Sorry, you need to enable JavaScript to visit this website.

കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ

മലപ്പുറം- ഉരുൾപൊട്ടലുണ്ടായി നിരവധി പേരെ കാണാതായ മലപ്പുറം കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും ഉരുൾപൊട്ടൽ. ആർക്കും അപകടമുണ്ടായിട്ടില്ലെന്ന് എസ്.പി അറിയിച്ചു. രക്ഷാദൗത്യത്തിന് തടസം നേരിടുന്നതായും എസ്.പി അറിയിച്ചു. മഴ തുടങ്ങിയ ആദ്യദിവസം നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഭൂദാനം കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അൻപതിലേറെപേരെ കാണാതായിരുന്നു. മലയിടിഞ്ഞ് ഭൂദാനം കോളനിക്കു മുകളിലേക്കു പതിക്കുകയായിരുന്നു. കുറേപ്പേരെ നാട്ടുകാർ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. എന്നാൽ ഇനിയും കുറേപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയുടെ മലയോര പ്രദേശമായ പോത്തുകൽ പഞ്ചായത്ത്  കവളപ്പാറ മുത്തപ്പൻക്കുന്നിലുണ്ടായ ഉരുൽപൊട്ടലിൽ  24 വീടുകൾ പൂർണമായി തകർന്നു. 18 വീടുകൾ നിലനിന്നിരുന്ന സ്ഥലങ്ങൾ തരിശായി മാറി. സംഭവം നടന്ന ഉടൻ പതിനഞ്ചുകാരിയെ രക്ഷിക്കാൻ നാട്ടുകാർക്കു കഴിഞ്ഞു. തെരച്ചിലിൽ നാലുവയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് നാടിനെ നടുക്കിയ ദുരുന്തമുണ്ടായത്. രണ്ടു ദിവസമായി മഴ തുടരുന്നതിനാൽ സമീപ പ്രദേശത്തെ സന്നദ്ധ പ്രവർത്തകർ ഇവിടങ്ങളിലെ ആളുകൾ മാറ്റിപാർപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെയാണ്  ഉരുൾപൊട്ടലുണ്ടായത്. പ്രദേശവാസികളെ മാറ്റിപാർപ്പിക്കാൻ പോയ അനീഷ് മരങ്ങാട്ടുതൊടി, നാഗേരിപറമ്പത്ത് സുകുമാരൻ  എന്നിവരെയും കാണാതായിട്ടുണ്ട്.
കവളപ്പാറ കോളനിക്കാരായ രാഗിണി, ഭർത്താവ് പ്രിയൻ, രാഗണിയുടെ മാതാവ്, കോളനിയിലെ പെരകൻ, ഭാര്യ ചീര, സുനിൽ, ഭാര്യ ശാന്ത, ഇവരുടെ മകൻ,  കോളനിയിലെ ശിവൻ, ഭാര്യ, ഇവരുടെ മകൻ ശ്യാം, സൂത്രത്തിൽ വിജയൻ, ഭാര്യ, മക്കളായ വിഷ്ണു, ആർമി ഉദ്യോസ്ഥൻ
കൂടിയായ ജിഷ്ണു, കല്ല്യാണി, സന്തോഷ്, വിജേഷ്, വിജേഷിന്റെ മകൻ, ചാത്തൻ, ഭാര്യ, ഇണ്ടിപ്പാലൻ, സുബ്രൻ, ഭാര്യ, സുബ്രന്റെ രണ്ടു
മക്കളുടെ ഭാര്യമാർ, നാഗേരി പറമ്പത്ത് സുകുമാരൻെ ഭാര്യ, മകൻ, പേരക്കുട്ടി, ശ്രീധരൻ, ഭാര്യ, നെടിയകാലായിൽ സഹദേവൻ, ഭാര്യ ഉഷ,  മകൻ ബിനോയി, ഭാര്യ, ഒരു കുട്ടി,  ഗോപി, ഭാര്യ, രണ്ടുമക്കൾ, ഗോപിയുടെ മാതാവ്,  മുതിരക്കുളം മുഹമ്മദ്, ഭാര്യയും കുട്ടിയും, വെട്ടുപറമ്പിൽ വിക്ടർ, നാലുവയസുകാരി തുടങ്ങിയവരെയാണ് കാണാതായത്. പ്രദേശത്തു മൂന്നു മണ്ണുമാന്ത്രി യന്ത്രങ്ങളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ പ്രദേശത്തു പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പോത്തുകൽ പോലീസ്, ട്രോമാകെയർ യൂണിറ്റ്,  ഫയർ ആൻഡ് റെസ്‌ക്യൂ, നാട്ടുകാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. എന്നാൽ രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു ആക്ഷേപമുണ്ട്. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെയാണ് കൈപ്പനി, പനങ്കയം പാലങ്ങൾ വഴി ഇവിടേക്കുള്ള ഗതാഗതം  ഭാഗികമായി പുന:സ്ഥാപിച്ചത്. വൻമരങ്ങളും മുളങ്കൂട്ടങ്ങളും വന്നിടഞ്ഞു പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടു കിടക്കുകയയിരുന്നു. കൈപ്പിനി പാലം പൂർണമായി  മലവെള്ളപ്പാച്ചിലിൽ തകർന്നു പോയിരുന്നു.
ഉരുൾപൊട്ടലുണ്ടായ മുത്തപ്പൻക്കുന്നിന്റെ പകുതിയോളം ഭാഗം മൂന്നിടങ്ങളിലേക്കായി ഒലിച്ചിറങ്ങുകയാണ് ഉണ്ടായത്. ഇതോടെ കുന്നിന്റെ താഴ്‌വാരത്തുള്ള നൂറുക്കണക്കിനു വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ നിന്നു ആളുകൾ ഒഴിഞ്ഞുപോയി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റികൊണ്ടിരിക്കുകയാണ്. ശക്തമായ മഴ തുടരുന്നതിനാൽ  പ്രദേശത്ത് വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണ്. ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, പി.വി. അൻവർ എം.എൽ.എ, റവന്യൂ ഉദ്യോസ്ഥർ തുടങ്ങിയവരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സമീപസ്ഥലമായ പാതാർ അതിരുവീട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടമുണ്ടായി.. ഇവിടെ ആളാപയമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.  പാതാർ ടൗൺ പൂർണമായും നിലംപരിശായിട്ടുണ്ട്.  നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും തകർന്നടിഞ്ഞു. പലയിടങ്ങളിലും വീടുകൾ ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. ഇവിടങ്ങളിൽ വാർത്താവിനിമയ സംവിധാനമെല്ലാം താറുമാറായി കിടക്കുകയാണ്.
 

Latest News