കാസർകോട് - കേരളത്തിൽ നിന്നും ഐ.എസിൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ എത്തിയ സംഘത്തിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ നാട് വിട്ടവരിൽ അഫ്ഗാനിസ്ഥാനിൽ എത്തിയ ശേഷം അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി നേരത്തെ പ്രചാരണം ഉണ്ടായിരുന്നു. കാസർകോട് ജില്ലയിലെ രണ്ടു പേരും പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒരാൾ വീതവും കൊല്ലപ്പെട്ട കാര്യം ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ട നിലയിലും ആയിരുന്നു.
എന്നാൽ അഞ്ചു പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചുകൊണ്ടാണ് വീഡിയോ ദൃശ്യം പുറത്തു വന്നിരിക്കുന്നത്. കാസർകോട് പടന്ന ആശുപത്രിക്ക് സമീപത്തെ ഹാഫിസുദ്ദീൻ (28), പടന്ന വടക്കേപ്പുറത്തെ മുർഷിദ് അഹമ്മദ് (25), പാലക്കാട് സ്വദേശി യഹ്‌യ, കോഴിക്കോട് സ്വദേശി സാജിർ അബ്ദുല്ല മംഗലശേരി എന്നിവർ കൊല്ലപ്പെട്ടുവെന്നാണ് മുമ്പ് പറഞ്ഞുകേട്ടിരുന്നത്. അഞ്ചാമത്തെ യുവാവ് പാലക്കാട് സ്വദേശി സിബി ആണെന്നാണ് സൂചന. പടന്നയിൽ നിന്നും സംഘത്തെ കൊണ്ടുപോയ അഷ്ഫാഖ് മജീദ് പൊതുപ്രവർത്തകനായ ബി സി എ റഹ്മാന് ടെലിഗ്രാം സന്ദേശം അയച്ചാണ് മരണ വിവരം നാട്ടിൽ അറിയിച്ചിരുന്നത്.
ദേശീയ അന്വേഷണ സംഘത്തിനും ഐ.എസ് ക്യാമ്പിലെ വിവരങ്ങൾ അറിയാൻ അഷ്ഫാഖ് മജീദ് തുടർച്ചയായി അയച്ചുകൊണ്ടിരുന്ന സന്ദേശം വലിയ സഹായമായിരുന്നു. ഐ.എസിൽ ചേർന്ന ചിലരെല്ലാം അമേരിക്കയുടെ ആളില്ലാ വിമാനത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കുടുംബാംഗങ്ങളിൽ പലർക്കും വിവരം കിട്ടിയിരുന്നു. എന്നാൽ ആദ്യമായാണ് അഞ്ചു പേരുടെ ചിത്രങ്ങൾ സഹിതം വീഡിയോ ദൃശ്യങ്ങൾ പുറത്തു വരുന്നത്. കേരളത്തിൽ നിന്നുള്ള രക്തസാക്ഷികൾ എന്ന പേരിലാണ് വീഡിയോ ദൃശ്യം പ്രചരിക്കുന്നത്. മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ദൃശ്യത്തിൽ മരിച്ചുകിടക്കുന്നവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ചിത്രങ്ങൾ ഉണ്ട്. ടെലിഗ്രാം എന്ന സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇതിന്റെ പ്രചാരം. ഐ. എസിൽ ചേരാനായി കേരളത്തിൽ നിന്നും യുവാക്കളെ അഫ്ഗാനിസ്ഥാനിൽ എത്തിച്ചതിൽ മുഖ്യ കണ്ണിയെന്ന് എൻ ഐ എ സംശയിക്കുന്ന കോഴിക്കോട് സ്വദേശി സജീർ അബ്ദുല്ലയുടെ ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഐ എസ് ക്യാമ്പിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെയാണ് ഇതെന്നാണ് എൻ ഐ എ വൃത്തങ്ങൾ പറയുന്നത്. അതേസമയം മുമ്പത്തെ പോലെ ടെലിഗ്രാം സന്ദേശങ്ങൾ ഇപ്പോൾ വരുന്നില്ലെന്നാണ് പടന്നയിലെ പൊതുപ്രവർത്തകനായ ബി സി എ റഹ്മാൻ പറഞ്ഞത്. അത് ആർക്കും കണ്ടുപിടിക്കാൻ കഴിയാത്തതിനാൽ എൻ ഐ എ യും അതിൽ താൽപര്യം കാണിക്കുന്നില്ല. എക്‌സ്‌പോസ് കേരള, ഗോൾഡ് ദീനാർ, മെസേജ് കേരള എന്നീ മൂന്ന് ഗ്രൂപ്പുകൾ രൂപീകരിച്ച ഐ.എസ് സംഘം അതിലാണ് ഇപ്പോൾ പ്രചാരണങ്ങൾ മുഴുവൻ നടത്തുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും ഈ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ സംഘം ഉപയോഗിക്കുന്നുണ്ട്.