കോഴിക്കോട്- പെരുന്നാള്‍ ദിനം പ്രളയക്കെടുതി അനുഭവിക്കുന്നുവരുടേയും ക്യാമ്പുകളില്‍ കഴിയുന്നവരുടേയും പ്രയാസമകറ്റാന്‍ ഉപയോഗിക്കണമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ ആഹ്വാനം ചെയ്തു.
സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസും സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്നും തങ്ങളുടെ വിശദമായ അഭ്യര്‍ഥന ഫേസ് ബുക്കില്‍ നല്‍കി.
പോസ്റ്റുകള്‍ വായിക്കാം.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍
പെരുന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരുടെയും പ്രളയക്കെടുതി അനുഭവിക്കുന്നവരുടെയും പ്രയാസമകറ്റുന്നതിനു സവിശേഷ ശ്രദ്ധ നല്‍കണം. പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്കായി പെരുന്നാള്‍ നിസ്‌കാര ശേഷം മയ്യിത്ത് നിസ്‌കരിക്കണമെന്ന് എല്ലാ ഖത്വീബുമാരോടും അഭ്യര്‍ത്ഥിക്കുന്നു. രണ്ടര ലക്ഷം സഹോദരന്മാര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഈ സന്ദര്‍ഭത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി സാധ്യമായ ശാരീരികവും സാമ്പത്തികവും വിഭവപരവുമായ സഹായങ്ങള്‍ അവര്‍ക്കായി എത്തിക്കാന്‍ നമുക്ക് കഴിയണം. ഓരോ ദുരിതാശ്വാസ കാമ്പുകളുടെയും പരിസരത്തു സുരക്ഷിതമായി വസിക്കുന്നര്‍ പരസ്പരം സഹകരിച്ചു ക്യാപുകളില്‍ പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ശ്രദ്ധിക്കണം. അന്യോനമുള്ള സഹായങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ ദുരിത നാളുകളെയും പിന്നിട്ടു എല്ലാവരെയും ഏറ്റവും വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാന്‍ പറ്റണം. കേരളത്തിന്റെ ദുരിതനാളുകള്‍ തീരാനും മഴക്കെടുതി അവസാനിച്ചു സ്വസ്ഥമായ ദിനങ്ങള്‍ തിരിച്ചുവരാനും പുണ്യമേറിയ പെരുന്നാള്‍ ദിവസം വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണം . വിശുദ്ധമായ ഹജ്ജില്‍ കണ്ടുമുട്ടിയ ലോകത്തെ പ്രധാനപ്പെട്ട പണ്ഡിതന്മാരോട് എല്ലാം നമ്മുടെ നാട് അകപ്പെട്ട ദുരിതത്തെകുറിച്ചു സംസാരിക്കുകയും ദുആ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ദുരിതങ്ങളും മാറി സന്തോഷകരവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നമ്മുടെ നാട്ടില്‍ വേഗത്തില്‍ തിരികയെത്തട്ടെ.

സേവനത്തിന്റെ ആഘോഷപ്പെരുന്നാളാക്കുക -എം.ഐ അബ്ദുൽ അസീസ്
മനുഷ്യസ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും വിശ്വമാതൃകയായ ഇബ്‌റാഹീം പ്രവാചകനെയും കുടുംബത്തിനെയും അനുസ്മരിക്കുന്ന ബലിപെരുന്നാൾ പ്രയാസപ്പെടുന്നവരെ സഹായിക്കാനും സേവനം ചെയ്യാനുമുള്ള സന്ദർഭമാക്കി മാറ്റണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. ദൈവത്തിനുള്ള സമ്പൂർണ സമർപ്പണത്തോടൊപ്പം സുഭിക്ഷവും നിർഭയവുമായ നാടിന് വേണ്ടി ഇബ്‌റാഹീം നബി പ്രവർത്തിച്ചു. ദൈവപ്രീതിയുടെ വഴി സേവനത്തിന്റെ കൂടി വഴിയാണെന്നും അദ്ദേഹം പഠിപ്പിച്ചു. അനീതിക്കെതിരായ സമരം കൂടിയാണ് ഇസ്ലാമിക ജീവിതമെന്നും പ്രവാചക ജീവിതത്തിന്റെ സന്ദേശമാണ്.മറ്റൊരു മഴക്കെടുതിയുടെ മധ്യത്തിലാണ് കേരളത്തിലെ പെരുന്നാൾ. അനേകായിരം ജനങ്ങളാണ് ദുരിതത്തിലമർന്നിരിക്കുന്നത്. മത, ജാതി, പ്രാദേശിക ഭേദമന്യേ ഇവരെ സഹായിക്കാനും നമ്മോട് ചേർത്തു നിർത്താനുമുള്ള മികച്ച അവസരമായി പെരുന്നാൾ ദിനങ്ങളെ ഉപയോഗപ്പെടുത്തണം. എല്ലാവർക്കും ഈദാശംസകൾ നേർന്ന അബ്ദുൽ അസീസ് താങ്ങാനാവാത്ത പ്രകൃതിദുരന്തങ്ങളിൽ നിന്നും നാടിനെ മോചിപ്പിക്കണമെന്ന് പ്രാർഥിക്കാനഭ്യർഥിക്കുകയും ചെയ്തു.
