Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടി.പി. സെൻകുമാറിന്റെ പെൻഷൻ തടഞ്ഞുവെന്ന് ആരോപണം  

തിരുവനന്തപുരം- മുൻ സംസ്ഥാന പോലീസ് മേധാവി ടി.പി. സെൻകുമാറിന്റെ പെൻഷൻ രേഖകൾ തടഞ്ഞതായി ആക്ഷേപം. ഫയൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ പിടിച്ചു വെച്ചിരിക്കുകയാണന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
സെൻകുമാർ വിരമിച്ച ശേഷം ചട്ടലംഘനം നടത്തിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിൽ അന്വേഷണം നടത്തി വിശദീകരണം ചോദിച്ചതിനു ശേഷം മാത്രം പെൻഷൻ രേഖകൾക്ക് അനുമതി നൽകിയാൽ മതിയെന്ന നിലപാടിലാണ് ചീഫ് സെക്രട്ടറി. പെൻഷൻ പേപ്പറുകൾ പിടിച്ചു വെച്ചിരിക്കുന്നതിനെതിരെ തിങ്കളാഴ്ച സെൻകുമാർ കോടതിയെ സമീപിച്ചേയ്ക്കും. 
സർവീസിൽ ഇരുന്ന കാലയളവിൽ തെറ്റായ കാര്യങ്ങൾ ചെയ്തുവെന്ന ആരോപണം തനിക്കെതിരെ ഉയർന്നിട്ടില്ലെന്നും ചില ഓഫീസർമാരുടെ തെറ്റുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ നാടകത്തിനും നിന്നു കൊടുത്തിട്ടില്ല. പിന്നെന്തിനാണ് പെൻഷൻ പേപ്പറുകൾ തടഞ്ഞു വെച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സെൻകുമാർ പറഞ്ഞു. 
സെൻകുമാർ വിരമിക്കുന്നതിനു മുമ്പു കേസിൽ കുരുക്കി സെൻകുമാറിന്റെ പെൻഷൻ രേഖകൾ തടയാൻ ശ്രമം നടന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അതിൽ നിന്നും സെൻകുമാറിനെ ഒഴിവാക്കിയിരുന്നു. ഐ.ജി ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ പ്രോസിക്യൂഷന് അനുമതി ചോദിച്ച് മുഖ്യമന്ത്രിയൂടെ അടുത്ത് ഫയൽ എത്തിയെങ്കിലും അത് തെറ്റാണെന്നു മനസ്സിലായതുകൊണ്ട് ഒപ്പിടാതെ മുഖ്യമന്ത്രി മടക്കുകയായിരുന്നു. 
തച്ചങ്കരിയെ മർദ്ദിച്ചുവെന്ന പരാതിയിൽ സെൻകുമാറിനെതിരെ കേസെടുക്കാനും മുഖ്യമന്ത്രിയുടെ അനുമതി ചോദിച്ചു. എന്നാൽ അതിനും മുഖ്യമന്ത്രി അനുമതി നൽകിയിരുന്നില്ല. സർവീസിൽ നിന്നു വിരമിക്കുന്നതിനു മുമ്പ് സെൻകുമാറിനെതിരെ കേസെടുത്ത് പെൻഷൻ പേപ്പറുകൾ തടയാനായിരുന്നു ശ്രമം. എന്നാൽ അതിനു കഴിയാതെ വന്നതിനെ തുടർന്ന് സെൻകുമാർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളുടെ പേരിലാണ് നടപടിയിലേയ്ക്ക് പോകുന്നത്.
പോലീസ് ചട്ടപ്രകാരം വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഔദ്യോഗിക കാര്യങ്ങളിൽ ഒരു വർഷകാലയളവിൽ പ്രത്യേക പരാമർശം നടത്താൻ പാടില്ല. ഇക്കാര്യം പോലീസ് ചട്ടത്തിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സെൻകുമാർ പടിയിറങ്ങിയ ശേഷവും അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയെന്നാണ് ആക്ഷേപം. 
അതിനിടെ, പോലീസ് ആസ്ഥാനത്ത് നിന്നും ഫയൽ കടത്തിയെന്ന ആരോപണത്തിൽ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിക്ക് സർക്കാരിന്റെ പിന്തുണ. പോലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പോലീസ് ആസ്ഥാനത്ത് വെച്ച് മുൻ പോലീസ് മേധാവി ടി.പി. സെൻകുമാർ തച്ചങ്കരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതിയുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 
തച്ചങ്കരിക്കെതിരായ ഹരജിയിൽ ഇത് മൂന്നാം തവണയാണ് സർക്കാർ സത്യവാങ്മൂലം നൽകുന്നത്. മൂന്ന് സത്യവാങ്മൂലത്തിലും സർക്കാർ തച്ചങ്കരിക്ക് പിന്തുണ നൽകി. പോലീസ് ആസ്ഥാനത്ത് നിന്ന് തച്ചങ്കരി ഫയലുകൾ കടത്താൻ ശ്രമിച്ചുവെന്ന് മുൻ പോലീസ് മേധാവി ടി.പി. സെൻകുമാറാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഫയലുകൾ കാണാതായതായി വിവരമില്ലെന്ന് സർക്കാർ വ്യക്തമാക്കി. ടി ബ്രാഞ്ചിലെ ഫയലുകൾ ഓഡിറ്റ് ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 
ട്രാൻസ്‌പോർട്ട് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് തച്ചങ്കരിയെ സസ്‌പെൻഡ് ചെയ്യാൻ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കേ ശുപാർശ ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ ശുപാർശ തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വിവേചനാധികാരത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Latest News