Sorry, you need to enable JavaScript to visit this website.

ഭക്തിസാന്ദ്ര മനസ്സുമായി തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയിലേക്ക്

അറഫ- മിനായിലെ രാപ്പാര്‍പ്പോടെ  ഭക്തിസാന്ദ്രമായ മനസ്സുമായി തീര്‍ഥാടക ലക്ഷങ്ങള്‍ വിശുദ്ധ ഹജിന്റെ സുപ്രധാന കര്‍മത്തിനായി അറഫയിലേക്ക് നീങ്ങുന്നു.  ഹജിലെ സുപ്രധാന കര്‍മമാണ് അറഫയിലെ നിറുത്തവും പ്രാര്‍ഥനയും.
ഒരായുസ്സു മുഴുവന്‍ നെഞ്ചിലേറ്റി നടന്ന സ്വപ്ന സാക്ഷാത്കാരത്തിനായി അതിര്‍വരമ്പുകളും പക്ഷഭേദങ്ങളും വലിപ്പ ചെറുപ്പവുമില്ലാതെ 25 ലക്ഷത്തോളം ഹാജിമാരാണ് അറഫ മൈതാനിയില്‍ സംഗമിക്കുന്നത്.

'ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്... എന്ന തല്‍ബിയത്ത് മന്ത്രമുരുവിട്ടും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും കൊണ്ട് സമ്പന്നമായ മനസ്സുമായാണ് ഹാജിമാര്‍ പ്രഭാത നമസ്‌കാര ശേഷം മിനായില്‍നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള അറഫ താഴ്വരയിലേക്കു നീങ്ങി തുടങ്ങിയത്. മശാഇര്‍ ട്രെയിനുകളിലും ബസുകളിലും മറ്റു വാഹനങ്ങളിലുമായി ഉച്ചക്കു മുന്‍പായി ഹാജിമാരെല്ലാം അറഫയിലെത്തിച്ചേരും.  

അറഫയിലെ മസ്ജിദ് നമിറയില്‍ ഉച്ചക്കു നടക്കുന്ന നമസ്‌കാരത്തിനും ഖുതുബക്കും ഹദീസ് പഠന, ഗവേഷണ മേഖലയിലെ അതികായരില്‍ ഒരാളായ ഉന്നത പണ്ഡിത സഭാംഗം ശൈഖ് മുഹമ്മദ് ബിന്‍ ഹസന്‍ ആലുശൈഖ് നേതൃത്വം നല്‍കും. പാപമോചനത്തിനും ആത്മവിശുദ്ധിക്കുമായി കണ്ണീര്‍ വാര്‍ത്ത് പ്രാര്‍ഥിച്ച് സൂര്യാസ്തമയം വരെ തീര്‍ഥാടകര്‍ അറഫയില്‍ കഴിയും.
തുടര്‍ന്ന് മുസ്ദലിഫയിലേക്കു നീങ്ങുന്ന ഹാജിമാര്‍ അവിടെ രാപ്പാര്‍ത്ത്, ശേഖരിക്കുന്ന കല്ലുകളുമായി നാളെ മിനായില്‍ തിരിച്ചെത്തും. സാത്താന്റെ പ്രതീകമായ ജംറത്തുല്‍ അഖബയില്‍ കല്ലേറ് നടത്തിയ ശേഷം മുടി മുറിച്ച് ബലിയര്‍പ്പണവും നടത്തി ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം ഹജിന്റെ വേഷമായ ഇഹ്റാമില്‍നിന്ന് വിട വാങ്ങി രണ്ടു ദിനം കൂടി മിനായില്‍ കഴിച്ചുകൂട്ടും.
ഇന്നു പ്രഭാത ശേഷം ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്ത് ഇന്നലെ രാത്രി മുതല്‍ തന്നെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. ചൂടു കാലാവസ്ഥ കണക്കിലെടുത്ത് മുതവ്വിഫുകള്‍ അറഫയില്‍ ടെന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.  അറഫ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക മുസ്ലികള്‍ ഇന്ന് വ്രതം അനുഷ്ഠിക്കും.
മക്കയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞിരുന്ന ഹാജിമാര്‍ കഴിഞ്ഞ ദിവസം സന്ധ്യ മുതലേ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യന്‍ ഹാജിമാര്‍ ബഹുഭൂരിഭാഗവും ഇന്നലെ നേരം പുലരുന്നതിനു മുമ്പ് മിനായിലെത്തിയിരുന്നു. ഇന്ത്യന്‍ ഹജ് മിഷന്‍ ഏര്‍പ്പെടുത്തിയ ബസുകളിലാണ് അധികപേരും എത്തിയത്.

 

 

Latest News