Sorry, you need to enable JavaScript to visit this website.

ഹജ് നിര്‍വഹിച്ചത് 24,89,406 പേര്‍; ഒരുലക്ഷം ഹാജിമാര്‍ കൂടുതല്‍

മക്ക - ഈ കൊല്ലം ഒരു ലക്ഷത്തിലേറെ പേർ അധികം ഹജ് നിർവഹിച്ചതായി ഔദ്യോഗിക കണക്ക്.  ഈ വർഷം 24,89,406 പേരാണ് ഹജ് നിർവഹിച്ചത്. ഇക്കൂട്ടത്തിൽ 18,55,027 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരും 6,34,379 പേർ സൗദി അറേബ്യക്കകത്തു നിന്നുള്ളവരുമാണ്. ആഭ്യന്തര തീർഥാടകരിൽ 67 ശതമാനം പേർ വിദേശികളാണ്. ഹജ് തീർഥാടകരിൽ 13,85,234 പേർ പുരുഷന്മാരും 11,04,172 പേർ വനിതകളുമാണ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ഹജ് തീർഥാടകരുടെ എണ്ണത്തിൽ 1,17,731 പേരുടെ വർധനവുണ്ട്. കഴിഞ്ഞ കൊല്ലം 23,71,675 പേരാണ് ഹജ് നിർവഹിച്ചത്. 
വിദേശ തീർഥാടകരിൽ 31,884 പേർ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ആകെ തീർഥാടകരിൽ രണ്ടു ശതമാനം പേർ ഗൾഫ് രാജ്യക്കാരാണ്. ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള അറബ് രാജ്യങ്ങളിൽ നിന്ന് 4,14,750 തീർഥാടകർ എത്തി. ആകെ ഹാജിമാരിൽ 22 ശതമാനം പേർ അറബ് രാജ്യക്കാരാണ്. അറബ് രാജ്യങ്ങൾ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 11,26,633 ഹാജിമാരാണ് എത്തിയത്. നിയമാനുസൃത ഹാജിമാരിൽ 61 ശതമാനം പേർ അറബ് രാജ്യങ്ങൾ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അറബ് രാജ്യങ്ങൾ ഒഴികെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് 1,87,814 പേർ എത്തി. ആകെ തീർഥാടകരിൽ 10 ശതമാനം പേർ ഈ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. നാലു ശതമാനം ഹാജിമാർ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് 67,054 പേരാണ് എത്തിയത്. ഉത്തര, ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് 26,892 ഹാജിമാർ പുണ്യഭൂമിയിലെത്തി. ആകെ ഹാജിമാരിൽ ഒരു ശതമാനത്തോളം പേർ ഈ രാജ്യക്കാരാണ്. 
വിദേശ ഹജ് തീർഥാടകരിൽ 17,41,568 പേർ വിമാന മാർഗവും 96,209 പേർ കര മാർഗവും 17,250 പേർ കപ്പൽ മാർഗവുമാണ് എത്തിയത്. ഹജ് തീർഥാടകരിൽ 6,14,919 പേർ ദുൽഖഅ്ദ ഒന്നു മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് എത്തിയത്. 8,08,311 പേർ ദുൽഖഅ്ദ 19 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെത്തി. അവശേഷിക്കുന്ന 4,31,797 പേർ ദുൽഹജ് ഒന്നു മുതൽ എട്ടു വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തെത്തിയത്. 
ആഭ്യന്തര ഹാജിമാരിൽ 4,23,376 പേർ വിദേശികളും 2,11,003 പേർ സൗദികളുമാണ്. ആഭ്യന്തര തീർഥാടകരിൽ 34.7 ശതമാനവും മക്കയിൽ പ്രവേശിച്ചത് ജിദ്ദ-മക്ക എക്‌സ്പ്രസ്‌വേ വഴിയാണ്. അൽശറായിഅ്-മക്ക റോഡു വഴി 27.7 ശതമാനം തീർഥാടകരും മദീന-മക്ക റോഡു വഴി 19.3 ശതമാനം തീർഥാടകരും മക്കയിൽ പ്രവേശിച്ചു. അവശേഷിക്കുന്ന 15.7 ശതമാനം തീർഥാടകരും ദക്ഷിണ സൗദി-മക്ക റോഡും തായിഫ്-മക്ക റോഡും പഴയ ജിദ്ദ-മക്ക റോഡും വഴി പുണ്യസ്ഥലങ്ങളിലെത്തി. ഹറമൈൻ ട്രെയിൻ വഴി 2.6 ശതമാനം തീർഥാടകർ മക്കയിലെത്തി. ആഭ്യന്തര തീർഥാടകരിൽ 82.5 ശതമാനവും ദുൽഹജ് ഏഴു, എട്ടു, ഒമ്പതു ദിവസങ്ങളിലാണ് മക്കയിൽ പ്രവേശിച്ചത്. ആഭ്യന്തര തീർഥാടകരെ വഹിച്ച് 32,978 വാഹനങ്ങൾ മക്കയിൽ പ്രവേശിച്ചു. 
ഈ വർഷത്തെ ഹജിൽ 47 സർക്കാർ, സ്വകാര്യ വകുപ്പുകൾക്കും ഏജൻസികൾക്കും കീഴിലെ 3,50,830 പേർ സേവനമനുഷ്ഠിക്കുന്നുണ്ട്. ഈ വകുപ്പുകൾ ഹജ് തീർഥാടകർക്ക് 535 സേവനങ്ങൾ നൽകുന്നു. ഹജ് സേവനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ആറു വകുപ്പുകൾക്കു കീഴിൽ 6336 സൂപ്പർവൈസർമാരും ഹജ് പൊതുസേവന മേഖലയിൽ 21 വകുപ്പുകൾക്കു കീഴിൽ 2,57,763 പേരും ആരോഗ്യ സേവന മേഖലയിൽ മൂന്നു വകുപ്പുകൾക്കു കീഴിൽ 30,908 പേരും ഗതാഗത, തപാൽ, ലോജിസ്റ്റിക് സേവന മേഖലയിൽ എട്ടു വകുപ്പുകൾക്കു കീഴിൽ 38,750 പേരും ടെലികോം, ഐ.ടി സേവന മേഖലയിൽ നാലു വകുപ്പുകൾക്കു കീഴിൽ 7098 പേരും സന്നദ്ധ പ്രവർത്തന മേഖലയിൽ 9975 പേരും സേവനമനുഷ്ഠിക്കുന്നതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 


 

Latest News