ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും അർജ്ജുനനും കൃഷ്‌ണനുമായി താരതമ്യപ്പെടുത്തി തമിഴ് താരം രജനികാന്ത്. കശ്‌മീരിൽ നിലവിലുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ അഭിനന്ദിച്ചാണ് രജനീകാന്ത് ഇരുവരെയും വാനോളം പുകഴ്ത്തി രംഗത്തെത്തിയത്. ചെന്നൈയിൽ നടന്ന ഒരു പുസ്‌തക പ്രകാശന ചടങ്ങിലാണ് അർജ്ജുനനും കൃഷനുമായി മോഡിയേയും അമിത്ഷായെയും താരതമ്യപ്പെടുത്തിയത്. ഇവരിൽ ആരാണ് അർജ്ജുനൻ ആരാണ് കൃഷ്‌ണൻ എന്നൊന്നും എനിക്കറിയില്ല. ഇരുവരും അർജ്ജുനനും കൃഷനെയും പോലെയാണ്. കൗരവർക്കെതിരെ മഹാഭാരത യുദ്ധത്തിൽ പാണ്ഡവർ വിജയിച്ചതിൽ പ്രധാന പങ്കുവഹിച്ചതാണ് വിജയിച്ചത് കൃഷ്‌ണൻ-അർജ്ജുന കൂട്ടുകെട്ടാണ്. ഇതിനെ ഉപമിച്ചാണ് താരം ഇരുവരെയും പുകഴ്ത്തിയത്.
‘കശ്മീര്‍ മിഷനിൽ അമിത്ഷായെ ഹൃദയപൂർവം അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2021 ൽ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രജനി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്രസർക്കാർ നീക്കത്തെ തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പിന്തുണച്ചിരുന്നു. എന്നാൽ, പ്രതിപക്ഷമായ ഡിഎംകെ, നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എന്നിവർ ശക്തമായാണ് പ്രതികരിച്ചിരുന്നത്. കശ്‌മീർ പ്രശ്‌നത്തിൽ കേന്ദ്രത്തിന്റെ നിലപാട് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമെന്നാണ് കമൽ വിശേഷിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് രജനി വിഷയത്തിൽ നിലപാടു വ്യക്തമാക്കിയത്. ചെന്നൈയിൽ നടന്ന പുസ്‌തക പ്രകാശന ചടങ്ങിൽ വാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കർ, തമിഴ്‌നാട് ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യ മന്ത്രി കെ പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവർ സംബന്ധിച്ചു.