Sorry, you need to enable JavaScript to visit this website.

യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയിൽ മലയാളിയും

യൂറോപ്പിലെ മൂല്യമേറിയ ആസ്തികൾ സ്വന്തമായുള്ള മിഡിൽ ഈസ്റ്റ് വ്യവസായികളുടെ ഫോർബ്‌സ് പട്ടികയിൽ ഇന്ത്യൻ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടർ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാൻഡ് യാർഡ് ഹോട്ടലാണ് പട്ടികയിൽ ഇടം നേടിയത്. അദീബ് അഹ്മദിനു പുറമെ ഈ ഫോർബ്‌സ് പട്ടികയിൽ ഇടംപിടിച്ചവരെല്ലാം അറബ് വ്യവസായികളാണ്. ലണ്ടനിലെ ലോകപ്രശസ്തമായ പൈതൃക കെട്ടിടമായ ഗ്രേറ്റ് സ്‌കോട്‌ലാൻഡ് യാർഡ് 2014 ലാണ് ട്വന്റി14 ഹോൾഡിങ്‌സ് 1100 കോടി രൂപ മുടക്കി സ്വന്തമാക്കിയത്. ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന്റെ ആസ്ഥാനമായിരുന്ന ഈ പൗരാണിക കെട്ടിടം ഇപ്പോൾ പഞ്ചനക്ഷത്ര സൗകര്യമുള്ള ആഡംബര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. 92,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രേറ്റ് സ്‌കോട്‌ലാൻഡ് യാർഡിൽ 153 ആഡംബര മുറികൾ, അഞ്ച് എഫ് ആന്റ് ബി കോൺസെപ്റ്റ്, ജിം, കോൺഫറൻസ് മുറികൾ, മറ്റു വിനോദ സൗകര്യങ്ങൾ എന്നിവ ഉണ്ട്. 
യു.കെ, യൂറോപ്പ്, ജിസിസി രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിലായി ഹോട്ടൽ വ്യവസായ രംഗത്ത് ട്വന്റി14 ഹോൾഡിങ്‌സിന് 750 മില്യൺ ഡോളർ മൂല്യമുള്ള ആസ്തികളുണ്ട്. കൊച്ചിയിലെ പോർട്ട് മുസിരിസ്, യുഎഇയിലെ ദുബായ് സ്‌റ്റൈഗൻബർഗർ ഹോട്ടൽ ബിസിനസ് ബേ, മസ്‌കത്തിലെ ഷെരാട്ടൺ ഒമാൻ, സ്‌കോട്‌ലാൻഡിൽ വാൽഡോർഫ് അസ്‌റ്റോറിയ എഡിൻബർഗ്, ദി കാലിഡോണിയൻ എന്നിവയാണ് നിലവിലുള്ള ഹോട്ടലുകൾ. 
ചരിത്രത്തെ കുറിച്ചുള്ള അനേകം ഭാവനകൾ ഉണർത്തുന്നതാണ്  ഗ്രേറ്റ് സ്‌കോട്‌ലാൻഡ് യാർഡ് കെട്ടിടത്തിന്റെ കാഴ്ച. 1829-1890 കാലഘട്ടത്തിൽ ലണ്ടൻ മെട്രോപൊളിറ്റൻ പോലീസ് സേനയുടെ ആസ്ഥാനമായിരുന്നു. പ്രവേശന കവാടം സ്‌കോട്‌ലൻഡ് യാർഡ് തെരുവിൽ നിന്നായതിനാൽ പിന്നീട് പോലീസിന്റെ പേര് തന്നെ സ്‌കോട്‌ലൻഡ് യാർഡ് എന്നായി. പ്രശസ്ത സാഹിത്യകാരന്മാരായ ചാൾസ് ഡിക്കൻസ്, സർ ആർതർ കോനൻ ഡോയൽ എന്നിവരുടെ നോവലുകളിൽ ഈ കെട്ടിടം പല തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ കെട്ടിടം പണികഴിച്ചത് 1910 ലാണ്. തുടർന്ന് ബ്രിട്ടീഷ് സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രവും റോയൽ സൈനിക പോലീസ് ആസ്ഥാനവും ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു. 1982 ൽ കെട്ടിടം നവീകരിക്കുകയും പിന്നീട് 2004 വരെ പ്രതിരോധ മന്ത്രാലയ ലൈബ്രറിയായും പ്രവർത്തിച്ചു.
 

Latest News