തിരുവനന്തപുരം- സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 22 മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മിക്ക ജില്ലകളിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാസ്ഥാ പ്രവചനമെന്ന് അദ്ദേഹം പറഞ്ഞു.
325 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 22165 പേര്‍ ക്യാമ്പുകളിലെത്തി. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളിലുള്ളത്.
അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ നിന്ന് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
24 സ്ഥലങ്ങളിലാണ് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. മലയോര മേഖലയില്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു സമാനമായ സ്ഥിതിയില്ലെങ്കിലും ജാഗ്രതയില്‍ കുറവുവരുത്താന്‍ പാടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അണക്കെട്ടുകളില്‍ ബാണാസുരസാഗര്‍ തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെരിയാര്‍ കവിഞ്ഞൊഴുകുന്നതിനാല്‍ ആലുവ, കാലടി എന്നിവടങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. വാട്ടര്‍ അതോറിറ്റിയുടെ 52 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടിരിക്കയാണ്. ടാങ്കറുകളില്‍ ശുദ്ധജലം ലഭ്യമാക്കും.
ജില്ലാ ഭരണകൂടങ്ങള്‍ 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ദുരന്ത പ്രതികര ണ സേനയുടെ 13 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. മൂന്ന് കോളം സൈന്യം രംഗത്തുണ്ട്. മദ്രസ് റെജിമെന്റിന്റെ രണ്ട് സംഘം കൂടി ഉടന്‍ എത്തിച്ചേരും. രക്ഷാ പ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണത്തിനും സൈന്യത്തിന്റെ സേവനം അഭ്യര്‍ഥിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ജനങ്ങള്‍ നിര്‍ബന്ധമായും മാറണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രക്ഷാ പ്രവര്‍ത്തനവുമായി എല്ലാവരും സഹകരിക്കണം.