
നാളികേരോൽപന്നങ്ങളുടെ വില ഉയർന്നു. ബക്രീദ് മുൻനിർത്തി ചെറുകിട വിപണികളിൽ എണ്ണക്ക് ഡിമാന്റ് ഉയർന്നു. വെളിച്ചെണ്ണ വില 13,700 ൽ നിന്ന് 14,400 ലേയ്ക്ക് കയറി. കൊച്ചിയിൽ കൊപ്ര 9180 രൂപയിൽ നിന്ന് 9640 രൂപയായി.       
സംസ്ഥാനത്ത് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. 26,200 രൂപയിൽ വിൽപനയാരംഭിച്ച പവൻ അതിവേഗത്തിൽ മുന്നേറി 27,000 രൂപയും കടന്ന് 27,480 വരെ ഉയർന്നു. ഒരു ഗ്രാം പൊന്നിന് വില 3275 രൂപയിൽ നിന്ന് 3425 രൂപയായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1440 ഡോളറിൽ നിന്ന് 1496 ഡോളറായി.
 

Latest News