ന്യൂദൽഹി- കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പാർട്ടി പ്രവർത്തകസമിതി യോഗം പുരോഗമിക്കുന്നു. യോഗത്തിനെത്തിയ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും തിരികെപ്പോയി. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന യോഗത്തിൽ തങ്ങളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും വേഗം മടങ്ങിപ്പോയത്. കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങളും പോഷക സംഘടനകളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. കിഴക്ക്, വടക്കുകിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് മേഖലകളെ പ്രതിനിധീകരിച്ചുള്ള സമിതികളും യോഗത്തിൽ പങ്കെടുക്കും.
മുകുൾ വാസ്‌നിക് കോൺഗ്രസ് അധ്യക്ഷനാകുമെന്നാണ് സൂചന. ഇന്നത്തെ യോഗത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം, കോൺഗ്രസ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ മുകുൾ വാസ്്‌നികിന് താൽക്കാലിക അധ്യക്ഷനാക്കുമെന്നാണ് സൂചന. ദളിത് വിഭാഗത്തിൽ നിന്നുള്ളൊരാളെ കോൺഗ്രസ് അദ്ധ്യക്ഷനാക്കണം എന്ന മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആവശ്യവും കോൺഗ്രസ് പരിഗണിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ മുൻ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കാവും നറുക്ക് വീഴുക.