മധ്യസ്ഥശ്രമങ്ങൾ ഖത്തർ പരാജയപ്പെടുത്തി
റിയാദ് - ഖത്തറിനെതിരെ സാമ്പത്തിക, രാഷ്ട്രീയ, നിയമ തലങ്ങളിൽ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. നാലു രാജ്യങ്ങളും ഖത്തറിനു മുന്നിൽ വെച്ച 13 ഉപാധികളിൽ കുവൈത്ത് അമീർ വഴി ഖത്തർ അമീർ കൈമാറിയ മറുപടി വിശദമായി പഠിച്ചാണ് ഖത്തറിനെതിരെ പുതിയ നടപടികൾ സ്വീകരിക്കുന്നതിന് നാലു രാജ്യങ്ങളും തീരുമാനിച്ചത്. ഉപാധികൾ ഖത്തർ ഗവൺമെന്റ് നിരാകരിച്ചതിൽ സംയുക്ത പ്രസ്താവന കടുത്ത ആശ്ചര്യം പ്രകടിപ്പിച്ചു. ഖത്തറിന്റെ മർക്കടമുഷ്ടിയും ഉപാധി നിരാസവും ഭീകര സംഘടനകളുമായി ഖത്തറിന് എത്രമാത്രം ബന്ധമുണ്ടെന്നും ഗൾഫിലും മേഖലയിലും സുരക്ഷാ ഭദ്രത തകർക്കുന്നതിനുള്ള ശ്രമങ്ങൾ ഖത്തർ തുടരുമെന്നുമാണ് സൂചിപ്പിക്കുന്നത്. ഖത്തർ ജനത അടക്കം മേഖലയിലെ ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് ഖത്തർ കരുതിക്കൂട്ടി കോട്ടമുണ്ടാക്കുകയാണ്.
പ്രതിസന്ധി പരിഹരിക്കുന്നതിന് നയതന്ത്ര തലത്തിൽ നടത്തിയ മുഴുവൻ ശ്രമങ്ങളെയും ഖത്തർ പരാജയപ്പെടുത്തി. ഖത്തറിന്റെ പിടിവാശിയും ഏതു തരത്തിലുള്ള പ്രശ്‌ന പരിഹാരവും സമ്മതമല്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷാ ഭദ്രത തകർക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയം തുടരുന്നതിനുള്ള ഉദ്ദേശ്യമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് നടത്തിയ ശ്രമങ്ങൾക്ക് കുവൈത്ത് അമീറിനോട് നന്ദിയും കൃതജ്ഞതയുമുണ്ട്. കുവൈത്ത് നടത്തിയ മധ്യസ്ഥശ്രമങ്ങൾ മാനിക്കാതെ ഖത്തർ പുറംതിരിഞ്ഞുനിന്നത് അപലപനീയമാണ്. കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെടുത്തുന്നതിന് ശ്രമിച്ച് ഉപാധികളുടെ പട്ടിക ഖത്തർ ചോർത്തി നൽകി. മധ്യസ്ഥന്റെ റോൾ മാനിക്കൽ നിർബന്ധമാക്കുന്ന മുഴുവൻ നയതന്ത്ര മര്യാദകളോടുമുള്ള വ്യക്തമായ അനാദരവാണിത്. കുവൈത്ത് അമീർ വഴി കൈമാറിയ ഉപാധികളിൽ മാധ്യമങ്ങളിലൂടെയല്ല, ലോകത്ത് കീഴ്‌നടപ്പുള്ള രീതിയിൽ മറുപടി നൽകുകയാണ് വേണ്ടിയിരുന്നത്.
ഖത്തർ ഗവൺമെന്റിന്റെ ശത്രുതാപരമായ പ്രവർത്തനങ്ങളും കരാറുകൾ തുടർച്ചയായി ലംഘിക്കുന്നതുമാണ് ഉപാധികൾ മുന്നോട്ടുവെക്കുന്നതിന് പ്രേരകം. നിയമാനുസൃതവും യുക്തിസഹവുമായ ഈ ഉപാധികൾ ഖത്തർ നിരാകരിച്ചത് അങ്ങേയറ്റം ആശ്ചര്യകരമാണ്. ലോക സമാധാനം സംരക്ഷിക്കുന്നതിന് ഭീകരവാദ, തീവ്രവാദ വിരുദ്ധ പോരാട്ടമാണ് ഉപാധികളിലൂടെ ലക്ഷ്യമിട്ടത്. പത്തു ദിവസത്തിനകം അംഗീകരിക്കാത്ത പക്ഷം ഉപാധികൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കുമെന്നും അവകാശങ്ങളും സുരക്ഷാ ഭദ്രതയും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് അനുയോജ്യമായ സമയത്ത് രാഷ്ട്രീയ, സാമ്പത്തിക, നിയമ നടപടികൾ സ്വീകരിക്കുമെന്നും 12 ാമത്തെ ഉപാധി വ്യക്തമാക്കുന്നുണ്ട്.
ഗൾഫ്, അറബ് സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമാണ് ഖത്തർ ജനത. ഗൾഫ് സഹകരണ കൗൺസിലും അറബ്, ആഗോള സുരക്ഷയും തകർക്കുകയും മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്ന ഖത്തറിന്റെ നയം തിരുത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഖത്തറിനെതിരെ നടപടികൾ സ്വീകരിച്ചത്. ഖത്തറിന്റെ പ്രവർത്തനങ്ങൾ മേഖലാ രാജ്യങ്ങളുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ്. അരാജകത്വവും നാശവും വ്യാപിപ്പിക്കുന്നതിനും ആഭ്യന്തര സുരക്ഷ തകർക്കുന്നതിനും ലക്ഷ്യമിട്ട് ഭീകര സംഘടനകൾക്ക് പിന്തുണയും സാമ്പത്തിക സഹായവും നൽകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും റിയാദിൽ ചേർന്ന ഇസ്‌ലാമിക്-അമേരിക്ക ഉച്ചകോടി തീരുമാനങ്ങളുടെയും ലംഘനമാണെന്നും സംയുക്ത പ്രസ്താവന പറഞ്ഞു.






