ന്യൂദൽഹി- നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജിഷ്ണു പ്രണോയ് കേസുമായും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർഥിയെ മർദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്.
രണ്ടു കേസിലും പ്രതിയായ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി. കേസിൽ സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് സുപ്രീംകോടതിയിൽ ഹാജരായത്.
വളരെ ഗൗരവമേറിയ കേസാണിതെന്നും കൃഷ്ണദാസിന് നൽകിയ ജാമ്യം റദ്ദാക്കണമെന്നും കേസ് സിബിഐക്ക് വിട്ടിരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഗൗരവതരമാണെന്ന് സമ്മതിച്ച കോടതി വിഷയത്തിൽ സിബിഐയുടെ അഭിപ്രായം തേടാൻ തീരുമാനിച്ചു.