ശൈഖ് മുഹമ്മദ് കാരക്കുന്ന്
പെരുന്നാള്‍ പ്രളയബാധിതരോടൊപ്പം.
നാം ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ് എന്ന് പറയുന്നതിനേക്കാള്‍ ഇപ്പോള്‍ എനിക്കിഷ്ടം അനുഷ്ഠി ക്കുകയാണ് എന്ന് പറയുന്നതാണ്. കേരളം പ്രളയക്കെടുതിയുടെ നടുവിലാണ്. മൃതശരീരം കിട്ടിയവരും അല്ലാത്തവരുമായി നിരവധി പേര്‍ മരണമടഞ്ഞു.
രണ്ടു ലക്ഷത്തോളം ആളുകള്‍ക്ക് വീടു വിട്ട് ക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു. ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു. നൂറുകണക്കിനാളുകള്‍ക്ക് വീട് നിന്നിരുന്ന ഇടം പോലും ഇല്ലാതായി. പലരുടെയും ജീവിതമാര്‍ഗ്ഗം തടസ്സപ്പെട്ടു. ആയിരക്കണക്കിന് കച്ചവടസ്ഥാപനങ്ങള്‍ വെള്ളത്തിലായി. കോടികളുടെ നഷ്ടം സംഭവിച്ചു.
ഈയൊരു സാഹചര്യത്തിലാണ് ബലിപെരുന്നാള്‍ കടന്നുവന്നിരിക്കുന്നത്.
ഇബ്രാഹിം നബിയുടെ ജീവിതം അനുസ്മരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം സ്വപ്നം കാണുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത പേടിയും പട്ടിണിയുമില്ലാത്ത നാടിനുവേണ്ടി പണിയെടുക്കാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. ഉള്ളതിന്റെ പങ്കു വെപ്പാണ്
ഇസ്‌ലാം ആവശ്യപ്പെടുന്നത്.
ഏറ്റവും പ്രിയപ്പെട്ടതുള്‍പ്പെടെ എല്ലാം നല്‍കാന്‍ സന്നദ്ധനായ ഇബ്രാഹിം പ്രവാചകന്റെ മാതൃക പിന്‍പറ്റുന്നവരുടെ മുമ്പില്‍ പെരുന്നാള്‍ ഉയര്‍ത്തുന്ന ചോദ്യം 'എന്ത് കിട്ടുമെന്നതിനു പകരം
എന്ത് കൊടുക്കു'മെന്നതാണ്.
അതിനാല്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തി അതിനായി കരുതി വെച്ച
സംഖ്യ, എല്ലാം നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്കായി നീക്കി വെക്കാം.
പെരുന്നാള്‍ നമസ്‌കാരവും ബലികര്‍മവും നിര്‍വഹിച്ച ശേഷം ആരോഗ്യം അനുവദിക്കുന്നവര്‍ക്കെല്ലാം
നമ്മുടെ സഹോദരങ്ങളെ സഹായിക്കാന്‍ കര്‍മ്മ ഭൂമിയിലിറങ്ങാം. അപ്പോള്‍ നമ്മുടെ പെരുന്നാള്‍ എക്കാലത്തെക്കാളും പുണ്യകരവും പ്രതിഫലാര്‍ഹവും സുന്ദരവും മധുരതരവുമായിരിക്കും. ജാതി,മത, കക്ഷി ഭേദമന്യേ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കൊക്കെയും പെരുന്നാള്‍ മഹത്തായ അനുഗ്രഹമായി മാറുകയും ചെയ്യും.
അല്ലാഹു നമ്മെയൊക്കെ ഇരുലോകത്തും അനുഗ്രഹിക്കട്ടെ.
ഏവര്‍ക്കും സ്‌നേഹോഷ്മളമായ ബലിപെരുന്നാള്‍ ആശംസകള്‍.






