Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് മഴക്ക് ശമനം; പ്രളയത്തിൽ ഒരാൾ മരിച്ചു

തീക്കോയിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ മീനച്ചിലാർ കരകവിഞ്ഞപ്പോൾ

കോട്ടയം - കോട്ടയത്ത് മഴയ്ക്ക് നേരിയ ശമനം. പാലാ നഗരം വെള്ളത്തിൽ. മീനച്ചിലാറ്റിൽ ജല നിരപ്പ് ഉയർന്നതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിലായി. അതിനിടെ പ്രളയത്തിൽ ഒരാൾ മരിച്ചു. കല്ലറ പെരുന്തുരുത്ത് പാലത്തിന് സമീപം താമരച്ചാൽ പാടത്താണ് വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയൻ തുരുത്ത് വാകത്തറ തങ്കപ്പൻ (68) ആണ് മരിച്ചത്. രണ്ടു ദിവസം കാണാതായിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ രണ്ടിടത്ത് ഉരുൾപൊട്ടലുണ്ടായി. ഈരാറ്റുപേട്ട അടുക്കത്തും തീക്കോയിക്കടുത്ത് മംഗളഗിരിയിലുമാണ്  പുലർച്ചെ ഉരുൾപൊട്ടിയത്. ശക്തമായ വെള്ളപാച്ചിലിനെ തുടർന്ന് മീനച്ചിലാർ കരകവിഞ്ഞു.  കൂട്ടിക്കൽ പഞ്ചായത്തിലും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായി. കോരുത്തോട്, എരുമേലി പഞ്ചായത്തിലെ കണമല ഉൾപ്പടെയുള്ള മേഖലകളിലാണ്. രണ്ട് പാലങ്ങൾ ഈ മേഖലയിൽ നഷ്ടപെട്ടിട്ടുണ്ട്. വളരെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. പാലാ നഗരത്തിലും കൊട്ടാരമറ്റം ബസ് ടെർമിനലിലും വെള്ളം കയറി. മൂന്നാനി,  ചെത്തിമറ്റം, മുത്തോലി, പുലിയന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. കോട്ടയം കുമളി റോഡിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. കെ.കെ റോഡിൽ വാഹന ഗതാഗതം മുണ്ടക്കയം വരെ മാത്രമെ അനുവദിച്ചിട്ടുള്ളു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിന്റെ  അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഈരാറ്റുപേട്ട പനയ്ക്കപാലത്ത് മതിലിടിഞ്ഞു ബംഗാൾ സ്വദേശി ബിൽ ലാൽ ഹുസൈന് പരിക്കേറ്റു. കുമരകം അട്ടിപ്പിടിക തൊള്ളന്തറയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് ഗിരീഷ് (40), ഭാര്യ രാധാദേവി (39), അമ്മ ജാനകി (80) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം റെയിൽവേ പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്പ് യു.പി സ്‌കൂൾ കെട്ടിടത്തിനു മുകളിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ കടുത്തുരുത്തി ഫയർ സ്റ്റേഷനിലെ സേനാംഗം അഭിജിത്തിന് താഴെ വീണു പരിക്കേറ്റു. അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ല. 
മലയോര മേഖലയിലും മണ്ണിടിച്ചിലും ഉരുൾപൊട്ടൽ ഭീതിയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഭീഷണിയും ഉയരുകയാണ്. മീനച്ചിലാറ്റിൽ വെള്ളം വരവ് ശക്തമായി തുടരുകയാണ്. ഇത് വേമ്പനാട്ടു കായലിലും ജലനിരപ്പ് ഉയരുന്നതിന്  കാരണമാകും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷികൾക്ക് വ്യാപക നാശം സംഭവിച്ചു. ജില്ലയിൽ 110 ലധികം വീടുകൾക്ക് നാശനഷ്ടമുണ്ടായി.
ഏത് സാഹചര്യത്തേയും നേരിടാൻ സുസജ്ജമാണെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. മന്ത്രി സ്ഥിതി ഗതികൾ വിലയിരുത്തി. ഏറ്റുമാനൂർ കോട്ടയം റെയിൽവേ പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ട്രെയിനുകൾ വൈകി ഓടുകയാണ്. 

 

Latest News