ഹാജിമാര്‍ ജംറയിലേക്ക്; കല്ലേറ് കര്‍മം സുഗമം

മിന- അറഫയിലെ മനമുരുകിയുള്ള പ്രാര്‍ഥനകള്‍ക്കും മുസ്ദലിഫയിലെ രാപ്പാര്‍പ്പിനും ശേഷം മിനാ താഴ്‌വരയില്‍ തിരിച്ചെത്തിയ ഹാജിമാര്‍ ജംറയിലെത്തി കല്ലേറ് കര്‍മം നിര്‍വഹിക്കുന്നു. ഹാജിമാര്‍ ഏറ്റവും പ്രയാസകരമാകുമെന്ന് കരുതുന്ന കല്ലേറ് കര്‍മം ആയാസ രഹിതമായാണ് മുന്നോട്ടു പോകുന്നത്.
ഹജിന്റെ മൂന്നാം ദിവസമായ ഇന്ന് ഹാജിമാര്‍ക്ക് തിരക്കേറിയ ദിനമാണ്. മുസ്ദലിഫയില്‍നിന്ന് ട്രെയിനിലെത്തിയ ഹാജിമാരാണ് രാവിലെ തന്നെ കല്ലേറ് നിര്‍വഹിച്ചത്. ബസുകളില്‍ മിനായിലെ തമ്പുകളിലെത്തിയ ഹാജിമാര്‍ ഇവര്‍ക്കു പിന്നാലെ പിശാചിന്റെ പ്രതീകാത്മക സ്തൂപത്തില്‍ കല്ലെറിയും.
പ്രാര്‍ഥനക്കുത്തരമായി അറഫയില്‍ വര്‍ഷിച്ച  മഴയ്ക്ക് കൂടി സാക്ഷ്യം വഹിച്ച ഹാജിമാര്‍ തികഞ്ഞ സംതൃപ്തിയോടെയാണ്  മിനായില്‍ എത്തിച്ചേരുന്നത്. ഇന്ന് കല്ലേറിനു ശേഷം തലമുണ്ഡനം ചെയ്യുന്ന ഹാജിമാര്‍ വിശുദ്ധ ഹറമിലെത്തി ത്വവാഫും സഅ്‌യും നിര്‍വഹിക്കും. തിരക്ക് ഒഴിവാക്കുന്നതിന് ഹറമിലേക്കുള്ള യാത്ര അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്ന ഹാജിമാരുമുണ്ട്. മിനായില്‍നിന്ന് ഹറമിലേക്കും തിരിച്ചും ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുസ്ദലിഫയില്‍നിന്ന് മടങ്ങുന്ന ഹാജിമാരെ തമ്പുകളിലും ജംറകളിലുമെത്തിക്കാന്‍ മലയാളികളക്കമുള്ള സന്നദ്ധ സേവകര്‍ സജീവമായി രംഗത്തുണ്ട്.  
കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ മക്തബുകള്‍ക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ ഇന്ന് രാവിലെ തന്നെയാണ് കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത്.  നാളെ ഉച്ചക്ക് രണ്ടിനും ആറിനുമിടയിലും ദുല്‍ഹജ്ജ് 12ന് രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനുമിടയില്‍  കല്ലേറ് കര്‍മം പൂര്‍ത്തിയാക്കണമെന്ന ഇന്ത്യന്‍ ഹജ് മിഷന്റെ നിര്‍ദേശമുണ്ട്.

 

Latest News