ജിദ്ദ - ഹജ് തീർഥാടകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ ക്രമീകരണത്തിന് ഹജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിൻതൻ അംഗീകാരം നൽകി. ഇ-ട്രാക്ക് വഴി ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ പൂർത്തിയായി ദുൽഹജ് ഏഴിന് ഇ-ട്രാക്ക് ക്ലോസ് ചെയ്യുന്നതു വരെ ഹജ് സർവീസ് കമ്പനികളുടെ വരുമാനത്തിന്റെ 20 ശതമാനം ഹജ്, ഉംറ മന്ത്രാലയം കസ്റ്റഡിയിൽ വെക്കുകയാണ് ചെയ്യുക. ഓൺലൈൻ വഴി ഹജ് രജിസ്‌ട്രേഷൻ റദ്ദാക്കുന്നവരുടെ പണം തിരികെ നൽകുന്നതിനാണ് തടഞ്ഞുവെക്കുന്ന പണം ഉപയോഗിക്കുക. ഹജ് രജിസ്‌ട്രേഷൻ റദ്ദാക്കുന്നവർക്ക് പണം തിരികെ ലഭിക്കുന്നതിന് ഒരു വകുപ്പിനെയും സമീപിക്കേണ്ടിവരില്ല. ഓൺലൈൻ വഴി തന്നെ ഇവരുടെ പണം തിരികെ നൽകും.
ദുൽഖഅദ് ഒന്നു മുതൽ ഇ-ട്രാക്ക് വഴി ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. ഹജ് തീർഥാടകരുമായി കരാറുകളിലേർപ്പെടുന്നതിനു മുമ്പായി ഹജ് സർവീസ് കമ്പനികൾ ഹജ്, ഉംറ മന്ത്രാലയത്തിൽ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കണം. ഈ വർഷം ആഭ്യന്തര ഹജ് സർവീസ് കമ്പനികൾ ആകെ 8.6 കോടി റിയാൽ ബാങ്ക് ഗ്യാരണ്ടി കെട്ടിവെക്കേണ്ടിവരും. ഹജ് സീസൺ അവസാനിച്ച് ഹജ് സർവീസ് കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റി വിധിക്കുന്ന പിഴകൾ പിടിച്ച ശേഷം മാത്രമേ ഗ്യാരണ്ടി തുക തിരികെ നൽകുകയുള്ളൂ. നിയമ ലംഘനങ്ങൾ നടത്താത്ത കമ്പനികൾക്ക് ഗ്യാരണ്ടി തുക പൂർണമായും തിരികെ നൽകും. ഇ-ട്രാക്ക് വഴി ഹജ് ബുക്കിംഗ് നടത്തി ഹജ് തീർഥാടകർ അടക്കുന്ന പണം ഹജ്, ഉംറ മന്ത്രാലയം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. തീർഥാടകർക്ക് ഹജ് അനുമതി പത്രം ഇഷ്യു ചെയ്ത ശേഷം മാത്രമേ ഈ അക്കൗണ്ടിലെ പണം ഹജ് സർവീസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയുള്ളൂ.
ചില കാറ്റഗറികളിലെ തീർഥാടകർക്ക് അറഫയിൽ പരമ്പരാഗത തമ്പുകൾക്കു പകരം തീപ്പിടിക്കാത്ത തമ്പുകൾ ഏർപ്പെടുത്തണമെന്ന ശുപാർശയും ഹജ്, ഉംറ മന്ത്രി അംഗീകരിച്ചിട്ടുണ്ട്. മുസ്ദലിഫയിൽ മൊബൈൽ ടോയ്‌ലെറ്റുകൾ സ്ഥാപിക്കണമെന്ന നിർദേശവും അംഗീകരിച്ചിട്ടുണ്ട്. ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുമായും സർവീസ് കമ്പനികളുടെ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട മറ്റേതാനും ശുപാർശകളും മന്ത്രി അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 500 ഹജ് തീർഥാടകർക്ക് ഒന്ന് എന്നോണം കരുതൽ ബസുകൾ സർവീസ് കമ്പനികൾ ഒരുക്കി നിർത്തണമെന്നും നിർദേശമുണ്ട്. ജനറൽ കാറ്റഗറിയിൽ പെട്ട തീർഥാടകരെ മക്കയിൽ നിന്ന് മിനായിലും തിരിച്ചുമെത്തിക്കുന്നതിന് സർവീസ് കമ്പനികൾക്ക് ഈടാക്കാവുന്ന കൂടിയ നിരക്ക് ആയി 300 റിയാൽ നിശ്ചയിച്ചിട്ടുണ്ട്. വിമാനത്തിൽ യാത്രാ സൗകര്യം നൽകുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്ക് 2,000 റിയാലിൽ നിന്ന് 2,200 റിയാലായി ഉയർത്തിയിട്ടുണ്ട്. ഒരുമിച്ചു കൂട്ടുന്ന പോയിന്റിൽ നിന്ന് എയർപോർട്ടിലും വിമാനത്താവളത്തിൽ നിന്ന് പുണ്യസ്ഥലങ്ങളിലും തിരിച്ചും ഇതേപോലെ എത്തിക്കുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്കാണിത്. കുറഞ്ഞ ചെലവിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന കാറ്റഗറിയിൽ മക്കക്ക് പുറത്തു നിന്ന് ബസ് മാർഗം തീർഥാടകരെ പുണ്യസ്ഥലങ്ങളിലും തിരിച്ചുമെത്തിക്കുന്നതിന് ഈടാക്കാവുന്ന കൂടിയ നിരക്ക് 800 റിയാൽ ആണ്. മക്കയിൽ നിന്ന് തീർഥാടകരെ പുണ്യസ്ഥലങ്ങളിലും തിരിച്ചും എത്തിക്കുന്നതിന് ഏകീകൃത നിരക്ക് ആയി 300 റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്.






