ബാബരി കേസില്‍ സുന്നി വഖഫ് ബോര്‍ഡ് ആവശ്യം സുപ്രീം കോടതി തള്ളി; അഞ്ച് ദിവസവും വാദം തുടരും

ന്യൂദല്‍ഹി- ബാബരി തര്‍ക്ക ഭൂമി കേസിലെ അന്തിമവാദം തുടര്‍ച്ചയായി ആഴ്ചയില്‍ അഞ്ച് ദിവസവും നടത്തുന്നതിനെതിരെ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ നല്‍കിയ സബ്മിഷന്‍ സുപ്രീം കോടതി തള്ളി.
പതിവിനു വിരുദ്ധമായി വെള്ളിയാഴ്ചയും തിങ്കളാഴ്ചയും കേസില്‍ വാദം കേള്‍ക്കുന്നതിനെയാണ് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഈ ആവശ്യം പരിഗണിക്കാനാവില്ലെന്നും മുമ്പ് തീരുമാനിച്ച പ്രകാരം അന്തിമവാദം നടക്കുമെന്നും അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പുതിയ കേസുകളും പലവകയിനങ്ങളുമാണ് സാധാരണ ഗതിയില്‍ സുപ്രീം കോടതി പരിഗണിക്കാറുള്ളത്. അഞ്ചംഗ ബെഞ്ചും തുടര്‍ച്ചയായി അന്തിമവാദം നടക്കുന്ന പ്രധാന കേസുകളും ഈ ദിവസങ്ങളില്‍ പരിഗണിക്കാറില്ല. വലിയ തോതില്‍ തയാറെടുപ്പുകള്‍ ആവശ്യമുള്ളതായതിനാല്‍ അഞ്ചു ദിവസവും തുടര്‍ച്ചയായി വാദം നടത്തുന്നത് പീഡനമാകുന്നുവെന്ന് രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മുന്‍ ഉത്തരവില്‍നിന്നു പിന്മാറാന്‍ കോടതി തയാറായില്ല. അതേസമയം, ആവശ്യമെങ്കില്‍ ആഴ്ച മധ്യത്തില്‍ ഇടവേള നല്‍കുന്നത് പിന്നീട് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് കോടതി വാദം കേട്ടത്. രാംലല്ല വിരാജ്മാന്‍ വിഭാഗത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരനായിരുന്നു ഇന്നലെ വാദം നടത്തിയത്. കേസില്‍ ചൊവ്വാഴ്ചയും വാദം തുടരും.

 

Latest News