കൽപറ്റ-മേപ്പാടി പുത്തുമല പ്രകൃതിദുരന്തത്തിൽ നെല്ലിമുണ്ട മണ്ണിൽവളപ്പിൽ ഷൗക്കത്ത്-മുനീറ ദമ്പതികൾക്കു നഷ്ടമായത് പതിറ്റാണ്ടിലേറെ കാത്തിരുന്നു ലഭിച്ച കൺമണി. ഏക മകനാണ് ഉരുൾപൊട്ടലിൽ മരിച്ച മൂന്നര വയസുകാരൻ മുഹമ്മദ് മിസ്തഹ്. മണ്ണിൽ പുതഞ്ഞ ഈ ബാലന്റെ മൃതദേഹം രാവിലെ ഏഴോടെയാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. പുത്തുമല അമലോദ്ഭവമാതാ സെമിത്തേരി കപ്പേളയിലെത്തിച്ചു ഇൻക്വസ്റ്റ് നത്തിയ മൃതദേഹം ഉച്ചകഴിഞ്ഞു മൂന്നരയോടെ നെല്ലിമുണ്ട ജൂമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു.
ഹാരിസൺ മലയാളം സെന്റിനൽ റോക്ക് എസ്റ്റേറ്റിലെ പുത്തുമല ഡിവിഷനിൽ കാന്റീൻ നടത്തിപ്പുകാരാണ് ഷൗക്കത്തും മൂനീറയും. ഒന്നര മാസം മുമ്പാണ് കാന്റീൻ ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്. ഹാരിസൺ കമ്പനിയിലെ തൊഴിലാളിയുമാണ് ഷൗക്കത്ത്. വ്യാഴാഴ്ച വൈകുന്നരം നാലരയോടെ പച്ചക്കാട് മലയിൽ ഉരുൾപൊട്ടി പുത്തുമലയിലേക്കു കുത്തിയൊലിച്ച കല്ലും മണ്ണു മരക്കഷണങ്ങളും പതിച്ച് കാന്റീൻ തകർന്നു. രക്ഷപെടാനുള്ള വെപ്രാളത്തിൽ മുഹമ്മദ് മിസ്തഹ് മാതാപിതാക്കളുടെ കൈവിട്ടുപോയി. മണ്ണിൽ കുടുങ്ങിയ ഷൗക്കത്തിനെയും മുനീറയെയും പ്രദേശവാസികളാണ് രക്ഷപ്പെടുത്തി രാത്രി എട്ടോടെ അരപ്പറ്റ ഡി.എം വിംസ് ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയോടെ ആശുപത്രിയിൽനിന്നു ഡിസ്ചാർജു വാങ്ങി നെല്ലിമുണ്ടയിലെ എസ്റ്റേറ്റു പാടിയിലെത്തിയാണ് ദമ്പതികൾ ഏക മകന്റെ ചേതനയറ്റ ശശീരം അവസാനമായി ഒരുനോക്കു കണ്ടത്. 15 വർഷം മുമ്പായിരുന്നു ഷൗക്കത്തിന്റെയും മുനീറയുടെയും വിവാഹം.