നെഹ്‌റുവിനെ ക്രിമിനലാക്കി ബി.ജെ.പി നേതാവ്; അപലപിച്ച് കോണ്‍ഗ്രസ്

ഭോപ്പാല്‍- ജവാഹര്‍ലാല്‍ നെഹ്‌റുവിനെ ക്രിമിനലെന്ന് വിളിച്ച മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെതിരെ രൂക്ഷവിമര്‍ശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്.


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആധുനിക ഭാരതത്തിന്റെ സ്രഷ്ടാവുമായ ജവാഹര്‍ലാല്‍ നെഹ്‌റു വിട പറഞ്ഞ് 55 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹത്തെ ക്രിമിനലെന്ന് വിളിച്ചിരിക്കുന്നത്. ഇത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ നെഹ്‌റു ഈ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാവതല്ല-കമല്‍നാഥ് ട്വീറ്റ് ചെയ്തു.
ഒഡിഷയില്‍ നടത്തിയ പ്രസംഗത്തിലാണ് മൂന്ന് തവണ മുഖ്യമന്ത്രിയായ ശിവരാജ് ചൗഹാന്‍ നെഹ്റുവിനെ അധിക്ഷേപിച്ചത്. കശ്മീര്‍ വിഷയത്തിലേക്ക് വരുമ്പോള്‍ നെഹ്‌റു ക്രിമിനലാണെന്നും അദ്ദേഹം കാരണമാണ് നമുക്ക് കശ്മീരിന്റെ മൂന്നിലൊരു ഭാഗം നഷ്ടപ്പെട്ടതെന്നും ശിവരാജ് ചൗഹാന്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യം കശ്മീരില്‍ പാക് സൈനികരോട് പൊരുതുമ്പോഴാണ് നെഹ്‌റു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതും വിഷയം യു.എന്നിലെത്തിയതും. ഒടുവില്‍ കശ്മീരിന്റെ മൂന്നിലൊരു ഭാഗം പാക്കിസ്ഥാന് നല്‍കേണ്ടിവന്നു -അദ്ദേഹം പറഞ്ഞു.


പാക്കിസ്ഥാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കുകയും ചെയ്ത കുറ്റങ്ങളാണ് നെഹ്‌റു നടത്തിയത്. കുറച്ച് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ ഇല്ലായിരുന്നുവെങ്കില്‍ കശ്മീര്‍ മുഴുവന്‍ നമ്മുടേതായിരുന്നേനേ.  ഒരു രാജ്യത്ത് രണ്ട് ഭരണഘടനയും രണ്ട് ഭരണാധികാരികളും എങ്ങനെയാണ് ഉണ്ടാകുക. ഇത് നീതി നിഷേധവും രാജ്യത്തോടുള്ള കുറ്റകൃത്യവുമാണെന്നും ചൗഹാന്‍ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്ത് എത്തിയിരുന്നു.

 

Latest News