റായ്‌പൂർ- ഏറ്റവും നീളം കൂടിയ ത്രിവർണ്ണ പതാകയുമായി അണിനിരന്ന കുട്ടികൾ റെക്കോർഡ് സ്വന്തമാക്കി. ഛത്തീസ്‌ഗഡിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് പതിനഞ്ചു കിലോമീറ്ററോളം ദൂരത്തിലുള്ള ത്രിവർണ്ണ പതാകയുമായി അണിനിരന്ന് ചരിത്രം കുറിച്ചത്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടി ഇതിനകം തന്നെ ഏറ്റവും നീളമേറിയ പതാകയെന്ന ഗണത്തിൽ ഗിന്നസിൽ ഇടം നേടിക്കഴിഞ്ഞു. സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളാണ് പുതിയ ഗിന്നസ് റെക്കോഡിനു പിന്നിൽ. വാസുധൈവ് കുടുംബകം ഫൗണ്ടേഷനാണ് ഇത്തരത്തിലൊരു സംരംഭവുമായി രംഗത്തെത്തിയത്. ഇതോടെ ഏറ്റവും നീളം കൂടിയ പതാകയുമായി വാസുധൈവ് കുടുംബകം ഫൗണ്ടേഷൻ ഗിന്നസിൽ കയറിയതായി ഗവണ്മെന്റ് പബ്ലിക് റിലേഷൻ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികളും 35 സോഷ്യൽ സംഘടനകളിലെ അംഗങ്ങളുമാണ് മൂവർണ്ണ പതാകയുമായി പതിനഞ്ചു കിലോമീറ്റർ നീളത്തിൽ മനുഷ്യ ചങ്ങലയായി അണിനിരന്നത്. സംസ്ഥാന സർക്കാർ ഭരണ നേതാക്കളും പ്രമുഖ വ്യക്തികളും അണിനിരന്ന സമാപന പരിപാടിയിൽ ലോക റെക്കോർഡ് പ്രതിനിധി റെക്കോർഡ് പ്രഖ്യാപനം നടത്തുകയും സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്‌തു.