ചെന്നൈ- വിവാഹത്തിന് മുമ്പ് മരിച്ച പിതാവിന്റെ മൃതദേഹം അണിയിച്ചൊരുക്കി മൃതദേഹത്തെ സാക്ഷിയാക്കി മകന്റെ വിവാഹ ചടങ്ങ്. തമിഴ്‌നാട്ടിലാണ് വ്യത്യസ്‌തമായൊരു വിവാഹം നടന്നത്. വിവാഹത്തിനെടുത്ത പുതു വസ്‌ത്രം ധരിപ്പിച്ചു പിതാവിനെ കസേരയിൽ ഇരുത്തി ദമ്പതികൾ ഫോട്ടോയും എടുത്തു. മരണപ്പെട്ട പിതാവിനെ സംസ്‌കരിക്കുന്നതിനു മുമ്പ് പിതാവിനെ സാക്ഷിയാക്കി വിവാഹം നടത്തണമെന്ന ആഗ്രഹം നിറവേറ്റി തമിഴ്‌നാട്ടിലെ വില്ലുപുരത്തിനടുത്ത തിണ്ടിവനത്ത് നടന്ന കല്യാണ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സെപ്‌തംബർ രണ്ടിനായിരുന്നു തിണ്ടിവനം സ്വദേശിയും അധ്യാപകനുമായ അലക്‌സാണ്ടറും സഹപ്രവര്‍ത്തകയായ അന്നപൂര്‍ണാനിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഓഗസ്റ്റ് ഒമ്പതിന് യുവാവിന്റെ പിതാവ് ദേവമണി അന്തരിച്ചതോടെ പിതാവിന്റെ മൃതദേഹം സംസ്‌കരിക്കും മുമ്പ് വിവാഹം നടത്താന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാരോട് യുവാവ് തന്റെ ആഗ്രഹം അറിയിച്ചപ്പോൾ അവർക്കും പൂർണ്ണ സമ്മതം. അങ്ങിനെയെന്ന് മരണപ്പെട്ട പിതാവിനെ അണിയിച്ചൊരുക്കി കസേരയിൽ ഇരുത്തി പിതാവിനെ സാക്ഷിയാക്കി യുവാവ് വധുവിന്റെ കഴുത്തിൽ മിന്നു കെട്ടിയത്. അമ്മയുടെ അടുത്തിരുത്തി പിതാവിന്റെയും അമ്മയുടെയും കഴുത്തിൽ പൂമാലയും ധരിപ്പിച്ചിരുന്നു. തുടർന്ന് വധുവിന്റെ കഴുത്തിൽ മിന്നു കെട്ടി നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിതാവിന്റെ കയ്യിൽ നിന്നാണ് യുവാവ് താലിക്കുള്ള മാല ഏറ്റു വാങ്ങിയത്. താലികെട്ടിനു ശേഷം ഇവരെടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് വൈറലായത്.
തുടർന്ന് വിവാഹത്തിന് തൊട്ടടുത്ത ദിവസം തന്നെ പിതാവിന്റെ സംസ്‌കാരവും നടത്തുകയും ചെയ്‌തു. നേരത്തെ നിശ്ചയിച്ച വിവാഹ ദിവസത്തിൽ സൽക്കാരണം നടത്താനാണ് ഇപ്പോൾ ഇവരുടെ പദ്ധതി. മകന്റെ വിവാഹം നടന്നു കാണണമെന്ന പിതാവിനെ ആഗ്രഹമാണ് മകനെ ഇത്തരത്തിലൊരു വിവാഹം നടത്താൻ പ്രേരിപ്പിച്ചത്.