Sorry, you need to enable JavaScript to visit this website.

പ്രളയ ദുരിതം തുടരുന്നു; നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഞായറാഴ്ച വരെ അടച്ചു

തിരുവനന്തപുരം- സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. മലപ്പുറം എടവണ്ണ ഒതായില്‍ വീടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ദമ്പതികളും രണ്ടുമക്കളുമാണ് മരിച്ചത്. കുട്ടശേരി ഉനൈസ്, നുസ്രത്ത്, സന, ശനില്‍ എന്നിവരാണ് മരിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിവരെയാണ്  വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നത്.  വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് ആദ്യം  സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.  മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനങ്ങള്‍ മറ്റു  എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിട്ടു.


വ്യാഴാഴ്ച രാത്രിയും പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു.  കോഴിക്കോട് കുറ്റ്യാടി വളയന്നൂരില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മാക്കൂല്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ മൂന്നുപേരെ കാണാതായി. കണ്ണവം വനത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

ഭാരതപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാലായിലും ഈരാറ്റുപേട്ടയിലും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഉരുള്‍ പൊട്ടലുമുണ്ടായി.
പാലക്കാട് കരിമ്പയില്‍ ഉരുള്‍പൊട്ടല്‍ പട്ടാമ്പിപാലത്തില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം നിരോധിച്ചു. ട്രാക്കില്‍ മരം കടപുഴകി വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയും കോട്ടയം വഴിയും ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മഞ്ഞുമ്മല്‍ താഴ്ന്നപ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് പുലര്‍ച്ചെ കാറുകള്‍ പ്രധാന റോഡിലേക്ക് മാറ്റിയിടുന്നു.

വ്യാഴാഴ്ച രാത്രി ഉരുള്‍പൊട്ടലുണ്ടായ  പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അമ്പതോളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

 

Latest News